മൂന്നുമാസം മുമ്പ് പരീക്ഷണാര്‍ഥം ആരംഭിച്ച ഗൂഗിള്‍ പ്ലസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു. ആരും ക്ഷണിക്കേണ്ട ആവശ്യമില്ല, ആര്‍ക്കും ഇനി മുതല്‍ ഗൂഗിള്‍ പ്ലസില്‍ അംഗമാകാം. ഫെയ്‌സ്ബുക്കുമായി ഗൂഗിള്‍ പ്ലസിന് നേര്‍ക്കുനേര്‍ മത്സരിക്കാമെന്ന് സാരം.
മൂന്നുമാസം കൊണ്ട് 91 മെച്ചപ്പെടുത്തലുകള്‍ ഈ സര്‍വീസില്‍ ഗൂഗിള്‍ നടത്തുകയുണ്ടായി. പുതിയ ഒന്‍പതെണ്ണം കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരണങ്ങളുടെ സംഖ്യ നൂറ് തികച്ചുകൊണ്ടാണ് ഗൂഗിള്‍ പ്ലസ് പൊതുജനസമക്ഷം എത്തുന്നതെന്ന്,
ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിക്കുന്നു. ആ നൂറാമത്തെ പ്രത്യേകതയാണ് ആര്‍ക്കു വേണമെങ്കിലും
ഗൂഗിള്‍ പ്ലസില്‍ ചേരാമെന്നുള്ളത്.
തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ 'ഹാങൗട്ട്‌സ്' (Hangouts) എന്ന ഫീച്ചറാണ് ഏറ്റവും മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടതെന്ന് ഗൂഗിള്‍ പറയുന്നു. പത്തുപേര്‍ക്ക് ഓണ്‍ലൈനില്‍ ഒരേസമയം വീഡിയോ ചാറ്റിങ് സാധ്യമാക്കുന്ന ഫീച്ചറാണ് ഹാങൗട്ട്‌സ്.
സ്വാഭാവികമായും ഹാങൗട്ട്‌സ് ഫീച്ചറിന് കൂടുതല്‍ കരുത്തു പകരുന്ന പരിഷ്‌ക്കരണങ്ങളാണ് പുതിയതായി ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മൊബൈല്‍ യൂസര്‍മാര്‍ക്കും ബ്രോഡ്കാസ്റ്റിങിലും ഹാങൗട്ട്‌സ് ഫീച്ചര്‍ ഉപയോഗിക്കാന്‍ പുതിയ നീക്കം വഴി തുറക്കുന്നു.
നിങ്ങളുടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ ആന്‍ഡ്രോയിഡ് 2.3 മുതലുള്ള പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, വീഡിയോ കാളിങിനായി ഫ്രണ്ട് ക്യാമറയുള്ളതാണെങ്കില്‍, ഹാങൗട്ട്‌സിന്റെ മൊബൈല്‍ സേവനം ഇനി സാധ്യമാണ്.
യൂസറിന് ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റിങ് സാധ്യമാക്കുന്നതാണ് പുതിയതായി അവതരിപ്പിച്ച മറ്റൊരു സംഗതി. 'ഹാങൗട്ട് ഓണ്‍ എയര്‍' (Hangout on Air) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ ബുധാനാഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങും-ഗൂഗിള്‍ ബ്ലോഗ് പറയുന്നു.
സെര്‍ച്ച് സര്‍വീസ് ഗൂഗിള്‍ പ്ലസിനുള്ളിലും എത്തി എന്നതാണ് മറ്റൊരു പരിഷ്‌ക്കരണം. ഗൂഗിള്‍ പ്ലസില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കോടിക്കണക്കിന് അപ്‌ഡേറ്റുകളില്‍ നിന്ന് വിവിധ വിഷയങ്ങളിലുള്ള പോസ്റ്റുകള്‍ തിരയാന്‍, ഗൂഗിള്‍ സെര്‍ച്ചിന്റെ ശക്തി ഇനി യൂസര്‍ക്ക് പ്രയോജനപ്പെടുത്താം.
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ
ഫെയ്‌സ്ബുക്ക് അതിന്റെ ചില ഫീച്ചറുകളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന സമയത്തു തന്നെയാണ്, ഗൂഗിള്‍ പ്ലസ് നേരിട്ട് മത്സരത്തിനെത്തുന്നത് എന്നകാര്യം ശ്രദ്ധേയമാണ്.
ഗൂഗിള്‍ പ്ലസിലെ 'സര്‍ക്കിള്‍' ഫീച്ചറിന്റെ ചുവടുപിടിച്ച്,
ഫ്രണ്ട്‌സ് പട്ടിക പുനക്രമീകരിക്കാനുള്ള സംവിധാനം ഫെയ്‌സ്ബുക്ക് നടപ്പാക്കിയത് അടുത്തയിടെയാണ്. യൂസര്‍മാരുടെ ന്യൂസ് ഫീഡുകളില്‍ ഫോട്ടോ കൂടുതല്‍ വലിപ്പത്തില്‍ കാണിക്കുകയെന്നതാണ് ഫെയ്‌സ്ബുക്ക് കൊണ്ടുവന്നിട്ടുള്ള മറ്റൊരു മാറ്റം.
നിലവില്‍ 75 കോടി അംഗങ്ങള്‍ ഫെയ്‌സ്ബുക്കിലുണ്ടെന്നാണ് കണക്ക്. ഗൂഗിള്‍ പ്ലസിലുള്ള അംഗങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല. വിശകലന കമ്പനികളുടെ കണക്കു പ്രകാരം 250 ലക്ഷം യൂസര്‍മാര്‍ ഗൂഗിള്‍ പ്ലസില്‍ അംഗങ്ങളായിട്ടുണ്ട്.
എന്നുവെച്ചാല്‍, ഗൂഗിള്‍ പ്ലസ് അതിന്റെ ശൈശവാവസ്ഥ ഇനിയും പിന്നിട്ടിട്ടില്ല എന്നര്‍ഥം. അതു പിന്നിട്ട് ഗൂഗിള്‍ പ്ലസ് പ്രായപൂര്‍ത്തിയിലെത്തുമോ എന്നതാണ് ചോദ്യം...കാത്തിരുന്ന് കാണേണ്ട കാര്യമാണിത്.