സാഹിത്യരംഗത്ത് ഇരുപതാംനൂറ്റാണ്ട് ജന്മം നല്‍കിയ അതികായന്‍മാരിലൊരാളായ അര്‍ജന്റീനന്‍ എഴുത്തുകാരന്‍ ഹൊര്‍ഗെ ലൂയി ബൊര്‍ഹസിന്റെ 112 -ാം ജന്മദിനം ഗൂഗിള്‍ ആഘോഷിക്കുന്നു. ഒരു ജന്മദിന ഡൂഡില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഈ അവസരം ഗൂഗിള്‍ അവിസ്മരണീയമാക്കിയത്.
ബൊര്‍ഹസിന്റെ സാഹിത്യലോകത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിലൊരു സറീയലിസ്റ്റിക് ദൃശ്യത്തില്‍, പ്രായമായ ഒരാളെ ചിത്രീകരിച്ചിരിക്കുന്ന ഡൂഡിലാണ് ഗൂഗിളിന്റേത്.
ആധുനിക സാഹത്യമണ്ഡലത്തെയാകെ സ്വാധീനിച്ച ബൊര്‍ഹസിന്റെ ജന്മദിനമാണ് ആഗസ്ത് 24. 'ഹോര്‍ഗെ ലൂയി ബൊര്‍ഹസിന് 112-ാം ജന്മദിനാശംസകള്‍' എന്ന് ഗൂഗിളിന്റെ ട്വീറ്റില്‍ പറയുന്നു. 'പറുദീസയെ ഒരു തരത്തിലൊരു ഗ്രന്ഥശാലയായിട്ടാണ് ഞാനെന്നും സങ്കല്‍പ്പിച്ചിട്ടുള്ളത്' എന്ന ബൊര്‍ഹസിന്റെ പ്രസിദ്ധമായ ഉദ്ധരണിയും ഗൂഗിളിന്റെ ട്വീറ്റില്‍ കാണാം.
കവിയും കഥാകാരനുമൊക്കെയായ ബൊര്‍ഹസിന്റെ ഏറ്റവും പ്രസിദ്ധമായ രചനകളിലൊന്നാണ്
'ദി ഗാര്‍ഡന്‍ ഓഫ് ഫോര്‍ക്കിങ് പാത്ത്‌സ്' (The Garden of Forking Paths). 1941 ല്‍ പ്രസിദ്ധീകരിച്ച ആ കഥയില്‍ അവതരിപ്പിച്ചിട്ടുള്ളതിന് സമാനമായ ഒരു സംഗതിയാണ്, പില്‍ക്കാലത്ത് ഇന്റര്‍നെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയായി പരിണമിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്.
ആ ചെറുകഥയില്‍ വിഭാവനം ചെയ്തിരിക്കുന്ന കഥാതന്തു, അനന്തമായ ഊടുവഴികളും ഭാവികളുമുള്ള ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഹൈപ്പര്‍ടെക്സ്റ്റും വേള്‍ഡ് വൈഡ് വെബ്ബും കമ്പ്യൂട്ടര്‍ ഗെയിമുകളുടെ വ്യത്യസ്്ത ഘടനകളുമുള്ള ഇന്‍ഫര്‍മേഷന്‍ യുഗത്തെയാണ് അത് പ്രതിധ്വനിപ്പിക്കുന്നതെന്ന്, ബൊര്‍ഗസിന്റെ സംഭാവനകളെപ്പറ്റിയുള്ള
d/Lux/MediaArts എന്ന ആര്‍ട്ട് എക്‌സിബിഷന്റെ സൈറ്റില്‍ പറയുന്നു.
കമ്പ്യൂട്ടര്‍ ഗെയിമുകളോ ഇന്റര്‍നെറ്റോ രംഗത്തെത്തും മുമ്പാണ് ബൊര്‍ഹസ് തന്റെ കഥ രചിച്ചതെന്ന് ഓര്‍ക്കുക. 1899 ല്‍ ജനിച്ച ബൊര്‍ഹസ്, ഏറെക്കാലം സ്വിറ്റ്‌സ്വര്‍ലന്‍ഡിലും സ്‌പെയിനിലും കുടുംബത്തോടൊപ്പം യാത്ര ചെയ്ത വ്യക്തിയാണ്. 1920 ലാണ് അദ്ദേഹത്തിന്റെ കുടുംബം അര്‍ജന്റീനയില്‍ തിരിച്ചെത്തിയത്. സറീയലിസ്റ്റിക് കവിതകളായിരുന്നു ആദ്യകാലത്ത് അദ്ദേഹത്തിന്റെ രചനകളില്‍ ഏറെയും. 1923 ല്‍ 'ഫെര്‍വോര്‍ ഡി ബ്യൂണസ് അയേഴ്‌സ്' (Fervor de Buenos Aires) എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.
ബ്യൂണസ് അയേഴ്‌സില്‍ അദ്ദേഹം ഒന്‍പത് 'അസന്തുഷ്ട'വര്‍ഷങ്ങള്‍ ഒരു ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. 1938 ല്‍ തന്റെ പിതാവിന്റെ മരണത്തിന് ശേഷം, ശിരസിനേറ്റ പരിക്കും രക്തത്തിലെ വിഷബാധയും ബൊര്‍ഹസിനെ മരണത്തിന്റെ വക്കിലെത്തിച്ചു. ആ പരിക്കാണ് അദ്ദേഹത്തിന്റെ സര്‍ഗാത്മകതയെ ആളിക്കത്തിച്ചതെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികള്‍ മുഴുവന്‍ അതിന് ശേഷമാണ് പുറത്തു വന്നത്.
ആ പരിക്കിന് ശേഷം അദ്ദേഹത്തിന് കാഴ്ച നഷ്ടമാകാന്‍ തുടങ്ങി. 1950 കളോടെ അദ്ദേഹം ഏതാണ്ട് പൂര്‍ണമായും അന്ധനായി. എന്നാല്‍, അത് വകവെയ്ക്കാതെ തന്റെ സര്‍ഗസൃഷ്ടി അദ്ദേഹം തുടര്‍ന്നു. 1986 ല്‍ ജനീവയില്‍ വെച്ചാണ് ബൊര്‍ഹസ് അന്തരിച്ചത്.