2011 ജൂണ്‍ അവസാനം ഗൂഗിള്‍ അതിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസ് പരീക്ഷണാര്‍ഥം അവതരിപ്പിച്ചപ്പോള്‍,
ഫെയ്‌സ്ബുക്കിന്റെ പ്രതിയോഗിയാകുമോ ഗൂഗിള്‍ പ്ലസ് എന്ന ചര്‍ച്ചയാണ് വിവിധ വേദികളില്‍ നിറഞ്ഞത്. യഥാര്‍ഥത്തില്‍ ഫെയ്‌സ്ബുക്ക് മാത്രമാണോ ഗൂഗിള്‍ പ്ലസിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.
ട്വിറ്റര്‍ (Twitter),
മൈസ്‌പേസ് (MySpace),
ലിങ്കഡ്ഇന്‍ (LinkedIn) ഒക്കെ ഏറെക്കാലമായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖലയില്‍ സ്വാധീനമുറപ്പിച്ച സര്‍വീസുകളാണ്. ഇവ കൂടാതെ വിവിധ രാജ്യങ്ങളില്‍ ജനപ്രിയമായ വേറെയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസുകളുണ്ട്.
അമേരിക്കയിലെ കാര്യമെടുക്കുക. പ്രതിമാസം 138.9 മില്യണ്‍ യു.എസ്.സന്ദര്‍ശകരാണ് ഫെയ്‌സ്ബുക്കിനുള്ളത്. ട്വിറ്ററിന് ഇത് 94.2 മില്യണും
ടംബ്ലറിന് (Tumblr) 36 മില്യണും ലിങ്കഡ്ഇന്‍ സര്‍വീസിന് 40.6 മില്യണും യൂട്യൂബിന് 137.3 മില്യണും സന്ദര്‍ശകരാണ് അമേരിക്കയിലുള്ളത്. ഇത്രയും ഉപഭോക്താക്കളുടെ പിന്തുണയുള്ള ഈ സൈറ്റുകളോടാണ് നവാഗതനായ ഗൂഗിള്‍ പ്ലസ് മത്സരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയാണ് ഗൂഗിള്‍ പ്ലസ് ലക്ഷ്യമിടുന്നത്. സ്വാഭാവികമായും വിവിധ രാജ്യങ്ങളില്‍ അംഗീകാരം നേടിയിട്ടുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളോട് ഗൂഗിള്‍ പ്ലസ് മത്സരിച്ചേ തീരൂ. ലക്ഷക്കണക്കിന് സന്ദര്‍ശകരുടെ ആ സൈറ്റുകളും ഗൂഗിള്‍ പ്ലസിന്റെ പ്രതിയോഗികളാണ്. വെറും ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് മത്സരമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖലയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് സാരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരം നേടിയ പ്രധാനപ്പെട്ട ചില സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെ പരിചയപ്പെടാം-
1. മിക്‌സി (Mixi): 30 മില്യണിലേറെ യൂസര്‍മാരുള്ള ജാപ്പനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റാണ്
മിക്‌സി. ഇത് ജപ്പാനിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വിപണിയുടെ 80 ശതമാനം വരും. വിനോദത്തിന് ഊന്നല്‍ നല്‍കുന്ന ഈ സര്‍വീസ്, സമാന താത്പര്യമുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്നു. എന്നാല്‍, തോന്നിയതു പോലെ സുഹൃത്തുക്കളെ കൊണ്ടുനടക്കാനൊന്നും മിക്‌സി സമ്മതിക്കില്ല. പരമാവധി ആയിരം സുഹൃത്തുക്കളെയേ അനുവദിക്കൂ. മാത്രമല്ല, അംഗീകൃത ജാപ്പനീസ് ഫോണ്‍ നമ്പര്‍ ഉള്ളവര്‍ക്കേ ഇതില്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കൂ.
2. റെന്‍റെന്‍ (Renren): ചൈനയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഒരെണ്ണമാണ് റെന്‍റെന്‍. 130 മില്യണ്‍ യൂസര്‍മാരുണ്ടെന്നാണ് റെന്‍റെന്‍ അവകാശപ്പെടുന്നത്. ഈ സൈറ്റ് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഏറെ പ്രശസ്തം. ഫെയ്‌സ്ബുക്കിന്റെ ഒരു കോപ്പി പോലെ, സമാനമായ നിറവും ലോഗോയും ലേഔട്ടുമൊക്കെയായാണ് റെന്‍റെന്‍ ആരംഭിച്ചത്. ഇപ്പോള്‍ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഗെയിമുകള്‍ ലഭ്യമായ സൈറ്റുകളിലൊന്നാണിത്. നിലവില്‍ 1.2 ബില്യണ്‍ മൂല്യം കണക്കാക്കുന്ന സര്‍വീസാണിത്.
3. സൈവേള്‍ഡ് (Cyworld): ദക്ഷിണ കോറിയയിലും വിയറ്റ്‌നാമിലുമായി 18 മില്യണ്‍ യൂസര്‍മാരുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസാണ് സൈവേള്‍ഡ്.
