സെര്‍ച്ച്ഫലങ്ങള്‍ 'ബിങ്' കോപ്പിയടിക്കുന്നതായി ഗൂഗിള്‍

Posted on: 02 Feb 2011


-സ്വന്തംലേഖകന്‍




തങ്ങളുടെ സെര്‍ച്ച്ഫലങ്ങള്‍ മൈക്രോസോഫ്ടിന്റെ 'ബിങ്' (Bing) സെര്‍ച്ച് എന്‍ജിന്‍ കോപ്പിയടിക്കുന്നതായി ഗൂഗിള്‍ ആരോപിച്ചു. 'ബിങ് സ്റ്റിങ്' ('Bing Sting') എന്ന പേരില്‍ ആഴ്ചകളോളം അന്വേഷണം നടത്തിയ ശേഷമാണ് ഗൂഗിള്‍ ഈ ആരോപണം തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, ആരോപണം മൈക്രോസോഫ്ട് നിഷേധിച്ചു.

'hiybbprqag' പോലെയുള്ള അര്‍ഥമില്ലാത്ത വാക്കുകള്‍ക്ക് വ്യാജ സെര്‍ച്ച്ഫലങ്ങള്‍ സൃഷ്ടിച്ചായിരുന്നു ഗൂഗിള്‍ എന്‍ജിനിയര്‍മാര്‍ അന്വേഷണം നടത്തിയത്. ഇത്തരത്തിലുള്ള നൂറ് അര്‍ഥശൂന്യമായ വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. ഓരോന്നിനും ഒരോ വ്യാജഫലങ്ങളും ഗൂഗിള്‍ സെര്‍ച്ചില്‍ സന്നിവേശിപ്പിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ ആ സെര്‍ച്ച്ഫലങ്ങള്‍ ബിങില്‍ ലഭിച്ചു തുടങ്ങി.

എന്നാല്‍, 'ഗൂഗിളിന്റെ സെര്‍ച്ച്ഫലങ്ങള്‍ തങ്ങള്‍ കോപ്പിയടിക്കുന്നില്ലെ'ന്ന് ബിങ് വൈസ് പ്രസിഡന്റ് ഹാരി ഷ്യും പറഞ്ഞു. സെര്‍ച്ച്ഫലങ്ങള്‍ റാങ്ക് ചെയ്യാന്‍ മള്‍ട്ടിപ്പിള്‍ സിഗ്നലുകളും സമീപനങ്ങളുമാണ് തങ്ങള്‍ അവലംബിക്കുന്നത്-അദ്ദേഹം അറിയിച്ചു.



അതേസമയം, 'തുറന്ന വഞ്ചന'യാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്ന് 'സെര്‍ച്ച് എന്‍ജിന്‍ ലാന്‍ഡി'നോട് ഗൂഗിളിലെ അമിത് സിന്‍ഘാള്‍ പറഞ്ഞു. 'hiybbprqag എന്ന് ബിങില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന പേജ് ലോസ് ആന്‍ജലിസിലെ ഒരു തിയേറ്ററിലെ സീറ്റിങ് സംവിധാനത്തെക്കുറിച്ചുള്ളതാണ്. ഈ സെര്‍ച്ച് വാക്കും സെര്‍ച്ച്ഫലവും തമ്മില്‍ ഞങ്ങള്‍ക്കറിയാവുന്ന ഏക ബന്ധം ഗൂഗിളിന്റെ റിസള്‍ട്ട് പേജില്‍ അത് പ്രത്യക്ഷപ്പെടുന്നു എന്നതാണ്'-അമിത് സിന്‍ഘാള്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിച്ച അര്‍ഥശൂന്യമായ വാക്കുകള്‍ക്കുള്ള വ്യാജ സെര്‍ച്ച്ഫലങ്ങള്‍ പിന്നീട് ബിങ് സെര്‍ച്ച്ഫലങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി സിന്‍ഘാള്‍ പറഞ്ഞു. ചില ബിങ് ഫലങ്ങള്‍ ഗൂഗിള്‍ ഫലങ്ങളുടെ വിലകുറഞ്ഞ അനുകരണമായാണ് പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വ്യജഫലങ്ങള്‍ക്കായി രൂപംനല്‍കിയ 'വണ്‍ടൈം കോഡ്' ഇപ്പോള്‍ നീക്കം ചെയ്തതായി ഗൂഗിള്‍ പറഞ്ഞു.
TAGS:
google  |  bing  |  search  |  bing sting 


Stories in this Section