ഗൂഗിള്‍ ഗ്ലാസിനെ അപേക്ഷിച്ച് സ്റ്റൈലുള്ള, വിലകുറവുള്ള, ലളിതമായ ഒരു 'മായക്കണ്ണട' രംഗത്തെത്തുന്നു. ഗ്ലാസ്അപ് ( GlassUp ) എന്ന പേരില്‍ അത്തരമൊരു സ്മാര്‍്ട്ട് കണ്ണട നിര്‍മിക്കാന്‍ തീരുമാനിച്ചതായി ഒരു ഇറ്റാലിയന്‍ ടീമാണ് പ്രഖ്യാപിച്ചത്.
ഒരു 'ഇന്‍ഡീഗോഗൊ' ( IndieGogo ) പദ്ധതിയാണ് ഗ്ലാസ്അപ്. തങ്ങളുടെ ഓഗ്മെന്റഡ് കണ്ണടയുടെ നിര്‍മാണം ആരംഭിക്കാന്‍ ഒന്നരലക്ഷം ഡോളര്‍ സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇറ്റാലിന്‍ ടീം വ്യക്തമാക്കി. ഗ്ലാസ്അപിന്റെ പ്രാഥമികരൂപം കഴിഞ്ഞ ജനവരിയില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചിരുന്നു.
2014 ഫിബ്രവരിയോടെ ഗ്ലാസ്അപ് മോഡലുകളുടെ ഉത്പാദനം വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങാനാണ് പദ്ധതി. കണ്ണടയൊന്നിന് 299 ഡോളര്‍ (ഏതാണ്ട് 18,000 രൂപ) വിലയാകുമെന്നാണ് കണക്ക്.
ഗൂഗിള്‍ ഗ്ലാസും ഗ്ലാസ്അപും തമ്മില്‍ ഡേറ്റ ഡിസ്‌പ്ലെ ചെയ്യുന്ന രീതിയില്‍ മൗലികമായ വ്യത്യാസമുണ്ടെന്ന്, ഗ്ലാസ്അപിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഫ്രാന്‍സെസ്‌കോ ജിയാര്‍ട്ടോസിയോ അറിയിച്ചു.
ഒരു ഓഫ്‌സെറ്റ് പ്രൊജക്ടറിന്റെ സഹായത്തോടെ ഗ്ലാസിന്റെ വക്കിലേക്ക് വിവരങ്ങള്‍ പ്രൊജക്ട് ചെയ്യുന്നതിന് പകരം, ഗ്ലാസ്അപില്‍ ഒരു ലെന്‍സ് അതിനായി മാത്രം ഗ്ലാസില്‍ പതിച്ചിട്ടുണ്ടാകും. ഗ്ലാസ്അപ് ധരിക്കുന്നയാളുടെ കണ്ണിന് മുന്നില്‍ തന്നെ മോണോക്രൊമാറ്റിക് ടെക്‌സ്റ്റ് നേരിട്ട് പ്രത്യക്ഷപ്പെടാന്‍ അത് സഹായിക്കും. 320 X 240 പിക്‌സല്‍ റിസല്യൂഷനിലാണ് ഗ്ലാസ്അപിലെ ഡിസ്‌പ്ലെ പ്രത്യക്ഷപ്പെടുക.
ഗൂഗിള്‍ ഗ്ലാസ് ധരിക്കുമ്പോള്‍ ഡിസ്‌പ്ലെ കാണാന്‍ 'നിങ്ങള്‍ കണ്ണുകളുയര്‍ത്തണം', ജിയാര്‍ട്ടോസിയോ ചൂണ്ടിക്കാട്ടി. 'അത് സുഖകരമല്ല എന്ന് മാത്രമല്ല, തുടര്‍ച്ചയായി അങ്ങനെ കാണുന്നത് നന്നുമല്ല' - അദ്ദേഹം അഭിപ്രായപ്പെട്ടു. 42.5 ഗ്രാം ഭാരമുള്ള ഗ്ലാസ്അപില്‍ സാധാരണ ഉപയോഗത്തിന് എട്ട് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് ലഭിക്കും; 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും.
ശരീരത്തിലണിയാവുന്ന കമ്പ്യൂട്ടിങ് ( wearable computing ) ഉപകരണങ്ങളുടെ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്ന അനേകം കമ്പനികളിലൊന്നാണ് ഗ്ലാസ്അപ്. സ്മാര്‍ട്ട്‌ഫോണിന്റെയോ ടാബ്‌ലറ്റിന്റെയോ 'ഒരു രണ്ടാംസ്‌ക്രീന്‍ ഔട്ട്പുട്ട്' ആയാണ് ഗ്ലാസ്അപ് വിഭാവനം ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് വഴി അത് സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും പോലുള്ള ഉപകരണവുമായി ബന്ധപ്പെട്ടായിരിക്കും പ്രവര്‍ത്തിക്കുക.
എന്നുവെച്ചാല്‍ , വിവരങ്ങള്‍ സ്വീകരിക്കാന്‍ മാത്രമേ ഗ്ലാസ്അപിന് കഴിയൂ. അതേസയമം,
ഗൂഗിള്‍ ഗ്ലാസിന് സ്മാര്‍ട്ട്‌ഫോണ്‍ പോലെ വിവരങ്ങള്‍ സ്വീകരിക്കാനും അയയ്ക്കാനും ശേഷിയുണ്ട്. ശബ്ദനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാനും ഗ്ലാസ്അപിന് കഴിയില്ല. ഭാവിയില്‍ ആ കഴിവ് ഗ്ലാസ്അപിന് ലഭിക്കുമെന്ന് ജിയാര്‍ട്ടോസിയോ അറിയിക്കുന്നു.
ഗൂഗിള്‍ ഗ്ലാസിലേതുപോലെ, ഫോട്ടോകളെടുക്കാനും വീഡിയോ പിടിക്കാനും ക്യാമറയും ഗ്ലാസ്അപിലില്ല. എന്നാല്‍ , അക്‌സലറോമീറ്റര്‍, കോംപസ്, ലൈറ്റ് സെന്‍സര്‍ തുടങ്ങിയവയൊക്കെ ഉണ്ട്.