'ഡൊട്ടൊറി' (dotori) എന്ന വിര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച് വിര്‍ച്വല്‍ സാധനങ്ങള്‍ ക്രയവിക്രയം ചെയ്യാന്‍ ഈ സര്‍വീസ് സഹായിക്കുന്നു.
4. ഹി 5 (Hi5): 2003 ല്‍ അമേരിക്കയില്‍ രൂപപ്പെട്ട സൈറ്റാണ് ഹി 5 എങ്കിലും ഇത് ജനപ്രീതിയാര്‍ജിച്ചത് മറ്റ് രാജ്യങ്ങളിലാണ്. ഇന്ത്യയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് ഹി 5 ഇന്ന് ഏറെ പ്രശസ്തം. ഇന്ററാക്ടീവ് ഗെയിമിങ്, വിര്‍ച്വല്‍ സാധനങ്ങളുടെ ക്രയവിക്രയം ഒക്കെ സാധ്യമാണ് ഈ സൈറ്റില്‍.
5. വിസ്പര്‍ (Whispurr): ഐര്‍ലണ്ടിലും തുര്‍ക്കിയിലും ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസാണിത്. യൂസര്‍മാര്‍ക്ക് തങ്ങളുടെ ഈമെയില്‍ വിലാസത്തില്‍ നിന്ന് 300 ക്യാരക്ടര്‍ വരെ ദൈര്‍ഘ്യമുള്ള എസ്.എം.എസ്.ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാന്‍ വിസ്പര്‍ അവസരമൊരുക്കുന്നു.
6. സ്‌കൈറോക്ക് (Skyrock): ഫ്രാന്‍സില്‍ വളരെ ജനപ്രതീയാര്‍ജിച്ച ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിന് 21 മില്യണ്‍ യൂസര്‍മാരുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന സവിശേഷതകള്‍ ഉപയോഗിക്കുന്ന ഈ സൈറ്റ് മുഖ്യമായും ബ്ലോഗുകള്‍ക്കായാണ് യൂസര്‍മാര്‍ ഉപയോഗിക്കുന്നത്. സംഗീതജ്ഞര്‍ക്ക് യഥാര്‍ഥ ട്രാക്കുകള്‍ പങ്കിടാനും ഈ സൈറ്റ് അവസരമൊരുക്കുന്നു.
7. ട്യുയേന്റി (Tuenti): 'സ്‌പെയിനിലെ ഫെയ്‌സ്ബുക്ക്' എന്ന് വിശേഷണമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസാണ് ട്യുയേന്റി. 9.2 മില്യണ്‍ യൂസര്‍മാരുണ്ടെന്ന് കണക്കാക്കുന്ന ഈ സൈറ്റ് ശരിക്കും ഫെയ്‌സ്ബുക്കിന് സമാനമായ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്പാനിഷ് സംസാരിക്കുന്നവരെയാണ് ഈ സൈറ്റ് മുഖ്യമായും ലക്ഷ്യംവെയ്ക്കുന്നത്.
8. ഒഡ്‌നോക്ലസ്സ്‌നികി (Odnoklassniki): ക്ലാസ്‌മേറ്റുകളുമായും പഴയകാല സുഹൃത്തുക്കളുമായും ബന്ധപ്പെടാന്‍ സഹായിക്കുന്ന സോഷ്യല്‍നെറ്റ് വര്‍ക്ക് വെബ്‌സൈറ്റ്. 450 ലക്ഷം യൂസര്‍മാരുള്ള വെബ്‌സൈറ്റ്. റഷ്യന്‍ ഇന്‍ര്‍നെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ സര്‍വീസ്.
9. നെറ്റ്‌ലോഗ് (Netlog): യൂറോപ്പില്‍ വലിയ ജനപ്രീതിയാര്‍ജിച്ച ഈ ബെല്‍ജിയന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് 77 മില്യണ്‍ യൂസര്‍മാരുണ്ട്. അംഗങ്ങള്‍ക്ക് പേഴ്‌സണല്‍ പേജുകള്‍ സൃഷ്ടിക്കാന്‍ ഈ സൈറ്റ് അവസരമൊരുക്കുന്നു. ആ പേജില്‍ വീഡിയോകളും ഗാനങ്ങളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുകയുമാകാം. മാത്രമല്ല, 25 വ്യത്യസ്ത ഭാഷകളില്‍ ഗെയിമുകളും ഉള്ളടക്കവും നല്‍കുന്നതു മൂലം, ഈ സൈറ്റിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ വര്‍ധിക്കുകയാണ്.
10. സ്റ്റഡിവിഇസഡ് (StudiVZ): ഈ ജര്‍മന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസിന് യൂറോപ്യന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കിടിയില്‍ വലിയ സ്വാധീനമുണ്ട്. 16 മില്യണ്‍ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഈ സൈറ്റില്‍. ഈ സൈറ്റില്‍ ഉപയോക്താവിന് സ്വന്തം പേജുണ്ടാക്കാം, ചര്‍ച്ച നടത്താം, ഗ്രൂപ്പുകള്‍ സൃഷ്ടിക്കാം. ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനവുമായി ഇതിന് വലിയ സാമ്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന്, 2009 ല്‍ ഇരു കമ്പനികളും തമ്മില്‍ പരസ്പര ധാരണ ഉണ്ടാക്കുകയുണ്ടായി.