ഡാര്‍വിന്റെ കാലടികള്‍ പിന്തുടര്‍ന്ന് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഗാലപഗോസ് ദ്വീപില്‍

Posted on: 24 May 2013




പത്തൊന്‍പതാം നൂറ്റാണ്ടില്‍ പരിണാമസിദ്ധാന്തത്തിന് രൂപംനല്‍കാന്‍ ചാള്‍സ് ഡാര്‍വിനെ ഏറെ സഹായിച്ച പ്രദേശമാണ് ഗാലപഗോസ് ദ്വീപുകള്‍. ഇക്വഡോറിന്റെ ഭാഗമായ ആ പ്രദേശത്ത് ഡാര്‍വിന്റെ കാലടികള്‍ പിന്തുടര്‍ന്ന് ഗൂഗിള്‍ എത്തിയിരിക്കുന്നു. ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായുള്ള സ്ട്രീറ്റ് വ്യൂവില്‍ ആ ദ്വീപുകളും, അവിടുത്ത അപൂര്‍വ ജീവലോകവും സ്ഥാനംപിടിക്കുകയാണ്.

360 ഡിഗ്രിയില്‍ തിരിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകള്‍ പുറത്ത് തൂക്കി ഗൂഗിള്‍ സംഘം ഗാലപഗോസിലെ കാടുകളും കുന്നുകളും, എന്തിന് സജീവമായ ഒരു അഗ്നിപര്‍വ്വതം പോലും കയറിയിറങ്ങി. ബോട്ടുകളിലും കുതിരപ്പുറത്തുമൊക്കെ സഞ്ചരിച്ചു ഷൂട്ടിങ് പൂര്‍ത്തിയാക്കി.

തെക്കെയമേരിക്കയിലെ ആമസോണ്‍ കാടുകളും, ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫും സ്ട്രീറ്റ് വ്യൂവിന്റെ ഭാഗമാകുന്നത് പോലെ, ഗാലപഗോസ് ദ്വീപുകളും ഇനി സ്ട്രീറ്റ് വ്യൂവിന്റെ ഭാഗമാകും. ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ആ അപൂര്‍വ പ്രവദേശത്തിന്റെ ഭംഗിയും പ്രാധാന്യവും അവിടെ പോകാതെ തന്നെ കാണാന്‍ ഗൂഗിളിന്റെ പദ്ധതി വഴിയൊരുക്കുന്നു.


റാലീഫ് സീംസ്റ്ററുടെ നേതൃത്വത്തിലുള്ള ഗൂഗിള്‍ മാപ്‌സ് പ്രോജക്ട് സംഘമാണ് ഗാലപഗോസ് ദ്വീപുകളെ സ്ട്രീറ്റ് വ്യൂവിനായി ക്യാമറയില്‍ പകര്‍ത്തിയത്. ചാള്‍സ് ഡാര്‍വിന്‍ ഫൗണ്ടേഷന്‍ (സി.ഡി.എഫ്), ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് ഡയറക്ടറേറ്റ്, കാറ്റ്‌ലിന്‍ സീവ്യൂ സര്‍വ്വെ എന്നിവയുടെ സഹകരണത്തോടെ ഗൂഗിള്‍സംഘം പത്തുദിവസം ആ പ്രദേശത്ത് ചെലവിട്ടു.

ഗാലപഗോസ് ദ്വീപുകളിലെ ലോലമായ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയായിരിക്കുന്നത് അവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണക്കൂടുതലാണ്. എന്നാല്‍ ആളുകള്‍ക്ക് ഓണ്‍ലൈനില്‍ വെര്‍ച്വലായി ആ സ്ഥലം കാണാനും നിരീക്ഷിക്കാനും കഴിയുമെങ്കില്‍ സന്ദര്‍ശകരുടെ വരവ് ചിലപ്പോള്‍ കുറഞ്ഞേക്കും. ഇക്കാര്യം മുന്‍നിര്‍ത്തി ചാള്‍സ് ഡാര്‍വിന്‍ ഫൗണ്ടേഷനാണ് ഗൂഗിളിനെ ഗാലപഗോസിലേക്ക് ക്ഷണിച്ചത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗാലപഗോസ് ദ്വീപുകളുടെ ആവാസവ്യവസ്ഥയുടെ പ്രധാന്യം ആളുകളെ ബോധ്യപ്പെടുത്താനുള്ള മികച്ച അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നതെന്ന്, സി.ഡി.എഫ്. റിസര്‍ച്ച് മേധാവി ദാനിയല്‍ ഒരില്ലാന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


ഗാലപഗോസ് ദ്വീപുകളിലെ ഉള്‍ക്കടലുകളുടെയും തീരപ്രദേശങ്ങളുടെയും ഉന്നത ഡെഫിനിഷന്‍ പനോരമിക് ദൃശ്യങ്ങള്‍ നല്‍കി സഹായിക്കുകയാണ് ഈ പദ്ധതിയില്‍ കാറ്റ്‌ലിന്‍ സീവ്യൂ സര്‍വ്വെ ചെയ്തത്.

ഗാലപഗേസ് ദ്വീപുകളിലെ ഭൂപ്രദേശങ്ങള്‍ മാത്രമല്ല, ജീവജാലങ്ങളെയും വളരെ അടുത്ത് ക്യാമറയില്‍ പകര്‍ത്താന്‍ ഗൂഗിള്‍ സംഘത്തിനായി. ഇക്വഡോറില്‍ നിന്നുള്ള സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങളുടെ ആദ്യശേഖരമാണിതെന്ന് ഗൂഗിള്‍ അറിയിച്ചു.


Stories in this Section