
ഗൂഗിള്‍ ഡോക്‌സിനും ഗൂഗിള്‍ ആപ്പ്‌സിനും ഏറെക്കാലമായുണ്ടായിരുന്ന ഒരു പോരായ്മ അത് ഓണ്‍ലൈനിലേ ലഭ്യമാകൂ എന്നതാണ്. ആ പോരായ്മ ഗൂഗിള്‍ പരിഹരിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ട് ചെയ്തിരിക്കുമ്പോള്‍ മാത്രമല്ല, ഓഫ്‌ലൈനിലും ഇവ ഉപയോഗിക്കാനാവുന്ന തരത്തില്‍ താമസിയാതെ ഗൂഗിള്‍ ഡോക്‌സും ഗൂഗിള്‍ ആപ്‌സും ലഭ്യമാകും. ഗൂഗിള്‍ ക്രോം സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിച്ചയ് ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഗൂഗിളിനുള്ളില്‍ ഉപയോഗിക്കപ്പടുന്ന ഈ സംവിധാനം കഴിഞ്ഞ വര്‍ഷമാണ് ആസൂത്രണം ചെയ്യപ്പട്ടത്.
ഗൂഗിള്‍ ഡോക്‌സിന്റെ പ്രധാന പോരായ്മകളിലൊന്നാണ് ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കാനാകാത്തത്. ഡോക്‌സ് ഓഫ്‌ലൈനിലാക്കാന്‍ 2008 ല്‍ ഒരു ശ്രമം ഗൂഗിള്‍ നടത്തിയിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവാണ് ഇക്കാര്യത്തില്‍ ഗൂഗിളിന് പുതിയ പ്രതീക്ഷ നല്‍കുന്നത്.
എയ്‌സറിന്റെയും സാംസങിന്റെയും
ക്രോംബുക്കുകള്‍ ഉടന്‍ പുറത്തിറങ്ങുകയാണ്. അതോടെ ബ്രൗസര്‍ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിന് ലോകം വഴിമാറുമെന്ന് ഗൂഗിള്‍ വിശ്വസിക്കുന്നു. ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങളും മറ്റും വെബ് ഫോമിലാക്കുന്നതിന് പ്രയാസമില്ല. അതുകൊണ്ടുതന്നെ ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുകയെന്നതും അധികം പ്രയാസമുള്ള കാര്യമല്ല. എങ്കിലും ഒരു സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കപ്പുറം ക്രോംബുക്കിന്റെ സൗകര്യങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെങ്കില്‍ അതിന് മറ്റുചില സൗകര്യങ്ങള്‍കുടി വേണ്ടിവരും.
ആപ്പ് കാഷെ, ഇന്‍ഡക്‌സ്ഡ് ഡി ബി തുടങ്ങിയ ഇന്റര്‍ഫേസുകള്‍ ബ്രൗസറുകളില്‍ ലഭ്യമാകുന്നതോടെ ഓഫ്‌ലൈന്‍ വെബ് ആപ്ലിക്കേഷനുകള്‍ എളുപ്പമായിരിക്കുമെന്നു തന്നെയാണ് ഗൂഗിള്‍ ഉറപ്പുപറയുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ഇന്റര്‍ഫേസുകളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നത് സാധാരണക്കാരന് അത്ര എളുപ്പമാകില്ല.
ഗൂഗിള്‍ സാങ്കേതമായ 'ഗിയറി'ലൂടെ ഗൂഗിള്‍ ഡോക്‌സിന് പരിമിതമായ അളവില്‍ ഓഫ്‌ലൈന്‍ പിന്തുണയുണ്ടായിരുന്നു. ഓപ്പണ്‍ വെബ്സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുകൂലമായി പിന്നീട് ഗിയര്‍ എന്നത് ഉപേക്ഷിക്കുകയായിരുന്നു. ഗിയറിലുണ്ടായിരുന്ന ഓഫ്‌ലൈന്‍ സംഭരണ സംവിധാനമെന്നത് എസ് ക്യു എല്‍ ഡാറ്റാബേസ് ഇന്റര്‍ഫേസിലുള്ളതായിരുന്നു. ഇതാകട്ടെ, വെബ് എസ് ക്യു എല്‍ ഡാറ്റാബേസ് സ്റ്റാന്‍ഡേഡുമായി ബന്ധപ്പെട്ടുകിടക്കുന്നതുമായിരുന്നു. ഈ രീതിയെ മോസിലയും മൈക്രോസോഫ്റ്റും അംഗീകരിക്കാതെ വന്നപ്പോള്‍ താളംതെറ്റി.
എന്നാല്‍, ഓഫ്‌ലൈനില്‍ ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുക എന്നത് ഗൂഗിളിന്റെ അംഗീകൃത നിലപാടിന് എതിരാണ്. എങ്ങും വൈഫൈ ആകണമെന്നും ഏവരും എപ്പോഴും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കണമെന്നുമൊക്കെയാണ് ഗൂഗിളിന്റെ ആഗ്രഹം. ഇതിന് വിരുദ്ധമായാണ് ഓഫ്‌ലൈന്‍ ഗൂഗിള്‍ ഡോക്‌സ് സവിശേഷതകളെക്കുറിച്ച് സുന്ദര്‍ പിച്ചായ് ഓര്‍മിപ്പിക്കുന്നത്. കാര്യങ്ങള്‍ എങ്ങനെയായാലും എപ്പോഴും 'കണക്ടഡ്' അല്ലാത്ത നമ്മളില്‍ ഭൂരിഭാഗത്തിനും ഇത് തുണയാകും, തീര്‍ച്ച.