ഐപാഡിലേക്കും ഐഫോണിലേക്കും ക്രോം ബ്രൗസര്‍ എത്തുന്നു

Posted on: 29 Jun 2012




ഗൂഗിളിന്റെ ക്രോം ബ്രൗസര്‍, ആപ്പിളിന്റെ ഐപാഡിലേക്കും ഐഫോണിലേക്കും എത്തുന്നു. തങ്ങളുടെ ബദ്ധശത്രുവിന്റെ ബ്രൗസറിന് ആപ് സ്റ്റോറില്‍ ഇടംനല്‍കാന്‍ ഒടുവില്‍ ആപ്പിള്‍ തീരുമാനിച്ചു.

2008 ലാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ അവതരിപ്പിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ എന്ന പദവി കഴിഞ്ഞ മെയിലാണ് ക്രോം കൈയടക്കിയത്. അതുവരെ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആയിരുന്നു മുന്നില്‍.

ക്രോമിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കാന്‍ സഹായിക്കുന്ന നീക്കമാണ്, ഐപാഡിലേക്കും ഐഫോണിലേക്കും അതെത്തിച്ചുകൊണ്ട് ഗൂഗിള്‍ നടത്തുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ക്രോം ബ്രൗസര്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ എത്തുന്ന വിവരം വെളിപ്പെടുത്തിയത്.

'ഏതുപകരണമാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നത് പ്രശ്‌നമല്ല. പ്രധാനപ്പെട്ട എല്ലാ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും വേണ്ടി ഞങ്ങള്‍ കഠനാധ്വാനം നടത്തുന്നു'-ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിച്ചായി പറഞ്ഞു. യൂസര്‍ ആണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രോം ബ്രൗസറിന് നിലവില്‍ 310 ദശലക്ഷം 'ആക്ടീവ്' യൂസര്‍മാര്‍ ഉള്ളതായി പിച്ചായി അറിയിച്ചു. ക്ലൗഡ് സ്‌റ്റോറേജ് സര്‍വീസായ ഗൂഗിള്‍ ഡ്രൈവി (Google Drive)നൊപ്പം ക്രോം ബ്രൗസറും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍നിന്ന് ഇനി ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.

ആപ്പിളും ഗൂഗിളും തമ്മില്‍ ഇന്റര്‍നെറ്റ് സര്‍വീസുകളുടെയും ഹാര്‍ഡ്‌വേറിന്റെയും പേരില്‍ മത്സരം മുറുകുന്ന സമയത്താണ്, ക്രോം ബ്രൗസറും ഗൂഗിള്‍ ഡ്രൈവും ആപ്പിള്‍ ആപ്പ് സ്റ്റോറിലെത്തുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

ഇന്റര്‍നെറ്റ് സര്‍വീസുകളുടെ കാര്യത്തില്‍ ഗൂഗിളിനെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ആപ്പിള്‍. ഗൂഗിള്‍ മാപ്‌സിന് പകരം തങ്ങളുടെ മൊബൈല്‍ ഉപകരണങ്ങളില്‍ സ്വന്തം മാപ്പിങ് സര്‍വീസ് ഉപയോഗിക്കാന്‍ ആപ്പിള്‍ അടുത്തയിടെ തീരുമാനിച്ചത് ഉദാഹരണം.

അതേസമയം, ഹാര്‍ഡ്‌വേറിന്റെ കാര്യത്തില്‍ ആപ്പിളിന്റെ മേഖലകളിലേക്ക് കടുന്നകയറാന്‍ ഗൂഗിളും അറച്ചു നില്‍ക്കുന്നില്ല. ആപ്പിളിന്റെ ടാബ്‌ലറ്റായ ഐപാഡിനും, ആമസോണിന്റെ കിന്‍ഡ്‌ലിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 'നെക്‌സസ് 7' എന്ന ടാബ്‌ലറ്റ് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

ഗൂഗിളിന്റെ കമ്പ്യൂട്ട് എഞ്ചിന്‍

ആമസോണിന്റെ 'വെബ്ബ് സര്‍വീസി' (Web Service) നോട് മത്സരിക്കാന്‍ പാകത്തില്‍ 'ഗൂഗിള്‍ കമ്പ്യൂട്ട് എന്‍ജിന്‍'(Google Compute Engine) എന്നൊരു പുതിയ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസ് ഗൂഗിള്‍ അവതരിപ്പിച്ചു. ഗൂഗിളിന്റെ ഡേറ്റാസെന്ററുകളില്‍ വെബ്ബ് കമ്പനികളെ ഹോസ്റ്റ് ചെയ്യാനുള്ളതാണ് ഈ സര്‍വീസ്.

എന്നാല്‍, കമ്പ്യൂട്ട് എഞ്ചിന്‍ ഉപയോഗിക്കുമ്പോള്‍ എന്തു ചെലവ് വരുമെന്ന കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് കമ്പനികള്‍ മുടക്കുന്ന തുകയ്ക്ക് 50 ശതമാനം കൂടുതല്‍ കമ്പ്യൂട്ടിങ് ശക്തി തങ്ങള്‍ നല്‍കുമെന്ന് ഗൂഗിള്‍ പറഞ്ഞു.
TAGS:
google  |  chrome browser  |  apple  |  ipad  |  iphone  |  mobile apps  |  web browser 


Stories in this Section