ഗൂഗിള്‍ ഗ്ലാസ്സ് അത്ഭുതലോകം ഒരുക്കുമ്പോള്‍

Posted on: 26 Mar 2013


-ഉണ്ണികൃഷ്ണന്‍ എസ്



ഇന്നത്തെ ഗാഡ്ജറ്റുകളൊന്നും ജൈവികമായ നമ്മുടെ കഴിവുകളെ ബാധിക്കുന്നവയല്ല. എന്നാല്‍ , ഗൂഗിള്‍ ഗ്ലാസ്സ് പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങള്‍ ഒരു സാമൂഹിക വിപത്ത് പോലും ആയിത്തീരാം


ഗൂഗിള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ ഗൂഗിള്‍ ഗ്ലാസ്സുമണിഞ്ഞ്


അത്ര പരിചയമില്ലാത്ത ഒരു നഗരത്തിലാണ് നിങ്ങള്‍. രാവിലെ കാപ്പി കുടിക്കാനുള്ള സമയമായല്ലോ എന്ന് മനസിലോര്‍ക്കുമ്പോഴേക്ക്, നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റിലേക്കുള്ള വഴി കണ്‍മുമ്പില്‍ തെളിഞ്ഞു.

അത് പിന്തുടര്‍ന്ന് അനായാസം റെസ്റ്റോറന്റിലെത്തുമ്പോള്‍, മുന്‍പരിചയമില്ലാത്ത കടക്കാരന്‍ നിങ്ങളെ നോക്കി പേരു വിളിച്ച് അഭിവാദ്യം അര്‍പ്പിക്കുന്നു. നിങ്ങള്‍ക്കിഷ്ടമുള്ള വിഭവം തന്നെ മതിയോ എന്ന് ഓര്‍ഡറെടുക്കാന്‍ വന്ന അയാള്‍ ചോദിക്കുന്നു. ഭക്ഷണം കഴിഞ്ഞ് നന്ദി പറഞ്ഞ് റെസ്‌റ്റോറന്റില്‍ നിന്നിറങ്ങി യാത്ര തുടരുന്നു.

ഏതെങ്കിലും സ്വപ്നലോകത്തെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഏതാനും വര്‍ഷത്തിനുള്ളില്‍ ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ ഏതാണ്ട് ഇപ്രകാരമായിരികും എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

ഈ വര്‍ഷമവസാനം വിപണിയില്‍ വരുമെന്ന് ഉറപ്പായിരിക്കുന്ന 'ഗൂഗിള്‍ ഗ്ലാസ്സ്' (Google Glass) ആണ് നമ്മുടെ ജീവിതത്തെ നാം അറിയാതെ തന്നെ മാറ്റി മറിക്കാന്‍ പോകുന്നത്. ഒരു സാധാരണ കണ്ണട പോലെ തോന്നിക്കുന്ന ഈ സൂപ്പര്‍കണ്ണട ധരിക്കുന്നതോടെ, ബാഹ്യലോകവുമായുള്ള നമ്മുടെ വ്യവഹാരങ്ങള്‍ മറ്റൊരു തലത്തിലേക്കെത്തും.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നാം പ്രകടിപ്പിക്കുന്ന ഇഷ്ടാനിഷ്ടങ്ങള്‍, സാധനങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലെ രീതികളും പ്രവണതകളും, വിനോദപ്രവര്‍ത്തനങ്ങളിലും ആഹാരരീതികളിലും മറ്റും സൂക്ഷമായി ഒളിഞ്ഞു കിടക്കുന്ന ഇഷ്ടാനിഷ്ടങ്ങള്‍ - ഇങ്ങനെ അമൂര്‍ത്തമായി, വ്യത്യസ്ത തലങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വ്യക്തിനിഷ്ഠമായ വിവരങ്ങള്‍, സ്ഥലകാല മാനങ്ങളുമായി സമര്‍ഥമായി സമന്വയിപ്പിക്കാനുള്ള നീക്കമാണ് ഇതിലൂടെ ഗൂഗിള്‍ നടത്തുന്നത്.


ഇത്തരത്തില്‍, നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ മുതലെടുത്ത്, നമ്മുടെ ജീവിതചര്യ തന്നെ മാറ്റിമറിക്കാന്‍ പാകത്തില്‍ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കി വിപണി കയ്യടക്കാന്‍ ഒട്ടേറെ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ആ രംഗത്ത് വ്യക്തമായ മേല്‍ക്കൈ ആര്‍ക്കും ഇതുവരെ നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഈ മേഖലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗം ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, മുകളില്‍ വിവരിച്ച തരത്തില്‍ ജീവിതവുമായി സ്വാഭാവിക ചേര്‍ന്നു പോകത്തക്ക അനുഭവം പ്രദാനം ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിദ്യകള്‍ക്ക് സാധിച്ചില്ല.

