ഗൂഗിള്‍ ഗ്ലാസില്‍ പരസ്യങ്ങള്‍ അനുവദിക്കില്ലെന്ന്, ആ 'സ്മാര്‍ട്ട് ഗ്ലാസി'ന് വേണ്ടി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നവര്‍ക്ക് നിര്‍ദേശം ലഭിച്ചു. മാത്രമല്ല, ആപ്ലിക്കേഷനുകള്‍ക്ക് കാശ് വാങ്ങാനും കമ്പനികളെ അനുവദിക്കില്ലെന്ന്, ഡെവലപ്പര്‍മാര്‍ക്കായി പ്രസിദ്ധീകരിച്ച വ്യവസ്ഥകളില്‍ പറയുന്നു.
കണ്ണട പോലെ ധരിക്കാവുന്ന കമ്പ്യൂട്ടര്‍ ഉപകരണമാണ്
ഗൂഗിള്‍ ഗ്ലാസ് ( Google glass ). അതില്‍ വലത് കണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി പ്രത്യക്ഷപ്പെടുന്ന സുതാര്യ ചതുരക്കളത്തിലാണ് യൂസര്‍ക്ക് ആവശ്യമായ വിവരങ്ങളും വീഡിയോയും സന്ദേശങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുന്നത്.
ആ സുതാര്യ ചതുരക്കളത്തില്‍ പരസ്യം അനുവദിക്കില്ലെന്ന് ഗൂഗിള്‍ പ്രസിദ്ധീകരിച്ച വ്യവസ്ഥകളില്‍ പറയുന്നു.
ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനായി ഡെവലപ്പര്‍മാര്‍ക്ക് അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുള്ള, ശബ്ദനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഗ്ലാസ് മോഡല്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
ഡെവലപ്പര്‍മാര്‍ക്കുള്ള വ്യവസ്ഥകള്‍ പ്രസിദ്ധീകരിച്ചതിനൊപ്പം, ആ ഉപകരണത്തിന്റെ സവിശേഷതകള്‍ സംബന്ധിച്ച ആദ്യ ഔദ്യോഗിക വിവരങ്ങളും ഗൂഗിള്‍ പുറത്തു വിട്ടു.
ഇയര്‍ഫോണുകളുടെ ആവശ്യം ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുമ്പോള്‍ വരില്ല. പകരം യൂസറുടെ കവിളെല്ല് വഴി ശബ്ദം കാതിനുള്ളിലേക്ക് എത്തിക്കൊള്ളുമെന്ന് ഗൂഗിള്‍ പറയുന്നു. മാത്രമല്ല, ഗ്ലാസിന് ഒരു ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
എട്ടടി അകലെ നിന്ന് 63 സെന്റീമീറ്റര്‍ സ്‌ക്രീനില്‍ നോക്കുന്നതിന് സമാനമായ ഡിസ്‌പ്ലെ ആയിരിക്കും ഗൂഗിള്‍ ഗ്ലാസ് നല്‍കുക. 720പി റിസല്യൂഷനില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യാനും സാധിക്കും.
ഗൂഗിള്‍ ഗ്ലാസിലെ ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് 16 ജിബി ആണ്. ബ്ലൂടൂത്ത് വഴി മറ്റ് മൊബൈലുകളുമായി ബന്ധപ്പെടാന്‍ ഗ്ലാസിനാകും. വൈഫൈ വഴിയും കണക്ടിവിറ്റി ആകാം.
ഇന്നത്തെ നിലയ്ക്ക് വന്‍തോതില്‍ സ്വകാര്യതാ ലംഘനത്തിന് ഗൂഗിള്‍ ഗ്ലാസ് വഴി വെയ്ക്കുമെന്നുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ്, ഗൂഗിള്‍ ഗ്ലാസില്‍ പരസ്യങ്ങള്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവാദം മാത്രമല്ല, മറ്റ് കമ്പനികള്‍ക്ക് പ്രചോദനവുമായിട്ടുണ്ട് ഗൂഗിള്‍ ഗ്ലാസ്. ജപ്പാന്‍ കമ്പനിയായ 'ടെലിപതി' വികസിപ്പിക്കുന്ന 'ടെലിപതി വണ്‍' ( Telepathy one ), വിപണിയില്‍ ഗൂഗിള്‍ ഗ്ലാസിനോട് മത്സരിക്കുന്ന ഉപകരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ചൈനയിലെ സെര്‍ച്ച് ഭീമനായ 'ബയ്ദു' ( Baidu ) വും 'ഗ്ലാസ്' പോലുള്ള ഒരു പദ്ധതിയുമായി മുന്നോട്ട് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.