ഐഫോണ്‍ 5 ന് ഗൂഗിള്‍ മാപ്‌സ് നല്‍കാന്‍ നീക്കമില്ലെന്ന് ഗൂഗിള്‍ ചെയര്‍മാന്‍

Posted on: 25 Sep 2012


-സ്വന്തം ലേഖകന്‍




ആപ്പിള്‍ അതിന്റെ സ്വന്തം മാപ്‌സ് സര്‍വീസ് അവതരിപ്പിച്ച സ്ഥിതിക്ക്, ഐഫോണ്‍ 5 നായി ഗൂഗിള്‍ മാപ്‌സ് വികസിപ്പിക്കാന്‍ ഒരു നീക്കവും തന്റെ കമ്പനിയുടെ ഭാഗത്തുനിന്നില്ലെന്ന് ഗൂഗിള്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറഞ്ഞു.

പുതിയ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 6 ന്റെ ഭാഗമായാണ് ആപ്പിള്‍ അതിന്റെ മാപ്‌സ് ആപ് (Maps app) അവതരിപ്പിച്ചത്. ഐഫോണ്‍ 5 ലും ഐഒഎസ് 6 ലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്പിള്‍ ഉപകരണങ്ങളിലും ഇനി ഉണ്ടാവുക ആപ്പിളിന്റെ മാപ്‌സ് സര്‍വീസ് ആയിരിക്കും.

ആപ്പിളിന്റെ മാപ്‌സില്‍ പിശകുകളുള്ളതായും, ഉപയോക്താക്കളെ വഴിതെറ്റിക്കുന്ന തെറ്റുകള്‍ കടന്നുകൂടിയതായും വിമര്‍ശനമുയര്‍ന്ന
സാഹചര്യത്തിലാണ്, ഐഫോണ്‍ 5 ന് ഗൂഗിള്‍ മാപ്‌സ് ലഭ്യമാക്കുമോ എന്നകാര്യത്തെക്കുറിച്ച് ഷിമിഡ്ത് പ്രതികരിച്ചത്.

ഗൂഗിള്‍ മാപ്‌സ് ആപ്പിള്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ അത് നന്നായിരുന്നേനെ എന്നാണ് ഞങ്ങള്‍ കരുതുന്നത്-ടോക്യോയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ ഷിമിഡ്ത് പറഞ്ഞു. 'അവരുടെ മനസ് മാറാന്‍ അവരെ പ്രേരിപ്പിക്കാതിരിക്കുക, അതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്'-അദ്ദേഹം പറഞ്ഞു.

ഏല്ലാ തലത്തിലും ഗൂഗിളും ആപ്പിളും തമ്മില്‍ സ്ഥിരമായ ആശയവിനിമയമുണ്ട്. എന്നാല്‍, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആപ്പിളാണ്-ഗൂഗിള്‍ ചെയര്‍മാന്‍ വ്യക്തമാക്കി. 'അക്കാര്യത്തിന് ഞങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.'

2007 ല്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ട കാലം മുതല്‍ ആപ്പിളും ഗൂഗിളും തമ്മില്‍ അടുത്ത സഹകരണമാണ് നിലനിന്നത്. ഗൂഗിളിന്റെ യുട്യൂബും ഗൂഗിള്‍ മാപ്‌സും ഐഫോണില്‍ ഉള്‍പ്പെടുത്തിയത് ആ സഹകരണത്തിന്റെ ഫലമായിട്ടായിരുന്നു.

ഐഫോണിന് വെല്ലുവിളിയായി ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോം ഗൂഗിള്‍ രംഗത്തെത്തിച്ചതോടെയാണ് ഇരു കമ്പനികളും തമ്മില്‍ അകലാനാരംഭിച്ചത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഫലമാണ് ഗൂഗിള്‍ മാപ്‌സിനെ ഐഫോണില്‍ നിന്നും മറ്റ് ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്നും കുടിയിറക്കാനുള്ള ആപ്പിളിന്റെ തീരുമാനം.

ഗൂഗിള്‍ മാപ്‌സ് മാത്രമല്ല, ഇന്‍ബില്‍ട്ടായി യുട്യൂബ് ആപ്‌സ് ഐഫോണില്‍ ഉള്‍പ്പെടുത്തുന്നതും ആപ്പിള്‍ അവസാനിപ്പിച്ചു കഴിഞ്ഞു.

മാപ്‌സ് എന്നാല്‍ ഡേറ്റ

യഥാര്‍ഥത്തില്‍ മാപ്‌സിന്റെ പേരിലുള്ള പോര്, രണ്ട് കമ്പനികള്‍ തമ്മിലുള്ള വെറും സൗന്ദര്യപ്രശ്‌നത്തിന്റെ കാര്യം മാത്രമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ലോക്കേഷന്‍ സര്‍വീസുകള്‍, ലോക്കല്‍ സെര്‍ച്ച് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലപ്പെട്ട ഡേറ്റയ്ക്ക് മേലുള്ള ആധിപത്യത്തിന്റെ പ്രശ്‌നം കൂടിയാണ്.

