
പുതിയതായി രംഗത്തെത്തിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഗൂഗിള്‍ പ്ലസിന് വേണ്ടി ഫെയ്‌സ്ബുക്ക് വിടാന്‍ 50 ശതമാനം യൂസര്‍മാര്‍ തയ്യാറാണെന്ന് സര്‍വെ ഫലം.
'പിസി മാഗസിന്‍' നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ്,
പങ്കെടുത്ത പകുതിപ്പേരും ഗൂഗിള്‍ പ്ലസിന് വേണ്ടി ഫെയ്‌സ്ബുക്കിനെ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് അഭിപ്രായപ്പെട്ടത്.
ഇപ്പോഴും പരീക്ഷണഘട്ടത്തിലുള്ള ഗൂഗിള്‍ പ്ലസില്‍ അംഗബലം 18 മില്യണ്‍ തികയുന്ന സമയത്താണ് ഇത്തരമൊരു സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ 750 മില്യണ്‍ ആണ്.
ഓണ്‍ലൈന്‍ സര്‍വെയില്‍ പങ്കെടുത്ത 6237 പേരില്‍ 3091 പേര്‍ (50 ശതമാനം), ഗൂഗിള്‍ പ്ലസ് തങ്ങള്‍ക്ക് ഇഷ്ടമായെന്നും ഫെയ്‌സ്ബുക്ക് വിടാന്‍ ഒരുങ്ങുകയാണെന്നും വെളിപ്പെടുത്തി.
എന്നാല്‍, സര്‍വെയില്‍ പങ്കെടുത്തവരില്‍ 21 ശതമാനം പേര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. തങ്ങള്‍ക്ക് ഇതുവരെയും ഗൂഗിള്‍ പ്ലസില്‍ ചേരാനായിട്ടില്ലെന്ന് 12 ശതമാനം പേര്‍ പറഞ്ഞപ്പോള്‍, 11 ശതമാനം പേര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ആശയത്തെ തന്നെ തള്ളിക്കളയുന്നതായി പ്രസ്താവിച്ചു.
ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇതാണ് - പകരം വെയ്ക്കാന്‍ പറ്റാത്ത ഒന്നാണ് ഫെയ്‌സ്ബുക്ക് എന്ന് അഭിപ്രായപ്പെട്ടവര്‍ ഏഴു ശതമാനം മാത്രം.
അനൗപചാരികമായി നടത്തിയ ഈ സര്‍വെയുടെ ഫലം വ്യക്തമാക്കുന്നത്, ആളുകള്‍ക്ക് ഫെയ്‌സ്ബുക്ക് കൂടുതല്‍ അലോസരമായിത്തുടങ്ങി എന്നാണെന്ന് പിസി മാഗസിന്റെ റിപ്പോര്‍ട്ട് പറയുന്നു.