അച്ഛനും അമ്മയുമൊഴികെ എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് കിട്ടുമെന്ന കുപ്രസിദ്ധിയുള്ള 'കുന്നംകുളം' മാര്‍ക്കറ്റിന്റെ ഗ്ലോബലൈസ്ഡ് വേര്‍ഷനാണ് ചൈന. മൊബൈല്‍ഫോണുകളുടെ കാര്യത്തിലാണ് ചൈനീസ് ഗ്രേ മാര്‍ക്കറ്റ് ലോകപ്രശസ്തി നേടിയിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ ഫോറിന്റെയും സാംസങ് ഗാലക്‌സി എസ് ത്രിയുടെയും ഈച്ചക്കോപ്പികള്‍ ചെറിയ വിലയ്ക്ക് ചൈനയില്‍ കിട്ടാനുണ്ട്. ഒറിജിനല്‍ ഏതാണെന്ന് മനസിലാക്കാന്‍ വിഷമിച്ചുപോകുന്നത്ര പൂര്‍ണതയോടെയാണ് ചൈനീസ് വ്യാജന്‍മാരുടെ നിര്‍മിതി. 2009 ല്‍ ഒന്നരക്കോടി ചൈനീസ് ഫോണുകള്‍ ലോകമെങ്ങും വിറ്റഴിഞ്ഞിരുന്നു. മൊത്തം മൊബൈല്‍വിപണിയുടെ 13 ശതമാനവും കൈയടക്കിയത് അന്ന് ചൈനീസ് ഫോണുകളായിരുന്നു. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം വിപണിപ്രാതിനിധ്യം ഇരട്ടിയെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഡ്യൂപ്ലിക്കേറ്റ് ഫോണുകളുടെ കാര്യത്തില്‍ മാത്രമല്ല ഇപ്പോള്‍ ചൈന മുന്നില്‍ നില്‍ക്കുന്നത്. ഗുണമേന്മയില്‍ കുത്തക കമ്പനികളോട് കിടപിടിക്കുന്ന മൊബൈല്‍ഫോണ്‍ കമ്പനികളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ചൈനയില്‍ നിന്ന് ഉദിച്ചുയര്‍ന്നിട്ടുണ്ട്. ഹ്വാവേ, സെഡ്ടിഇ, ജിയോണി എന്നിവ ഉദാഹരണങ്ങള്‍. ലോകത്തെ ഏറ്റവും വലിയ ടെലികോം എക്വിപ്‌മെന്റ് നിര്‍മാതാക്കളായ ഹ്വാവേയുടെ സ്മാര്‍ട്‌ഫോണുകള്‍ ലോകമെങ്ങും നന്നായി വിറ്റുപോകുന്നു.
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളില്‍ താരതമ്യേനെ പുതുമുഖമാണ് ജിയോണി. 2003 ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച ജിയോണി മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആഗോളവിപണിയിലേക്കും പ്രവേശിച്ചു. ഇന്നിപ്പോള്‍ ഗള്‍ഫ്‌രാഷ്ട്രങ്ങള്‍ , ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌വാന്‍ , തയ്‌ലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ജിയോണി മൊബൈല്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. സ്വന്തം നാടായ ചൈനയില്‍ പ്രതിവര്‍ഷം 230 ലക്ഷം യൂണിറ്റ് വില്പനയോടെ വിപണിയില്‍ രണ്ടാംസ്ഥാനം നേടാനും കമ്പനിക്കായി.
ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഈയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു. 'ഇലൈഫ് ഇ6' ( ELIFE E6 ) എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ കാഴ്ചയിലും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഐഫോണിനോടും ഗാലക്‌സി എസ്3 യോടും കിടപിടിക്കുന്നതാണ്.
