മരണാനന്തര ഡിജിറ്റല്‍ ജീവിതത്തിന് വഴിയൊരുക്കി ഗൂഗിള്‍

Posted on: 12 Apr 2013


-സ്വന്തം ലേഖകന്‍




ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ഥ്യമാണെങ്കിലും, അധികമാരും മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇഷ്ടപ്പെടാറില്ല. നമുക്കെന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്തു പറ്റും. ഫെയ്‌സ്ബുക്ക്, ജീമെയില്‍, പിക്കാസ, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍.....ഇങ്ങനെയുള്ള അക്കൗണ്ടുകളുടെ വിധി എന്താകും. ഇത്തരം അക്കൗണ്ടുകളില്‍ നമ്മള്‍ സൂക്ഷിച്ചിട്ടുള്ള ഡേറ്റ എന്തുചെയ്യണം?

ഇക്കാര്യം ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് ഗൂഗിള്‍. നമുക്ക് എന്തെങ്കിലും പറ്റുകയോ, നമ്മുടെ ഗൂഗിള്‍ അക്കൗണ്ടുകള്‍ നോക്കാന്‍ പറ്റാതെ വരികയോ, അത്തരം സര്‍വീസുകളില്‍ നിന്ന് പിന്‍മാറുകയോ ചെയ്താല്‍, ഓണ്‍ലൈനില്‍ നമ്മള്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ക്ക് എന്തു സംഭവിക്കണമെന്ന് നമുക്ക് തന്നെ നിശ്ചയിക്കാന്‍ ഗൂഗിള്‍ അവസരം നല്‍കുന്നു.

'ഇനാക്ടീവ് അക്കൗണ്ട് മാനേജര്‍'
( Inactive Account Manager ) എന്ന പുതിയൊരു ഫീച്ചറാണ്, ഗൂഗിള്‍ അതിന്റെ അക്കൗണ്ടുകളില്‍ ഇതിനായി അവതരിപ്പിക്കുന്നത്. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ സര്‍വീസുകളിലെ ഡേറ്റ നീക്കംചെയ്യാന്‍ യൂസര്‍ക്ക് മുന്‍കൂട്ടി നിശ്ചിക്കാന്‍ ഇത് അവസരം നല്‍കുന്നു. അതല്ലെങ്കില്‍, നിശ്ചിതസമയത്തിന് ശേഷം അക്കൗണ്ട് മറ്റാര്‍ക്കെങ്കിലും കൈമാറാന്‍ മുന്‍കൂട്ടി തീരുമാനിക്കാം.


ജീമെയില്‍, ഗൂഗിള്‍ പ്ലസ്, യുട്യൂബ്, പിക്കാസ, ബ്ലോഗര്‍ തുടങ്ങിയ ഗൂഗിള്‍ സര്‍വീസുകളുടെ കാര്യത്തിലെല്ലാം പുതിയ ഫീച്ചര്‍ നടപ്പിലാക്കാം. 'മരണാനന്തര ഡിജിറ്റല്‍ ജീവിതം, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിച്ചുകൊണ്ട് ആസൂത്രണം ചെയ്യാന്‍ ഈ പുതിയ ഫീച്ചര്‍ നിങ്ങളെ പ്രാപ്തരാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' - ഗൂഗിള്‍ അതിന്റെ പബ്ലിക് പോളിസി ബ്ലോഗില്‍ പറഞ്ഞു. 'നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍, നിങ്ങളെ സ്‌നേഹിക്കുന്നവരുടെ ജീവിതം കൂടുതല്‍ അനായാസമാക്കാന്‍ ഇത് അവസരമൊരുക്കുന്നു''.

ഗൂഗിള്‍ അക്കൗണ്ടില്‍ ഏറ്റവുമൊടുവില്‍ ലോഗിന്‍ ചെയ്തശേഷം മൂന്നു മാസത്തേക്കോ, ആറു മാസത്തേക്കോ, 12 മാസത്തേക്കോ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍, ഗൂഗിള്‍ സര്‍വീസുകളിലെ ഡേറ്റ മായ്ച്ചുകളയാനുള്ള ഓപ്ഷന്‍ യൂസര്‍ക്ക് തിരഞ്ഞെടുക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതോടൊപ്പം, ഗൂഗിള്‍ സര്‍വീസുകളില്‍ നിന്ന് ചില കോണ്‍ടാക്ടുകളിലേക്ക് ഡേറ്റാ അയച്ചുകൊടുക്കാനുള്ള ഓപ്ഷനുമുണ്ട്.

എന്നാല്‍, ഇത്തരം ഏതെങ്കിലും നടപടി സ്വീകരിക്കും മുമ്പ് യൂസര്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്കോ, സെക്കന്‍ഡറി ഈമെയിലിലേക്കോ ഗൂഗിള്‍ അലെര്‍ട്ട് അയയ്ക്കും.

യൂസര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അക്കൗണ്ട് എന്തുചെയ്യണം എന്ന പ്രശ്‌നം അഭിസംബോധന ചെയ്യാന്‍ പല ടെക് കമ്പനികളും ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഫെയ്‌സ്ബുക്ക് അതിലെ അക്കൗണ്ട് ഒരു 'സ്മരണിക'യായി നിലനിര്‍ത്താന്‍ യൂസര്‍മാരെ അനുവദിക്കുന്നു. ഈ പ്രശ്‌നത്തെ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്ന ആദ്യ കമ്പനിയാണ് ഗൂഗിള്‍.
TAGS:
google  |  data use after death  |  gmail  |  goole plus  |  youtube  |  picasa  |  blogger  |  inactive account manager 


Stories in this Section