ക്രോം നെറ്റ്ബുക്കുകള്‍ അടുത്ത മാസം

Posted on: 14 May 2011


-ഷെരീഫ് വെണ്ണക്കോട്‌





ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കന്ന നെറ്റ്ബുക്കുകള്‍ വിപണിയിലെത്തുന്നു. ബ്രിട്ടന്‍ അടക്കം ഏഴ് രാജ്യങ്ങളില്‍ ജൂണ്‍ 15-ന് ക്രോംബുക്കുകള്‍ പുറത്തിറങ്ങും. ഇതിനായി ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു.

പൂര്‍ണമായും വെബ് അധിഷ്ഠിത ക്രോം ഒഎസിനെപ്പറ്റി ഗൂഗിള്‍ പ്രഖ്യാപനം നടത്തുന്നത് 2009 ജൂലായിലാണ്. പ്രഖ്യാപനമുണ്ടായി നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞും ഒഎസ് പുറത്തിറങ്ങാത്തതിനാല്‍ ഗൂഗിള്‍ ആ പദ്ധതി ഉപേക്ഷിച്ചു എന്നുവരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കാത്തിരിപ്പിനൊടുവില്‍, 2010 ഡിസംബറില്‍ ക്രോം ഒഎസ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ഇപ്പോഴിതാ ക്രോംബുക്കുകള്‍ ഉപഭോക്താക്കളുടെ പക്കലെത്തുന്നു.

പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ സാംസങ്ങും ഏസറുമാണ് ഗൂഗിളിനുവേണ്ടി ക്രോംബുക്കുകള്‍ (ലാപ്‌ടോപ്പുകള്‍) പുറത്തിറക്കുന്നത്. സാംസങ്ങിന്റെ വെഫൈ മോഡലിന് 430 ഡോളറും ത്രീജി മോഡലിന് 499 ഡോളറുമാണ് വില. ഏസറിന്റെ മോഡലുകളുടെ വില 350 ഡോളറിലാണ് തുടങ്ങുന്നത്.

ബിസിനസ്സ് സ്ഥാപനങ്ങളില്‍ നിന്ന് മാസത്തില്‍ 28 ഡോളറും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മാസത്തില്‍ 20 ഡോളറും സ്വീകരിച്ചുകൊണ്ടുള്ള ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമിലും ക്രോംബുക്കുകള്‍ സ്വന്തമാക്കാവുന്നതാണ്. ഇത് മൂന്നുവര്‍ഷത്തേക്കുള്ള കരാറാണ്. അപ്ഗ്രഡേഷന്‍, സര്‍വ്വീസ്, റീപ്ലെയ്‌സ്‌മെന്റ് അടക്കമുള്ള സേവനങ്ങള്‍ ഈ കരാറിന്റെ ഭാഗമാണ്. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെപ്പോലെ ക്രോം ഒഎസിനും പ്രത്യേകം പണം നല്‍കേണ്ടതില്ല.

ഇന്റല്‍ ആറ്റം എന്‍ 520 ഡുവല്‍ ക്രോം (1.66 ഏഒ്വ) പ്രൊസസ്സറാണ് ഇരു കമ്പനികളുടെയും ക്രോംബുക്കുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം, 16 ജിബി എസ്ഡി കാര്‍ഡ്, 2 യു.എസ്.ബി 2.0 പോര്‍ട്ട്, 1 എംബി വെബ്ക്യാം തുടങ്ങിയവ ഇരു മോഡലുകളുടെയും സവിശേഷതകളാണ്.



ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ അധിഷ്ഠിമായാണ് ക്രോം ഒഎസ് പ്രവര്‍ത്തിക്കുന്നത്. ലോകത്ത് 160 ലക്ഷം പേര്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളെയാണ്് ക്രോം ഒഎസ് ഉപയോഗപ്പെടുത്തുന്നത്. 'കമ്പ്യൂട്ടിങിന്റെ പുതിയ രീതി' എന്നാണ് ഗൂഗിള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ ഇതിനെ വിശേഷിപ്പിച്ചത്.

വേഗത, ലാളിത്യം, സുരക്ഷിതത്വം എന്നിവക്കാണ് ക്രോം ഒഎസ് ഊന്നല്‍ നല്‍കുന്നത്. വെറും എട്ട് സെക്കന്റുകള്‍കൊണ്ട് ക്രോംബുക്കിന് ബൂട്ട് ചെയ്യാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. കൂടാതെ സോഫ്ട്‌വേറുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല എന്നതും സവിശേഷതയാണ്. ഇനി കമ്പ്യൂട്ടര്‍തന്നെ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താലും മറ്റൊരു കമ്പ്യൂട്ടര്‍ വഴി ക്ലൗഡില്‍ നിന്നും ഡാറ്റ തിരിച്ചെടുക്കാവുന്നതാണ്. ഫയലുകള്‍ സൂക്ഷിക്കാനുള്ള ഹാര്‍ഡ് ഡിസ്‌കുകളുടെ വലിപ്പത്തെപ്പറ്റിയും വൈറസുകളെപ്പറ്റയും ക്രോം ഒഎസുകാര്‍ വേവലാതിപ്പെടേണ്ടതില്ല. മൈക്രോസോഫ്റ്റ് ഓഫീസിന് ബദലായുള്ള ഗൂഗിള്‍ ഡോക്‌സ് തുടങ്ങിയ സേവനങ്ങളും ക്രോം ഒഎസില്‍ ലഭ്യമാണ്.

ക്രോംബുക്കുകള്‍ മൈക്രോസോഫ്റ്റിന് ഏറെ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. എന്നിരുന്നാലും, സമീപ കാലങ്ങളിലൊന്നും വിന്‍ഡോസിന് ഭീഷണിയാവാന്‍ ക്രോം ഒഎസിന് സാധിക്കില്ല എന്നുതന്നെയാണ് കരുതുന്നത്. ക്രോം ഒഎസിന്റെ വരവ് മുന്‍കൂട്ടികണ്ട് കാര്യക്ഷമതയോടെ തന്നെയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7നെ അണിയിച്ചൊരിക്കിയത്.

അതേസമയം, ക്രോം ഒഎസിനെപ്പറ്റിയുള്ള ആശങ്കകളും നിരവധിയാണ്. വിവരങ്ങള്‍ ക്ലൗഡ് ആയി സൂക്ഷിക്കുമ്പോള്‍ ഇവയുടെ സ്വകാര്യത പ്രശ്‌നമായേക്കാം. മാത്രമല്ല, ഉയര്‍ന്നവേഗമുള്ള ഇന്റര്‍നെറ്റ് കണക്ഷനും ക്രോം ഒഎസിന് ആവശ്യമുമുണ്ട്. ബിസിനസ് ആവശ്യക്കാര്‍ക്കാണ് ക്രോംബുക്കുകള്‍ കൂടുതല്‍ പ്രയോജനപ്പെടുക എന്നും, വ്യക്തിഗത ഉപയോഗത്തിന് ഇത് അത്ര പറ്റിയതല്ല എന്നും അഭിപ്രായമുണ്ട്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തിടങ്ങളില്‍ ഇവ പ്രയോജനം ചെയ്യില്ല എന്നതും ക്രോംബുക്കിന്റെ ന്യൂനതയാണ്.
TAGS:
google  |  chrome os  |  samsung  |  chromebook  |  acer 


Stories in this Section