'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന രീതിയില്‍ എന്തും ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റു ചെയ്യാമെന്ന സ്ഥിതി ഇന്ത്യയില്‍ അവസാനിക്കാന്‍ പോകുന്നു. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്.
ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളോടും ഇന്റര്‍നെറ്റ് കമ്പനികളോടും രാജ്യത്തുനിന്ന് പോസ്റ്റുചെയ്യപ്പെടുന്ന ഉള്ളടക്കം മുന്‍കൂര്‍ പരിശോധിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതുവഴി അനുചിതമായ കാര്യങ്ങള്‍ ഓണ്‍ലൈനിലെത്തുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം.
മറ്റുള്ളവരെ ഇകഴ്ത്തുന്നതും തീവ്രവികാരമുണര്‍ത്തുന്നതും അപകീര്‍ത്തികരവുമായ സംഗതികള്‍ ഓണ്‍ലൈനില്‍ എത്താതെ തടയുക എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്ന്, ഐടി മേഖലയിലെ മൂന്ന് എക്‌സിക്യുട്ടീവുകളെ ഉദ്ധരിച്ചുകൊണ്ട് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
ഗൂഗിള്‍, മൈക്രോസോഫ്ട്, യാഹൂ, ഫെയ്‌സ്ബുക്ക് എന്നിവയുടെ ഇന്ത്യന്‍ യൂണിറ്റ് മേധാവികള്‍, ഇതു സംബന്ധിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി കപില്‍ സിബലുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഏതാണ്ട് ആറാഴ്ച മുമ്പ് പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും ഫെയ്‌സ്ബുക്കിന്റെയും നിയമ ഉപദേഷ്ടാക്കളെ തന്റെ ഓഫീസിലേക്ക് കപില്‍ സിബല്‍ വിളിച്ചു വരുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജ് അവരെ കാട്ടിയിട്ട്, ഇത്തരം സംഗതികള്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. സൈറ്റുകളില്‍ പോസ്റ്റു ചെയ്യപ്പെടുന്നത് സ്‌ക്രീന്‍ ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന കാര്യം പരിശോധിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെടുകയും ചെയ്തു.
നവംബര്‍ അവസാനം നിയമ ഉപദേഷ്ടാക്കളുമായി മന്ത്രി വീണ്ടും കൂടിക്കാഴ്ച നടത്തി. പോസ്റ്റുചെയ്യപ്പെടുന്ന ഉള്ളടക്കം പരിശോധിക്കാനും അപകീര്‍ത്തികരമായവ ഒഴിവാക്കാനും സാങ്കേതികവിദ്യയ്ക്ക് പകരം ആളുകളെ നിയോഗിക്കുക എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം. ആളുകളെ വെച്ച് ഉള്ളടക്കം പരിശോധിക്കാന്‍ ഈ കമ്പനികള്‍ നടപടിയെടുക്കുമെന്ന് മന്ത്രി കരുതുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, ഇന്ത്യയില്‍ നിന്ന് ദിവസവും വന്‍തോതിലുള്ള പോസ്റ്റിങാണ് ഓണ്‍ലൈനിലുണ്ടാകുന്നത്. അതുമുഴുവന്‍ ആരെങ്കിലും മുന്‍കൂര്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുകയെന്നത് അപ്രായോഗികമാണെന്ന്, കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ തിങ്കളാഴ്ചത്തെ മീറ്റിങ്ങില്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന.
ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നാണ് ഒരു ഗൂഗിള്‍ വക്താവ് അറിയിച്ചു. ഇന്ത്യയില്‍ തങ്ങള്‍ക്ക് 250 ലക്ഷം യൂസര്‍മാരുണ്ടെന്ന് ഈ വര്‍ഷമാദ്യം ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. ഗൂഗിളിന് പത്തുകോടി ഇന്റര്‍നെറ്റ് യൂസര്‍മാരാണ് ഇന്ത്യയിലുള്ളത്.
ഇലക്ട്രോണിക് വിവരവിനിമയം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോഴത്തെ നീക്കം. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞ ഏപ്രിലില്‍ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബ്ലാക്ക്‌ബെറി ഫോണുകളിലെ സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ബ്ലാക്ക്‌ബെറിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
വെബ്ബില്‍ പോസ്റ്റു ചെയ്യപ്പെടുന്ന ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഗുല്‍ഷാന്‍ റായിക്കായിരിക്കും, ആ സംവിധാനം വഴി ലഭിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. മുംബൈ പോലുള്ള നഗരങ്ങളില്‍ ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ ഇപ്പോള്‍ തന്നെ പ്രത്യേക യൂണിറ്റുകള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്.
2011 ജനവരി-ജൂണ്‍ കാലയളവില്‍ ഉള്ളടക്കം നീക്കംചെയ്യാനുള്ള 70 അഭ്യര്‍ഥനകള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗൂഗിളിന് ലഭിച്ചു. 92 അഭ്യര്‍ഥനകള്‍ ഉണ്ടായ അമേരിക്ക, 224 നിര്‍ദേശങ്ങള്‍ നല്‍കിയ ബ്രസീല്‍ എന്നിങ്ങനെ ചുരുക്കം ചില രാജ്യങ്ങളേ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളൂവെന്ന് ഗൂഗിളിന്റെ ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
2011 ഡിസംബര്‍ 6 ന് കൂട്ടിച്ചേര്‍ത്തത് -