
രണ്ടാഴ്ചയ്ക്കുള്ളില്‍ പത്തു മില്യണ്‍ അംഗങ്ങള്‍- ഗൂഗിള്‍ പ്ലസിന്റെ പ്രകടനം അത്ര മോശമല്ലെന്ന് പ്രതിയോഗികള്‍ പോലും സമ്മതിക്കും. ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്രോജക്ടിനെപ്പറ്റി പുറത്തു വന്നിട്ടുള്ള മറ്റൊരു ശ്രദ്ധേയമായ വസ്തുത, അതിലെ അംഗങ്ങളില്‍ മഹാഭൂരിപക്ഷവും പുരുഷന്‍മാരാണ് എന്നതാണ്!
'ഫൈന്‍ഡ് പീപ്പിള്‍ ഓണ്‍ പ്ലസ്' നടത്തിയ സര്‍വ്വെ പ്രകാരം ഗൂഗിള്‍ പ്ലസിലെ ആകെ അംഗങ്ങളില്‍ ഏതാണ്ട് മുക്കാല്‍ പങ്കും പുരുഷന്‍മാരാണ് (73.7 ശതമാനം). അതേസമയം സ്ത്രീകള്‍ 24.74 ശതമാനമേ വരൂ.
ഈ സര്‍വ്വെ അനുസരിച്ച് (947,996 ഗൂഗിള്‍ പ്ലസ് യൂസര്‍മാരെ പരിഗണിച്ചുകൊണ്ടുള്ള കണക്കാണ് ഇവര്‍ പുറത്തുവിട്ടിട്ടുള്ളത്), ഗൂഗിള്‍ പ്ലസില്‍ 24.56 ശതമാനം അംഗങ്ങള്‍ എന്‍ജിനിയര്‍മാരും, 13.57 ശതമാനം സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാരുമാണ്.
എന്നാല്‍, ഈ സര്‍വ്വെ തെറ്റാണെന്നും അത്രത്തോളം പുരുഷാധിപത്യം ഗൂഗിള്‍ പ്ലസില്‍ ഇല്ലെന്നും, 'ആന്‍സിസ്ട്രി ഡോട്ട് കോം' സ്ഥാപകനും സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധനുമായ പോള്‍ അലനെ ഉദ്ധരിച്ച്
മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോള്‍ അലന്‍ നടത്തിയ കണക്കുകൂട്ടലനുസരിച്ച് ഗൂഗിള്‍ പ്ലസിലെ 33.6 ശതമാനം യൂസര്‍മാര്‍ സ്ത്രീകളാണ്.
ജൂണ്‍ അവസാനം
പരീക്ഷണാര്‍ഥം ആരംഭിച്ച ഗൂഗിള്‍ പ്ലസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പത്തു മില്യണ്‍ അംഗങ്ങള്‍ തികഞ്ഞ കാര്യം, ഗൂഗിള്‍ മേധാവി ലാരി പേജ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗൂഗിളിന്റെ ലാഭം എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ട് വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളും കൂടി ചേര്‍ത്തു വായിച്ചാല്‍, ഗൂഗിളിനെ സംബന്ധിച്ച് ഒരു നല്ല വാരമാണിത്.
1+ ബട്ടണ്‍ ഉപയോഗിച്ച് ദിനംപ്രതി ഒരു ബില്യണ്‍ (നൂറ് കോടി) ലിങ്കുകള്‍
ഗൂഗിള്‍ പ്ലസില്‍ പങ്കിടുകയെ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നതായി ലാറി പേജ് അറിയിച്ചു. ഗൂഗിള്‍ പ്ലസിന്റെ പുരോഗതിയില്‍ തങ്ങള്‍ സത്യത്തില്‍ ആവേശഭരിതരാണെന്ന് പേജ് പറഞ്ഞു.
ഗൂഗിള്‍ പ്ലസിന്റെ മുഖ്യ പ്രതിയോഗിയായ
ഫെയ്‌സ്ബുക്കിന്റെ അംഗബലം 750 മില്യണ്‍ ആണെന്നോര്‍ക്കുക. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലസിന് ഏറെ ദൂരം പോകാനുണ്ട്. ഏതായാലും തുടക്കം മോശമായില്ല എന്നു മാത്രമേ ഇപ്പോഴത്തെ കണക്കു വെച്ച് വിലയിരുത്താനാകൂ.
ഗൂഗിള്‍ പ്ലസ് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്, ഔദ്യോഗികമായി അത് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. പ്രത്യേക ക്ഷണം വഴിയേ ഗൂഗിള്‍ പ്ലസില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. ഈ ഘട്ടം കഴിയുന്നതോടെ ഗൂഗിള്‍ പ്ലസ് കൂടുതല്‍ കരുത്തു കാട്ടുമെന്ന് ഗൂഗിളിന്റെ ആരാധാകര്‍ ആശ്വസിക്കുന്നു.