ഉപഭോക്താവുമായി ചേര്‍ന്നു നില്‍ക്കുന്നതും, പ്രവര്‍ത്തിപ്പിക്കാന്‍ കൈകളുടെ പോലും സഹായമില്ലാത്തതുമായ ഒന്നായിരിക്കണം അത്തരം സങ്കേതങ്ങള്‍. അതിന്റെ വെളിച്ചത്തിലാണ് കണ്ണടയെന്ന ആശയത്തിലേക്ക് ഗൂഗിള്‍ എത്തുന്നത്. 'കണ്‍മുമ്പിലെ'ന്ന് ആലങ്കാരികമായി നമ്മള്‍ പറയാറുള്ള സംഗതി ഗൂഗിള്‍ ഗ്ലാസിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമാവുകയാണ്.

നമ്മുടെ വലത് കണ്ണിന് അല്പം മുകളിലായി പ്രൊജക്റ്റ് ചെയ്തു കാട്ടുന്ന വിവരങ്ങള്‍ കാഴ്ചയെ തടസപ്പെടുത്താതെ തന്നെ നമ്മുടെ മുന്നില്‍ തെളിയുന്നു. ഫാഷന്‍ലോകത്ത് ഇപ്പോള്‍തന്നെ അതിന്റേതായ സ്ഥാനമുള്ള ഒന്നാണ് 'ഐ വെയറു' (eye wear) കള്‍. ഐ വെയറായി ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ എളുപ്പം സന്നിവേശിപ്പിക്കുവാന്‍ കഴിയുമെന്ന ഗൂഗിള്‍ന്റെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് പറയാനാകില്ല.

ഉപഭോക്താവിന്റെ വാക്കാലുള്ള നിര്‍ദേശത്താല്‍ വീഡിയോ റിക്കാര്‍ഡിങും, ഫോട്ടോ എടുക്കലും നടത്തുന്നതിന് പുറമേ, നമുക്കെതിരെ കടന്നുവരുന്ന വ്യക്തിയുടെ മുഖം തിരിച്ചറിഞ്ഞ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി അയാളുടെ സകല വിവരങ്ങളും നമ്മുടെ കണ്‍മുന്നിലെത്തിക്കുക തുടങ്ങി അനന്തമായ സാധ്യതകള്‍ ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ട്.

ഗൂഗിള്‍ ഗ്ലാസ്സ് കൂടുതലാളുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ അതിന്റെ യഥാര്‍ഥ സാധ്യതകള്‍ വെളിവാകൂ. എല്ലാവരെയുംകൊണ്ട് ഒരു സുപ്രഭാതത്തില്‍ ഇത്തരം കണ്ണട ധരിപ്പിക്കുക എന്നത് അത്ര പ്രായോഗികമല്ല. ഇത് മനസിലാക്കി, ശക്തമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി കമ്പനികള്‍ ഇരച്ചുകയറും മുമ്പ്, ചില സംഗതികള്‍ പൊതുജന സമക്ഷം സ്വതന്ത്രചര്‍ച്ചയ്ക്കായി വെയ്ക്കുകയാണ് ചില ഗവേഷകര്‍.

'വെയറബിള്‍ കമ്പ്യൂട്ടിങ്' (wearable computing) എന്ന പേര് മാധ്യമശ്രദ്ധ നേടിയത് അടുത്ത കാലത്താണെങ്കിലും, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എം.ഐ.ടി.പ്രൊഫസര്‍ സ്റ്റീവ് മാന്‍ പുതിയ ലക്കം IEEE സ്‌പെക്ട്രം മാസികയില്‍ ചില ആശങ്കകളാണ് മുന്നോട്ടു വെയ്ക്കുന്നത്. 'ആര്‍ക് വെല്‍ഡിങ് ഹെല്‍മറ്റി'ന് (Arc Welding Helmet) രൂപംനല്‍കിയ അദ്ദേഹം, അതിന്റെ രൂപകല്‍പ്പനാ വേളയില്‍ നേരിട്ട സമസ്യകളുടെ അനുഭവ പരിചയത്തില്‍ നിന്നാണ് സംസാരിക്കുന്നത്.

