അനുകരണം എങ്ങനെ ഒരു നല്ല പ്രതിഷേധമാര്‍ഗമാക്കി മാറ്റാം. അനുകരണത്തിനു ലോകപ്രസിദ്ധി നേടിയ ചൈന തന്നെയാണ് ഈയിടെ അതിന് ഉത്തമ മാതൃകയായത്. ഗൂഗിള്‍ ചൈന വിടാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തെ ഇവര്‍ നേരിട്ടത് ഗൂഗിളിന്റെ അതേ മാതൃകയില്‍ ഗൂജ്ജെ എന്ന ഒരു സെര്‍ച്ച് എന്‍ജിന്‍ നിര്‍മിച്ചാണ്. ഒപ്പം ഗൂഗിള്‍ ചൈന വിടരുതെന്ന അപേക്ഷയും അതില്‍ ഉള്‍ക്കൊള്ളിച്ചു.
ഗൂഗിളിന്റെ ലോഗോയും അവരുടെ ചൈനയിലെ മുഖ്യ എതിരാളിയായ ബൈഡുവിന്റെ ലോഗോയും കൂട്ടിക്കലര്‍ത്തിയാണ് ഗൂജ്ജെയുടെ ലോഗോ തയ്യാറാക്കിയത്. ഗൂഗിളിനു മാത്രമല്ല യുട്യൂബിനുമുണ്ട് അനുകരണ വെബ്‌സൈറ്റ്. ഒറ്റ നോട്ടത്തില്‍ യുട്യൂബാണെന്നു തെറ്റിദ്ധരിക്കുന്ന ഈ വെബ്‌സൈറ്റിന്റെ പേര് യുട്യൂബ് സിഎന്‍ എന്നാണ്. യുട്യൂബിന്റെ സര്‍ച്ച് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മിച്ചതെന്ന് ഹോംപേജില്‍ത്തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഗൂഗിളിനെതിരെ ചൈന നടത്തുന്ന യുദ്ധത്തിനു തിരിച്ചടിയായി മാറിയതുകൊണ്ടുതന്നെ അധികൃതര്‍ അനധികൃതമായ വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയുമായി രംഗത്തെത്തിയെങ്കിലും ഇതുവരെ അതൊന്നും പ്രകടമായിട്ടില്ല. രണ്ടു വെബ്‌സൈറ്റുകളും ഇപ്പോഴും ലഭ്യമാണ്. ഇവ തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നുമാണ് ഗൂഗിള്‍ വക്താവ് ജസ്സീക്കാ പൗവല്‍ ഇ-മെയിലിലൂടെ പ്രതികരിച്ചത്.
എന്നാല്‍ ഒരു പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് യുട്യൂബ്‌സിഎന്‍ തയ്യാറാക്കിയതെന്ന് നിര്‍മാതാവ് ലി സിന്‍ഹെയും കൂട്ടുകാരെ കണ്ടെത്താനുള്ള മാര്‍ഗമായാണ് ഗൂജ്ജെ നിര്‍മിച്ചതെന്ന് അതിന്റെ നിര്‍മാതാക്കളിലൊരാളായ ക്‌സിയോ ക്‌സുവാനും പറഞ്ഞു. എന്തായാലും ഗൂഗിളിനെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ച ചൈനീസ് അധികൃതരെയും സൈബര്‍ ആക്രമണങ്ങളും സെന്‍സര്‍ഷിപ്പും ഔദ്യോഗിക നടപടികളും സഹിക്കാനാവാതെ രാജ്യം വിടുകയാണെന്ന് പ്രഖ്യാപിച്ച ഗൂഗിളിനെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ രണ്ടു വെബ്‌സൈറ്റുകളും.
ചൈനയും ഗൂഗിളും തമ്മില്‍ യുദ്ധം തുടങ്ങിയിട്ട് കുറച്ചു നാളായി. 2008-ല്‍ ടിബറ്റ് പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ ചൈനയ്ക്ക് അനുകൂലമല്ലാത്ത വീഡിയോകള്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് അവര്‍ യുട്യൂബ് ബ്ലോക്ക് ചെയ്തു. ഗൂഗിളിനു നേരേ കടുത്ത സെന്‍സര്‍ഷിപ്പ് നടപടികള്‍ അധികൃതര്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് അതിന്റെ ചൈനീസ് പതിപ്പ് നിര്‍ത്തുകയാണെന്ന് ഗൂഗിളിനു പ്രഖ്യാപിക്കേണ്ടിവന്നു.
അമേരിക്കന്‍ കമ്പനിയായ ഗൂഗിളിനു നേരേ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയതില്‍ പ്രസിഡന്‍റ് ബരാക് ഒബാമ ചൈനയോട് വിശദീകരണം ചോദിച്ചത് ഈയിടെയാണ്. ചൈനയിലെ മനുഷ്യാവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നലോകമെമ്പാടുമുള്ള നിരവധി പേരുടെ ഗൂഗിള്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറാന്‍ ചൈന ശ്രമിച്ചുവെന്ന ആരോപണം വന്നതും ചൈനയ്ക്ക് തിരിച്ചടിയായി. ഇതോടെ ലോക സമൂഹത്തിനു മുന്നില്‍ നല്ലപിള്ള ചമയാന്‍ ഇതിലൊന്നും തങ്ങള്‍ക്കു പങ്കില്ലെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കൈകോര്‍ക്കാന്‍ തയ്യാറാണെന്നും ചൈനയ്ക്ക് പ്രഖ്യാപിക്കേണ്ടിവന്നു.
ജനവരി പകുതിയോടെയാണ് രണ്ടു വെബ്‌സൈറ്റുകളും നിലവില്‍ വന്നത്. ചൈനയിലെ സെന്‍സര്‍ഷിപ്പിനെയും ഗൂഗിളിന്റെ ബൗദ്ധികസ്വത്തവകാശത്തെയും നേരിട്ടു ബാധിക്കുന്ന ഈ സംഭവം ഇരുവരും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.
-
biminith@gmail.com