വരുമാനത്തില്‍ ഗൂഗിളിന് റിക്കോര്‍ഡ്; ആപ്പിള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല

Posted on: 24 Jan 2013



ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ വാര്‍ഷിക വരുമാനം 2012 ല്‍ 5000 കോടി ഡോളര്‍ (2.65 ലക്ഷം കോടി രൂപ) കടന്ന് റിക്കോര്‍ഡിട്ടു. അതേസമയം, ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിളിന്റെ വരുമാനം 2012 ല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

ഗൂഗിളിന്റെ ഒന്നര പതിറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ ആദ്യമായാണ് വരുമാനം 5000 കോടി ഡോളര്‍ പിന്നിടുന്നത്. മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 36 വര്‍ധനയാണ് ഗൂഗിളിന്റെ വരുമാനത്തിലുണ്ടായതെന്ന്, കമ്പനി മേധാവിയും സഹസ്ഥാപകനുമായ ലാരി പേജ് അറിയിച്ചു.

2012 ലെ അവസാനപാദത്തില്‍ ഗൂഗിളിന്റെ വരുമാനം 1440 കോടി ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം അതേ കാലയളവിനെ അപേക്ഷിച്ച് എട്ടു ശതമാനം കൂടുതലാണിത്. പരസ്യങ്ങളില്‍ നിന്നുള്ള ഗൂഗിളിന്റെ വരുമാനത്തില്‍ 2012 ല്‍ 19 ശതമാനമാണ് വര്‍ധന. മുമ്പത്തെ വര്‍ഷം ഇത് 25 ശതമാനമായിരുന്നു.

2012 ലെ അവസാനപാദത്തില്‍ ഗൂഗിള്‍ രേഖപ്പെടുത്തിയ ലാഭം 289 കോടി ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 271 കോടി ഡോളറായിരുന്നു.

അതേസമയം, ടെക്‌നോളജി ഭീമനായ ആപ്പിളിന്റെ കാര്യത്തില്‍ ഐഫോണ്‍ വില്‍പ്പന കാര്യമായി ഉയരാത്തതിനെ തുടര്‍ന്ന്, കമ്പനിയുടെ ലാഭത്തില്‍ പോയ വര്‍ഷം പ്രതീക്ഷിച്ച വര്‍ധന രേഖപ്പെടുത്തിയില്ല.

പോയവര്‍ഷത്തെ അവസാനപാദത്തില്‍ 500 ലക്ഷം ഐഫോണുകള്‍ വില്‍ക്കാന്‍ കഴിയുമെന്നായിരുന്നു പ്രവചനം. എന്നാല്‍, വില്‍ക്കാന്‍ കഴിഞ്ഞത് 478 ലക്ഷം മാത്രം.

പ്രവചിക്കപ്പെടുന്നതിലും കൂടുതല്‍ വരുമാനം നേടി ആപ്പിള്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിക്കാറുണ്ട്. 2012 ല്‍ അത് സംഭവിച്ചില്ല. ആപ്പിളിന്റെ മൊത്തം വരുമാനത്തില്‍ പോയ വര്‍ഷത്തെക്കാളും 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. 5450 കോടി ഡോളര്‍ ആണ് പോയ വര്‍ഷത്തെ വരുമാനം. എന്നാല്‍, പ്രവചിക്കപ്പെട്ടിരുന്ന വരുമാനം 5490 കോടി ഡോളറായിരുന്നു.

2012 ല്‍ ആപ്പിളിന്റെ ലാഭം 1310 കോടി ഡോളര്‍ ആണ്. പോയ വര്‍ഷവും കമ്പനിയുടെ ലാഭം ഇതു തന്നെയായിരുന്നു. വരുമാനം വര്‍ധിച്ചെങ്കിലും, ലാഭത്തില്‍ വര്‍ധനയുണ്ടാകാത്തതിന് കാരണം പുതിയ ഉപകരണങ്ങളുടെ ഉത്പാദനച്ചെലവ് കൂടിയതാണ്.

ഐഫോണിന് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയ സാംസങിന്റെ ഗാലക്‌സി ഫോണുകളും മറ്റുമാണ് ആപ്പിളിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
TAGS:
google  |  apple  |  revenue  |  search market  |  mobile market 


Stories in this Section