ഗാഡ്ജറ്റുകളുടെ പരിണാമത്തില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഗൂഗിള്‍ ഗ്ലാസ് പോലുള്ള സങ്കേതങ്ങളെന്നും, അതിനാല്‍ അത്തരം സാങ്കേതികവിദ്യകളുടെ വരവിന് സമൂഹം കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും സ്റ്റീവ് മാന്‍ പറയുന്നു.

മെയില്‍ ഫ്രെയിമില്‍ നിന്ന് ഡെസ്‌ക് ടോപ്പിലെക്കും, അവിടെ നിന്ന് മടിയില്‍ ഒതുങ്ങുന്ന ലാപ്‌ടോപ്പിലേക്കും, പിന്നീട് കൈയിലൊതുങ്ങുന്ന ടാബ്‌ലറ്റിലേക്കും സ്മാര്‍ട്ട്‌ഫോണിലേക്കുമൊക്കെ ഗാഡ്ജറ്റുകള്‍ വളരെ വേഗം പരിണമിച്ചു. അതില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ മാറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ ഗാഡ്ജറ്റുകളൊന്നും ജൈവികമായ നമ്മുടെ കഴിവുകളെ ബാധിക്കുന്നവയല്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ്സ് പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങള്‍ ഒരു സാമൂഹിക വിപത്ത് പോലും ആയിത്തീരാം.

ജോര്‍ജ് സ്ട്രാറ്റണ്‍
ഇതെക്കുറിച്ച് മനസിലാക്കാന്‍ ഒരു നൂറ്റാണ്ട് മുമ്പത്തെ ഒരു പരീക്ഷണത്തിലേക്ക് പോകണം. കാണുന്നതെല്ലാം തലകീഴായി പ്രത്യക്ഷപ്പെടുന്ന ഒരു കണ്ണട ജോര്‍ജ് സ്ട്രാറ്റണ്‍ എന്ന മനശാസ്ത്രജ്ഞന്‍ 1890 കളില്‍ നിര്‍മിച്ചു. അത്ഭുതമെന്ന് പറയട്ടെ, ആ കണ്ണട ഉപയോഗിക്കാന്‍ തുടങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കാഴ്ച നേരെയാകാന്‍ തുടങ്ങി!

കണ്ണുകളിലൂടെ ലഭിക്കുന്ന ഓപ്ടിക്കല്‍ വിവരങ്ങളുടെ മേല്‍ മസ്തിഷ്‌ക്കം മറ്റു ചില വിവരങ്ങള്‍ സന്നിവേശിപ്പിക്കുമ്പോഴാണ് കാഴ്ച പൂര്‍ണമാകുന്നത്. നമുക്ക് ഇന്ദ്രീയഗോചരാനുഭവം ഉണ്ടാകാന്‍ പാകത്തില്‍, കണ്ണുകളിലൂട ലഭിക്കുന്ന വിവരങ്ങളെ മാറ്റിമറിക്കാന്‍ മസ്തിഷ്‌ക്കത്തിനുള്ള കഴിവ് അപാരമാണത്രേ. ഇപ്രകാരം മസ്തിഷ്‌ക്കം നടത്തുന്ന 'ക്രമീകരണങ്ങള്‍' ഒരോ വ്യക്തിയെയും എപ്രകാരം ബാധിക്കുമെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യം.

അപ്പോള്‍, സ്ട്രാറ്റന്റെ പരീക്ഷണത്തിന്റെ അന്തസത്ത എന്താണ് ? കാഴ്ചയിലെ എന്തു വ്യതിയാനവും നമുക്ക് പ്രശ്‌നമാകില്ല എന്നാണോ. അല്ല, മറിച്ച്, ഇത്തരം ക്രമീകരണങ്ങള്‍ വരുത്താനുള്ള കഴിവ് മസ്തിഷ്‌ക്കത്തിനുള്ളതിനാല്‍, തുടക്കത്തില്‍ നമ്മുടെ കാഴ്ചയ്ക്ക് കുഴപ്പമൊന്നും തോന്നില്ല. എന്നാല്‍, കൂടുതല്‍ കാലത്തെ ഉപയോഗത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല.