അഞ്ചിഞ്ച് വിസ്താരമുള്ള ഒ.ജി.എസ്. (വണ്‍ ഗ്ലാസ് സൊല്യൂഷന്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ലോകപ്രശസ്ത സ്‌ക്രീന്‍ ഡിസ്‌പ്ലേ നിര്‍മാണകമ്പനിയായ കോര്‍ണിങിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണിത്. രണ്ട് ചില്ലുപാളികള്‍ ഉപയോഗിച്ചുകൊണ്ടാണ് സാധാരണ ടച്ച്‌സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് ടച്ച് സെന്‍സറായും മറ്റൊന്ന് സെന്‍സറിന്റെ സംരക്ഷണകവചമായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒ.ജി.എസ് സ്‌ക്രീനില്‍ രണ്ടിനുപകരം ഒറ്റ ചില്ലുപാളിയേ ഉണ്ടാകു. ഹാന്‍ഡ്‌സെറ്റിന്റെ ഭാരം കുറയ്ക്കാനും ഡിസ്‌പ്ലേമികവ് വര്‍ധിപ്പിക്കാനും ഒ.ജി.എസ്. സ്‌ക്രീനിനാകും. 1080 X 1020 പിക്‌സല്‍സ് റിസൊല്യൂഷനോട് കൂടിയ ഒ.ജി.എസ്. സ്‌ക്രീനാണ് ജിയോണി ഇലൈഫ് 6ല്‍ ഉപയോഗിച്ചിരിക്കുന്നത്.
1.5 ഗിഗാഹെര്‍ട്‌സ് മീഡിയാടെക്ക് ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി.റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി.. ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ജിയോണി ചില്ലറക്കാരനല്ല. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനാണ് ഫോണിലുള്ളത്. ഒപ്പം ജിയോണിയുടെ സ്വന്തം അമിഗോ യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. ഫോട്ടോഗ്രാഫി താത്പര്യക്കാര്‍ക്കായി എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ രണ്ടാം ക്യാമറയും ഫോണിലുണ്ട്.
ഹാര്‍ട്ട്ബീറ്റ് സിങ്ക്രോണൈസിങ് ടെക്‌നോളജിയാണ് ഇലൈഫ് 6 ന്റെ മറ്റൊരു സവിശേഷതയായി ജിയോണി ഉയര്‍ത്തിക്കാട്ടുന്നത്. ഓരോ പത്തുമിനുട്ട് കൂടുമ്പോഴും പ്രധാന ആപ്ലിക്കേഷനുകളെ ഉണര്‍ത്തി നിര്‍ത്തുന്ന സാങ്കേതികവിദ്യയാണിത്. അങ്ങനെ ചെയ്യുക വഴി ഫോണിന്റെ ബാറ്ററിചാര്‍ജ് ലാഭിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മോഷന്‍ സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എല്ലാവിധ പുത്തന്‍ കസര്‍ത്തുകളും നടത്താനാവുന്ന ഫോണാണിത്. കോള്‍ വരുന്നുണ്ടെങ്കില്‍ ഫോണെടുത്ത് ചെവിക്കരികിലേക്ക് പിടിച്ചാല്‍ മതി ഓട്ടോമാറ്റിക്കായി കണക്ട് ആയിക്കൊള്ളൂം. അല്ലെങ്കില്‍ സ്‌ക്രീനിന് മുന്നിലുടെ ഒന്ന് വിരല്‍ വീശിയാലും മതി. സ്‌ക്രീനിന് മുന്നില്‍ നിന്ന് കണ്ണുമാറ്റിയാല്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ തനിയെ നില്‍ക്കും. വീണ്ടും സ്‌ക്രീനിലേക്ക് നോക്കിയാല്‍ മാത്രമേ പ്രദര്‍ശനം പുനരാരംഭിക്കൂ.
കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളുള്ള ഇ6 ല്‍ 2020 എം.എ.എച്ച്.ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭിക്കുന്ന ഈ ഫോണ്‍ ആഗസ്ത് മാസത്തില്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തും. 26,250 രൂപയാകും വില.