ഉള്ളടക്കം നീക്കംചെയ്യല്‍ : ആറുമാസത്തിനിടെ ഗൂഗിളിന് ലഭിച്ചത് 1000 അപേക്ഷകള്‍

Posted on: 18 Jun 2012


-സ്വന്തം ലേഖകന്‍



2011 ജൂലായ്-ഡിസംബര്‍ കാലയളവില്‍ യൂസര്‍/അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് 2207 അഭ്യര്‍ഥനകള്‍ ഇന്ത്യന്‍ അധികാരികളില്‍നിന്ന് ലഭിച്ചു. അതില്‍ 66 ശതമാനത്തിന് ഗൂഗിള്‍ വഴങ്ങി



യൂട്യൂബ് വീഡിയോ, സെര്‍ച്ച്ഫലങ്ങള്‍ എന്നിങ്ങനെയുള്ള ഉള്ളടക്കം നീക്കംചെയ്യാന്‍ അധികൃതരില്‍ നിന്ന് ആറുമാസത്തിനിടെ തങ്ങള്‍ക്ക് ലഭിച്ചത് ആയിരത്തിലേറെ അഭ്യര്‍ഥനകളാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തി. അപകടകരമായ ഒരു പ്രവണതയാണിതെന്ന് കമ്പനിയുടെ 'ഗ്ലോബല്‍ ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട്' പറയുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകള്‍ യുട്യൂബില്‍ നിന്ന് നീക്കംചെയ്യാന്‍ കമ്പനി തയ്യാറായി.

2011 ന്റെ രണ്ടാംപകുതിയിലാണ് ഇത്രയും അപേക്ഷകള്‍ വിവിധ രാജ്യങ്ങളിലെ അധികൃതരില്‍നിന്ന് ലഭിച്ചതെന്ന് ഗൂഗിള്‍ പറയുന്നു. ഏതാണ്ട് 12,000 ഐറ്റങ്ങള്‍ നീക്കംചെയ്യാനാണ് അഭ്യര്‍ഥനയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യപകുതിയെ അപേക്ഷിച്ച് അപേക്ഷകളുടെ എണ്ണത്തില്‍ നാലിലൊന്ന് വര്‍ധനയാണ് രണ്ടാംപകുതിയിലുണ്ടായതെന്നും ഗൂഗിള്‍ വെളിപ്പെടുത്തുന്നു.

അതേസമയം, ഇതെ കാലയളവില്‍ യൂസര്‍/അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് 2207 അഭ്യര്‍ഥനകള്‍ ഇന്ത്യന്‍ അധികാരികളില്‍നിന്ന് ലഭിച്ചതായും ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതില്‍ 66 ശതമാനം അഭ്യര്‍ഥനകള്‍ക്ക് തങ്ങള്‍ വഴങ്ങിയതായും ഗൂഗിള്‍ വെളിപ്പെടുത്തുന്നു.

2010 ലാണ് ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട് പുറത്തിറക്കുന്ന നടപടി ഗൂഗിള്‍ ആരംഭിച്ചത്. രാഷ്ട്രീയ പ്രസ്താവനകള്‍ നീക്കംചെയ്യാനുള്ളവയാണ് ഗൂഗിളിന് ലഭിക്കുന്ന അഭ്യര്‍ഥനകളില്‍ ഏറെയും. റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ തുടങ്ങിയ സമയം മുതലുള്ള പ്രവണതയാണിതെന്ന്, ഗൂഗിളിന്റെ സീനിയര്‍ പോളിസി അനാലിസ്റ്റ് ഡൊറോത്തി ചോയു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

'സ്വതന്ത്ര ആശയപ്രകടനം അപകടത്തിലാകുന്നു എന്നത് മാത്രമല്ല ഭീഷണി', ചോയു ചൂണ്ടിക്കാട്ടുന്നു. 'പ്രതീക്ഷിക്കാത്ത ചില രാജ്യങ്ങളില്‍നിന്നാണ് അഭ്യര്‍ഥനകളുണ്ടാകുന്നത്. പ്രത്യേകിച്ചും, സെന്‍സര്‍ഷിപ്പുകള്‍ക്ക് മുതിരാത്ത പാശ്ചാത്യ ജനാധിപത്യരാജ്യങ്ങളില്‍ നിന്ന്'.

ഉള്ളടക്കം നീക്കംചെയ്യാന്‍ ഗൂഗിളിന് ലഭിക്കുന്ന അഭ്യര്‍ഥനകളില്‍ പകുതിയിലേറെയും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ളവയാണ്. ഏതാണ്ട് 47 ശതമാനവും അനൗപചാരികമായ അഭ്യര്‍ഥനകളാണ്.

മേയര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയ പൊതുപ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന ബ്ലോഗുകളുടെയും പത്രറിപ്പോര്‍ട്ടുകളുടെയും 270 ലിങ്കുകള്‍ ഗൂഗിള്‍ ഫലങ്ങളില്‍ നിന്ന് നീക്കംചെയ്യാനാണ് 2011 ന്റെ രണ്ടാംപകുതിയില്‍ സ്പാനിഷ് അധികൃതര്‍ ആവശ്യപ്പെട്ടത്.

നിയമവിരുദ്ധമായ രാഷ്ട്രീയപ്രസംഗങ്ങള്‍ നീക്കംചെയ്യാനാണ് ചില രാജ്യങ്ങള്‍ ആവശ്യപ്പെടാറ്. അതിന്റെ അടിസ്ഥാനത്തില്‍ നാസികളെ പ്രകീര്‍ത്തിക്കുന്ന യുട്യൂബ് വീഡിയോകള്‍ ജര്‍മനിയില്‍ നിന്ന് നീക്കംചെയ്യുകയുണ്ടായി.

ബ്രിട്ടനില്‍ അസോസിയേഷന്‍ ഓഫ് ചീഫ് പോലീസ് ഓഫീസേഴ്‌സിന്റെ പരാതികളെ തുടര്‍ന്ന് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന 640 വീഡിയോകള്‍ യുട്യൂബില്‍ നിന്ന് നീക്കംചെയ്തതായും ഗൂഗിള്‍ വെളിപ്പെടുത്തി. തായ് രാജാവിനെ അപമാനിക്കുന്നതായി പരാതിയുണ്ടായ 149 വീഡിയോകളില്‍ 104 എണ്ണം നീക്കംചെയ്തു.


TAGS:
google  |  content removal  |  censorship  |  transparency report  |  youtube  |  search 


Stories in this Section