പരസ്യത്തിന്റെ കാര്യത്തിലും മാര്‍ക്കറ്റിങിന്റെ കാര്യത്തിലും വളരെ പ്രധാനപ്പെട്ട സംഗതിയാണ് അത്തരം ഡേറ്റ. എന്നുവെച്ചാല്‍, മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍, അതില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങളും, ഉപയോക്താവ് എവിടെയാണെന്നുള്ള സംഗതിയുമെല്ലാം ഗൂഗിളിന്റെ ഡേറ്റാബേസിനെ പുഷ്ടിപ്പെടുത്തുന്നു. ലക്ഷക്കണക്കിന് ഉപയോക്താക്കളില്‍ നിന്നുള്ള അത്തരം വിവരങ്ങള്‍ വലിയ സാധ്യതകളാണ് ഗൂഗിളിന് തുറന്നുകൊടുക്കുക.

ഐഫോണില്‍ ഗൂഗിള്‍ മാപ്‌സില്ലാത്തത് ഗൂഗിളിന് വലിയ പ്രഹരമാണ് ഏല്‍പ്പിക്കുക. കാരണം, ഗൂഗിളിന്റെ മാപ്‌സ് സര്‍വീസിന് ലഭിക്കുന്ന ട്രാഫിക്കില്‍ പകുതിയിലേറെയും വരുന്നത് സ്മാര്‍ട്ട്‌ഫോണ്‍ വഴിയാണ്. മൊബൈല്‍ ട്രാഫിക്കിലെ പകുതിയും ഐഫോണില്‍ നിന്നും.

ആഗോളതലത്തില്‍ 60 ശതമാനം സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ്. ഐഫോണ്‍ വിഹിതം 34 ശതമാനം മാത്രവും. പക്ഷേ, 'കനാലിസിസ്' (Canalys) ഗവേഷണസ്ഥാപനത്തിന്റെ കണക്കു പ്രകാരം, ഗൂഗിള്‍ മാപ്‌സിന്റെ മൊബൈല്‍ ട്രാഫിക്കില്‍ പകുതിയുമെത്തുന്നത് ഐഫോണില്‍ നിന്നാണ്.

കഴിഞ്ഞ ജൂലായിലെ 'കോംകോര്‍ മൊബൈല്‍ മെട്രിക്‌സി'ന്റെ കണക്ക് പ്രകാരം, 126 ലക്ഷം ഐഫോണ്‍ യൂസര്‍മാര്‍ ദിവസവും ഗൂഗിള്‍ മാപ്‌സ് സന്ദര്‍ശിച്ചിരുന്നു. ആന്‍ഡ്രോയിഡ് യൂസര്‍മാരുടെ കാര്യത്തില്‍ ഇത് 76 ലക്ഷം മാത്രം. ഐഫോണ്‍ യൂസര്‍മാര്‍ പ്രതിമാസം ഒന്നര മണിക്കൂര്‍ ഗൂഗിള്‍ മാപ്‌സില്‍ ചിലവിട്ടപ്പോള്‍, ആന്‍ഡ്രോയിഡ് യൂസര്‍ ഒരു മണിക്കൂര്‍ മാത്രമാണ് ഗൂഗിള്‍ മാപ്‌സ് നോക്കിയിരുന്നത്.

ഇതു മാത്രവുമല്ല, ഗൂഗിളിന്റെ മര്‍മത്തില്‍ തന്നെയാണ് ആപ്പിള്‍ പ്രഹരിച്ചിരിക്കുന്നത്. കാരണം, ഗൂഗിളിന്റെ യഥാര്‍ഥ ബിസിനസ് സെര്‍ച്ച് ആണ്. മൊബൈല്‍ സെര്‍ച്ചില്‍ 40 ശതമാനവും മാപ്‌സ് സര്‍വീസുമായി ബന്ധപ്പെട്ട ലോക്കല്‍ സ്ഥലങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമാണ്. അങ്ങനെ വരുമ്പോള്‍, ഗൂഗിള്‍ സെര്‍ച്ചിനെയും ആപ്പിളിന്റെ തീരുമാനം പ്രതികൂലമായി ബാധിക്കും.

ഈ മത്സരത്തില്‍ ഉപഭോക്താക്കള്‍ വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്. ഐഫോണ്‍ 5 വാങ്ങിയവര്‍, യുട്യൂബ് ആപ്ലിക്കേഷന്‍ വേണമെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പോയി ഡൗണ്‍ലോഡ് ചെയ്യണം. യുട്യൂബിന്റെ പുതിയ ഐഫോണ്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്‌റ്റോറില്‍ ഗൂഗിള്‍ സമര്‍പ്പിച്ചുകഴിഞ്ഞു.

എന്നാല്‍, ഗൂഗിള്‍ മാപ്‌സിനെ സംബന്ധിച്ച് അത്തരമൊരു നീക്കമില്ലെന്നാണ് ഗൂഗിള്‍ ചെയര്‍മാന്‍ ഇപ്പോള്‍ വ്യക്തമാക്കിയത്.
TAGS:
google  |  apple  |  iphon 5  |  google maps  |  eric schmidt 


Stories in this Section