ഗൂഗിളിന്റെ ഐഫോണ്‍ നിരീക്ഷണം വിവാദത്തില്‍

Posted on: 18 Feb 2012


-സ്വന്തം ലേഖകന്‍



സ്വകാര്യതാക്രമീകരണങ്ങള്‍ മറികടന്ന്, ആപ്പിള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ പിന്തുടരുന്നത് വിവാദമാകുന്നു. ആപ്പിളിന്റെ സഫാരി ബ്രൗസര്‍ വഴിയാണ് ഐഫോണിന്റെയും ആപ്പിള്‍ കമ്പ്യൂട്ടറുകളുടെയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നതത്രേ.

കുക്കികളുടെ സഹായത്തോടെയാണ് ആപ്പിള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുക്കികള്‍ നിയന്ത്രിക്കാന്‍ ഗൂഗിള്‍ തന്നെ ഏര്‍പ്പെടുത്തിയ നടപടികള്‍ക്ക് വിരുദ്ധമാണിതെന്ന് 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഉയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം മനസിലാക്കാന്‍ പാകത്തില്‍ ബ്രൗസറുകള്‍ സൂക്ഷിച്ചുവെയ്ക്കുന്ന ചെറുടെക്‌സ്റ്റ് ഫയലുകളെയാണ് കുക്കികള്‍ (Cookies) എന്ന് വിളിക്കുന്നത്. ചില ഓണ്‍ലൈന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരം കുക്കികളുടെ സഹായത്തോടെയാണ്.

ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ പെരുമാറ്റം നിരീക്ഷിക്കാന്‍ പരസ്യക്കമ്പനികള്‍ ഇത്തരം കുക്കികള്‍ ഉപയോഗിക്കാറുണ്ട്. സ്വകാര്യതയുടെ ലംഘനമാണ് ഇങ്ങനെയുള്ള കുക്കികളുടെ ഉപയോഗമെന്ന് ചിലര്‍ വാദിക്കുന്നു. പരസ്യങ്ങള്‍ക്കായി കുക്കികള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താനുള്ള യൂറോപ്യന്‍ നിയമം വരാന്‍ പോവുകയാണ്.

ആപ്പിളിന്റെ വെബ്ബ് ബ്രൗസറാണ് സഫാരി. ഐഫോണില്‍ ഉപയോഗിക്കുന്നത് സഫാരി ബ്രൗസറാണ്. സാധാരണഗതിയില്‍ പരസ്യദാതാക്കള്‍ പോലുള്ള തേര്‍ഡ്പാര്‍ട്ടികളുടെ കുക്കികള്‍ ശേഖരിച്ചു വെയ്ക്കാന്‍ സഫാരി അനുവദിക്കാറില്ല.

എന്നാല്‍, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകനായ ജോനാതന്‍ മെയര്‍ നടത്തിയ പഠനത്തില്‍ കണ്ടത്, സഫാരി ഉപയോഗിച്ച് ബ്രൗസ് ചെയ്യുന്നവരുടെ കമ്പ്യൂട്ടറുകളിലും ഐഫോണുകളിലും കുക്കികള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ പരസ്യക്കമ്പനികള്‍ക്ക് ഇപ്പോഴും കഴിയുന്നുവെന്നാണ്.

ഗൂഗിളിന്റെ ഒട്ടേറെ സര്‍വീസുകള്‍ കുക്കികളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ യൂസറിന്റെ പെരുമാറ്റം മനസിലാക്കാനായി, ഒരു ട്രാക്കിങ് കോഡ് ഗൂഗിള്‍ രഹസ്യമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സഫാരി ബ്രൗസറിന്റെ കാര്യത്തിലാണ് ഇത് ഉപയോഗിക്കുന്നത്. വെബ്ബ് ഉപയോഗിക്കുന്നയാളുടെ സ്വഭാവത്തിനനുസരിച്ചുള്ള പരസ്യങ്ങള്‍ പേജില്‍ കാട്ടാനാണത്രേ ഈ വിദ്യ.

തങ്ങള്‍ ഇക്കാര്യത്തില്‍ വിശദീകരണം തേടിയതിന് ശേഷം ഗൂഗിള്‍ ആ കോഡ് നിര്‍വീര്യമാക്കിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു.
TAGS:
google  |  apple  |  iphone tracking  |  safari  |  web browsing  |  cookies 


Stories in this Section