'ഗൂഗിള്‍ ഗ്ലാസി'ന്റെ പുതിയ വിശേഷങ്ങള്‍

Posted on: 21 Feb 2013




'പ്രതീതിയാഥാര്‍ഥ്യ'ത്തിന്റെ ലോകത്തിന് പകരം, 'സമീപയാഥാര്‍ഥ്യ'ത്തിലേക്ക് ഉപയോക്താക്കളെ നയിക്കാനുദ്ദേശിച്ച് ഗൂഗിള്‍ നടപ്പാക്കുന്ന 'ഗൂഗിള്‍ ഗ്ലാസ്' പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. യുട്യൂബ് വീഡിയോ വഴിയാണ് പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയത്.

കണ്ണടപോലെ തലയില്‍ ധരിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ, ഇന്റര്‍നെറ്റിന്റെ മാസ്മരലോകവുമായി ഇടപഴകാന്‍ ഉപയോക്താവിനെ സമീപിക്കുന്ന ഈ പദ്ധതിയില്‍ 'പോയന്റ് ഓഫ് വ്യൂ' ഇന്റര്‍ഫേസാണ് ഉപയോഗിച്ചിരിക്കുന്നത്.

യൂസറിന്റെ കാഴ്ചാതലത്തില്‍ നിന്നുതന്നെ, ശബ്ദനിര്‍ദേശങ്ങളുടെ സഹായത്തോടെ വീഡിയോകളും നിശ്ചലദൃശ്യങ്ങളും പിടിക്കാം. അവ അപ്‌ലോഡ് ചെയ്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പങ്കുവെയ്ക്കാം. അതൊക്കെ 'ഗൂഗിള്‍ ഗ്ലാസ്' എന്ന സമീപയാഥാര്‍ഥ്യ (augmented reality) സങ്കേതം വഴി എങ്ങനെ സാധ്യമാകുന്നു എന്നാണ് യുട്യൂബ് വീഡിയോയില്‍ കാണിക്കുന്നത്.



കാഴ്ചാതലത്തില്‍ വലതുവശത്ത് മുകള്‍ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന അര്‍ധസുതാര്യ ചതുരമാണ്, വീഡിയോ കോളിങ് നടത്താനും വീഡിയോ പിടിക്കാനും കാലാവസ്ഥാ വിശേഷങ്ങള്‍, ദിശാമാര്‍ഗങ്ങള്‍ തുടങ്ങിയ മനസിലാക്കാനും കാട്ടാനും സഹായിക്കുന്നത്.

മുമ്പ് പുറത്തുവിട്ട വീഡിയോയിലുള്ളതിലും സങ്കീര്‍ണതകള്‍ കുറഞ്ഞ സങ്കേതമാണ് പുതിയ വീഡിയോ കാട്ടിത്തരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഗൂഗിള്‍ ഗ്ലാസ് സംബന്ധിച്ച ആദ്യ വീഡിയോ ഗൂഗിള്‍ പുറത്തുവിട്ടത്.

'ഗൂഗിള്‍ എക്‌സ് ' (Google X) എന്ന രഹസ്യലാബില്‍ രൂപപ്പെട്ട പദ്ധതിയാണ് ഗൂഗിള്‍ ഗ്ലാസ്. കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ ആണ് ഈ സ്വപ്‌നപദ്ധതിക്ക് നേരിട്ട് നേതൃത്വം നല്‍കുന്നത് (ന്യൂയോര്‍ക്ക് സബ്‌വേയില്‍ അടുത്തയിടെ ഗൂഗിള്‍ ഗ്ലാസ് ധരിച്ച് സെര്‍ജി ബ്രിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു).


ഗൂഗിള്‍ ഗ്ലാസ് പദ്ധതി വികസിപ്പിക്കാന്‍ 'സര്‍ഗശേഷിയുള്ള' വ്യക്തികളുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹാഷ്ടാഗും (#ifihadaglass) ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ഡൊമന്‍സ്‌ട്രേഷനില്‍ ഡെവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ ഗ്ലാസിന്റെ ആദ്യരൂപം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. 1500 ഡോളറാണ് വിലയിട്ടിരുന്നത്.

ശരീരത്തില്‍ ധരിക്കാവുന്ന സങ്കേതങ്ങളുടെ ഒരു നിര തന്നെ വിവിധ കമ്പനികള്‍ തയ്യാറാക്കി വരികയാണ്. അവയില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്. മറ്റൊന്ന് ആപ്പിളിന്റെ 'ഐവാച്ച്' (iWatch). 2013 ല്‍ ഇതില്‍ ചിലത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.


TAGS:


Stories in this Section