
ഐഫോണ്‍ 4എസില്‍ ആപ്പിള്‍ അവതരിപ്പിച്ച ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ സിരിക്ക് ബദലാകാന്‍ ഗൂഗിളിന്റെ 'മേജല്‍' എത്തുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ മേജലിന്റെ ആദ്യ വേര്‍ഷന്‍ അടുത്തവര്‍ഷം ആദ്യംതന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
'ഗൂഗിള്‍ വോയ്‌സ് ആക്ഷന്‍സ്' സങ്കേതത്തിന്റെ സ്വാഭാവിക പരിണാമമായിരിക്കും മേജല്‍ എന്ന്
'ആന്‍ഡ്രോയിഡ് ആന്‍ഡ് മി' എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. മേജല്‍ എന്നത് ഗൂഗിള്‍ തയ്യാറാക്കുന്ന സോഫ്ട്‌വേറിന്റെ കോഡുനാമമാണ്.
ഗൂഗിള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബിന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പ്രോജക്ടാണിതെന്നും,
ഗൂഗിളിന്റെ രഹസ്യലാബായ ഗൂഗിള്‍ എക്‌സിലാണ് ഇതിന്റെ നിര്‍മാണം നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2011 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 4എസിലെ
സിരിയാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പുതിയ താരോദയം. ആ ഒറ്റ ആപ്ലിക്കേഷന്റെ സഹായത്തോടെ ആന്‍ഡ്രോയ്ഡിനെ ആപ്പിള്‍ ബഹുദൂരം പിന്നിലാക്കിയെന്നാണ് വിലയിരുത്തല്‍.
ശബ്ദം അടിസ്ഥാനമാക്കി ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നേരത്തെ പുറത്തിറക്കിയിരുന്നു എങ്കിലും നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ) സഹായത്തോടെ എത്തിയ സിരി അത്തരം ആപ്ലിക്കേഷനെയെല്ലാം നിഷ്്പ്രഭമാക്കിക്കളഞ്ഞു.
സിരിയുടെ ചുവടുപിടിച്ചാണ് മേജലിന് രൂപംനല്‍കുന്നത് എന്നാണ് ലഭ്യമായ വിവരം. പക്ഷേ,
സിരിയെപ്പോലെ തമാശകള്‍ പറയാനും ഫോണ്‍ ഉടമയെ രസിപ്പിക്കാനും മേജലിന് കഴിയില്ല എന്നത് സിരിയും മേജലും തമ്മിലുള്ള പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശബ്ദംകൊണ്ട് ഗെയിമുകള്‍ നിയന്ത്രിക്കുന്ന സാങ്കേതം വികസിപ്പിച്ച 'ഫൊണറ്റിക് ആര്‍ട്‌സ്' എന്ന ബ്രിട്ടീഷ് കമ്പനിയെ 2010 ല്‍ ഗൂഗിള്‍ സ്വന്തമാക്കുകയുണ്ടായി. അതിനുശേഷം ശബ്ദം അടിസ്ഥാനമാക്കി ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പുറത്തിറക്കി.
എന്നാല്‍, നൂറുകണക്കിന് ഗവേഷകരും ഡസണ്‍ കണക്കിന് യൂണിവേഴ്‌സിറ്റി വിഭാഗങ്ങളും ചേര്‍ന്ന് വര്‍ഷങ്ങള്‍കൊണ്ട് യു.എസ്.പ്രതിരോധ വകുപ്പിന് കീഴില്‍ രൂപപ്പെടുത്തിയ നിര്‍മിതബുദ്ധി സങ്കേതമായ സിരിയെ വെല്ലാന്‍ ഗൂഗിളിന്റെ മേജലിന് ആകുമോ എന്നതാണ് പ്രശ്‌നം. അതറിയാന്‍ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.