പേറ്റന്റ് പ്രശ്‌നത്തിന്റെ പേരില്‍ മൈക്രോസോഫ്ട് പോലുള്ള കമ്പനികളുമായി നിയമനടപടികള്‍ തുടരുന്നതിനിടെ, ആയിരത്തിലേറെ ഐബിഎം പേറ്റന്റുകള്‍ ഗൂഗിള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 'മെമ്മറി, മൈക്രോപ്രോസസിങ് ചിപ്പുകള്‍' തുടങ്ങിയവയുമായി ബന്ധപ്പെട്ട പേറ്റന്റുകളും ഗൂഗിള്‍ സ്വന്തമാക്കിയതില്‍ പെടുന്നു.
കമ്പ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ സങ്കേതങ്ങളുമായി ബന്ധപ്പെട്ട പേറ്റന്റുകളുമുണ്ട് ഗൂഗിള്‍ സ്വന്തമാക്കിയവയില്‍. സെര്‍വറുകള്‍, റൂട്ടറുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അവ. ഇത്തരം ഹാര്‍ഡ്‌വേറുകള്‍ ഗൂഗിളിന്റെ പരിഗണനയിലുള്ളവയല്ല. എങ്കിലും, ഗൂഗിളിന്റെ ഭീമമായ ഡേറ്റാകേന്ദ്രങ്ങളുടെ നിലനില്‍പ്പിന് ഇവ ആവശ്യമായി വരും.
ആകെ 1030 പേറ്റന്റുകളാണ് ഐബിഎമ്മില്‍ നിന്ന് ഗൂഗിള്‍ സ്വന്തമാക്കിയതെന്ന്
'സിയോ ബൈ ദി സീ' (SEO By The Sea) എന്ന ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്തു. മറ്റ് പല ടെക് കമ്പനികളെയും പോലെ, ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള പേറ്റന്റുകള്‍ ഓരോ സമയത്തും സ്വന്തമാക്കാറുണ്ടെന്നാണ് ഗൂഗിളിന്റെ പ്രതികരണം. എന്നാല്‍, വിശദാംശങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.
ബൗദ്ധികസ്വത്തവകാശം (IPR) സംബന്ധിച്ച് കൂടുതല്‍ കുടുതല്‍ നിയമനടപടി നേരിടേണ്ടി വരുന്നതാണ് ഇത്തരമൊരു നീക്കത്തിന് ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ പേരില്‍ ഒരേസമയം മൈക്രോസോഫ്ടും ആപ്പിളും നിയമനടപടിയുമായി രംഗത്തുണ്ട്. ഇത്തരം പേറ്റന്റ് യുദ്ധത്തിനെതിരെ മുന്‍കരുതലെന്ന തരത്തില്‍ ഒരു പേറ്റന്റ് ശേഖരം ഗൂഗിള്‍ തയ്യാറാക്കുകയാണെന്ന് കരുതിയാല്‍ തെറ്റില്ല.
നോര്‍ട്ടലിന്റെ (Nortel) പക്കല്‍ നിന്ന് 6000 പേറ്റന്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ഗൂഗിള്‍ ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല. ആപ്പിള്‍, മൈക്രോസോഫ്ട് എന്നിവ ഉള്‍പ്പെട്ട കമ്പനികളുടെ ഗ്രൂപ്പാണ് 450 കോടി ഡോളറിന് ആ പേറ്റന്റുകള്‍ സ്വന്തമാക്കിയത്.