എന്നുവെച്ചാല്‍, ഗൂഗിള്‍ ഗ്ലാസ്സ് പോലുള്ള സങ്കേതങ്ങളുടെ ദീര്‍ഘകാല ഉപയോഗം ചിലപ്പോള്‍ ഗുരുതരമായ വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം. ചലിക്കുന്ന വസ്തുക്കളെ ഒരു കണ്ണുകൊണ്ടു മാത്രം ഒരുപാട് നേരം കണ്ടുകൊണ്ടിരിക്കുന്നത്, നമ്മുടെ തലച്ചോറിന് അധിക ബാധ്യതയുണ്ടാക്കും. അത് നമ്മുടെ വിഷ്വല്‍ സര്‍ക്കീട്ടിനെ (visual circuit) തന്നെ ബാധിക്കാമെന്ന് സ്റ്റീവ് മാന്‍ മുന്നിറിയിപ്പ് നല്‍കുന്നു.

കണ്ണിന് സെന്റീമീറ്ററുകള്‍ മാത്രം അകലെ തെളിയുന്ന വിവരങ്ങള്‍ സ്വാഭാവികമായി നമുക്ക് കാണാന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നത് ഒരു ഫിക്‌സ്ഡ് ഫോക്കല്‍ലെങ്ത് ലെന്‍സിന്റെ സഹായത്താലാണ്. ഇത് ഒരു കണ്ണിന് മുന്നിലാണ് സംഭവിക്കുക.

എന്നുവെച്ചാല്‍, ഇരുകണ്ണുകളും തമ്മില്‍ ദൃശ്യപരമായ അസന്തുലിതാവസ്ഥ ഗൂഗിള്‍ ഗ്ലാസ് സൃഷ്ടിക്കും. ഇത് കണ്ണിനും തലച്ചോറിനും വരുത്താവുന്ന പ്രശ്‌നങ്ങള്‍ ഒരുപക്ഷേ, നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരിക്കും.

സ്റ്റീവ് മാന്‍


ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഇത്തരം സാങ്കേതികവിദ്യകള്‍ വഴിതെളിച്ചേക്കാമെന്ന് സ്റ്റീവ് മാന്‍ പറയുന്നു. ഫെയ്‌സ് റിക്കഗ്നിഷന്‍ പോലുള്ള വിദ്യകളുപയോഗിച്ച്, നമ്മുടെ അനുവാദമില്ലാതെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതും, മറ്റുള്ളവരുടെ അനുവാദമില്ലാതെ വീഡിയോ റിക്കോര്‍ഡ് ചെയ്യുനന്നതുമൊക്കെ ഒട്ടേറെ സ്വകാര്യതാ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും.

മേല്‍പ്പറഞ്ഞ പോരായ്മകള്‍ പരിഹരിക്കാനുള്ള പല സാങ്കേതികവിദ്യകളും ഉണ്ട്. എങ്കിലും, സാധാരണക്കാരെ ആകര്‍ഷിക്കുന്ന വിലയ്ക്ക് ആ വിദ്യകളെല്ലാം സന്നിവേശിപ്പിക്കുക എന്നത് തികച്ചും ശ്രമകരമായ ഒന്നാണ്. അതിനാല്‍, ലാഭമെന്ന ലക്ഷ്യം മാത്രം കമ്പനികള്‍ മുന്നില്‍ കാണുമ്പോള്‍ സാമൂഹിക നന്മ വിസ്മരിച്ചു പോകാന്‍ ഇടയുണ്ടെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

ഗൂഗിളിന്റെ ഒരു സങ്കേതത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിച്ചത് എന്നതിനാല്‍, ഇത് ഗൂഗിളിനെതിരെയുള്ള ഒരു പടയൊരുക്കമായി കാണരുത്. മറിച്ച്, സമീപഭാവിയില്‍ ഈ തരത്തിലുള്ള ഉപകരണങ്ങളുമായി വലുതും ചെറുതമായ ഒട്ടേറെ കമ്പനികള്‍ രംഗപ്രവേശം ചെയ്യുമെന്നത് ഉറപ്പാണ്.

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി അതതു സര്‍ക്കാരുകള്‍ ഇവയൊക്കെ നിയന്ത്രിക്കും എന്ന് കരുതുകയും വയ്യ. ഈ അവസരത്തില്‍ സാധാരണക്കരാരായ നാം തള്ളേണ്ടതിനെ തള്ളുകയും കൊള്ളേണ്ടതിനെ കൊള്ളുകയും ചെയ്യുകയാണ് വേണ്ടത്.

ലേഖകന്റെ ഈമെയില്‍ : unnii21@gmail.com
TAGS:
google glass  |  google  |  innovation  |  future tech  |  steve mann  |  augmented reality 


Stories in this Section