'ജിമെയില്‍ മാന്‍!' -മൈക്രോസോഫ്ടിന്റെ 'പാര'ഡി

Posted on: 29 Jul 2011


-സ്വന്തം ലേഖകന്‍




കഴിഞ്ഞ ജൂണില്‍ മൈക്രോസോഫ്ട് അതിന്റെ ക്ലൗഡ് അധിഷ്ഠിത 'ഓഫീസ് 365' സര്‍വീസ് അവതരിപ്പിച്ചപ്പോഴേ ഗൂഗിള്‍ അതിനെതിരെ കുത്തിത്തിരുപ്പുകള്‍ തുടങ്ങിയിരുന്നു. 'ഗൂഗിള്‍ ആപ്പ്‌സ് പരിഗണിക്കാന്‍ 365 കാരണങ്ങള്‍' എന്ന തലവാചകത്തോടെ ഒരു ബ്ലോഗുപോലും ഗൂഗിള്‍ പ്രസിദ്ധീകരിച്ചു.

ഇപ്പോഴിതാ, 'ഓഫീസ് 365 അനുഭവത്തിന്റെ എതിരനുഭവം' എന്ന വിശദീകരണത്തോടെ ഒരു യൂട്യൂബ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നു, ഗൂഗിളിന്റെ ജിമെയിലിനെ കളിയാക്കിക്കൊണ്ട്. ആരാണിതിന് പിന്നിലെന്ന് വീഡിയോയില്‍ ഇല്ലെങ്കിലും, മൈക്രോസോഫ്ടാണ് ഈ പാരഡി തയ്യാറാക്കിയിരിക്കുന്നതെന്ന് ടെക് രംഗത്തെ വിദഗ്ധര്‍ കരുതുന്നു.

കഴിഞ്ഞയാഴ്ച 'മൈക്രോസോഫ്ട് ഗ്ലോബല്‍ എക്‌സ്‌ചേഞ്ച്' സമ്മേളനത്തില്‍ 'ജിമെയില്‍ മാന്‍!'(GMailman) എന്ന ഈ വീഡിയോ കാട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം സത്യമാണെങ്കില്‍, മൈക്രോസോഫ്ടും ഗൂഗിളും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഏറ്റവുമൊടുവിലത്തെ പ്രകടനമാണിത്.



ജിമെയിലിനെ പരിഹസിച്ചുകൊണ്ടുള്ളതാണ് വീഡിയോ. അത് അവസാനിക്കുന്നത്, 'നിങ്ങളുടെ ഈമെയില്‍ നിങ്ങളുടെ ബിസിനസാണ്. ഗൂഗിള്‍ അത് അവരൂടേതാക്കുന്നു' എന്ന പ്രസ്താവനയോടെയാണ്.

വീഡിയോയുടെ കര്‍തൃത്വത്തെക്കുറിച്ച് മൈക്രോസോഫ്ട് ഒന്നും പറയുന്നില്ലെങ്കിലും, അത് അവരുടേത് തന്നെയാണെന്ന് സെഡ്‌നെറ്റി (ZDNet) ലെ മേരി-ജോ ഫോളീ അഭിപ്രായപ്പെടുന്നു. 'മൈക്രോസോഫ്ടിന്റേതാണ് ഇതെന്ന് സൂചിപ്പിക്കുന്ന എല്ലാ അടയാളങ്ങളും വീഡിയോയിലുണ്ട്'-ഫോളീ ചൂണ്ടിക്കാട്ടുന്നു.

ജിമെയില്‍ മാന്‍ തുറന്ന് അകത്ത് കയറുന്ന ഓഫീസ് 'കോന്റോസോ ലിമിറ്റഡി' (Contoso Ltd) ന്റേതാണ്. മൈക്രോസോഫ്ടിന്റെ ഇഷ്ട വ്യാജനാമമാണ് കൊന്റോസോ എന്നകാര്യം ഫോളീ ഓര്‍മിപ്പിക്കുന്നു.
TAGS:
gmail  |  microsoft office  |  office 365  |  microsoft  |  google  |  youtube video 


Stories in this Section