ഓണ്‍ലൈന്‍ ഉപയോഗം സംബന്ധിച്ച് ലോകമെമ്പാടും ഭരണകൂടങ്ങളുടെ ജാഗ്രത കൂടുതല്‍ ശക്തിപ്പെടുന്നതായി ഗൂഗിള്‍. ഈ വര്‍ഷത്തെ ആദ്യ ആറുമാസം മാത്രം ഡേറ്റാവിവരങ്ങള്‍ തേടി 20,939 അഭ്യര്‍ഥനകള്‍ വിവിധ സര്‍ക്കാരുകളില്‍നിന്ന് തങ്ങള്‍ക്ക് ലഭിച്ചതായി ഗൂഗിള്‍ വെളിപ്പെടുത്തി.
ആറുമാസക്കാലത്ത് ഏറ്റവുമധികം ഡേറ്റാവിവരങ്ങള്‍ തേടിയത് അമേരിക്കയും ഇന്ത്യയുമാണ്. യു.എസിന്റെ ഭാഗത്തുനിന്ന് 7969 അഭ്യര്‍ഥനകള്‍ ലഭിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്ന് 2319 അഭ്യര്‍ഥനകള്‍ കിട്ടിയതായി ഗൂഗിളിന്റെ
'ട്രാന്‍സ്പേരന്‍സി റിപ്പോര്‍ട്ട്' (Transparency Report) പറയുന്നു.
ഉള്ളടക്കം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് ഏറ്റവും കൂടുതല്‍ അഭ്യര്‍ഥന ലഭിച്ചത് തുര്‍ക്കിയുടെ പക്കല്‍ നിന്നാണെന്നും ഗൂഗിള്‍ അറിയിച്ചു.
ഉള്ളടക്കവും ഡേറ്റാവിവരങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്, വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും കോടതികളില്‍ നിന്നും ഗൂഗിള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് തുടര്‍ച്ചയായി അപേക്ഷകള്‍ ലഭിക്കാറുണ്ട്.
ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ എത്രത്തോളം ഇടപെടുന്നു എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായി 2009 മുതലാണ് 'ട്രാന്‍സ്പേരന്‍സി റിപ്പോര്‍ട്ട്' പ്രസിദ്ധീകരിക്കാന്‍ ഗൂഗിള്‍ ആരംഭിച്ചത്.
2009 ല്‍ പുറത്തിറക്കിയ ആദ്യ ട്രാന്‍സ്പേരന്‍സി റിപ്പോര്‍ട്ടില്‍ 12,539 അഭ്യര്‍ഥനകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചതായാണ് ഗൂഗിള്‍ പറഞ്ഞത്. ഇപ്പോള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത് 20,939 അഭ്യര്‍ഥനകളുടെ കാര്യവും. ഇതിനര്‍ഥം, ഓണ്‍ലൈന്‍ രംഗത്ത് ഭരണകൂട ജാഗ്രത വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് -
ഗൂഗിള്‍ ബ്ലോഗ് പറയുന്നു.