കാഴ്ച്ചയില്ലാത്തവര്‍ക്ക് തുണയാകാന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെത്തി. അന്ധരായ ബ്രിട്ടീഷ് ദമ്പതിമാര്‍ വികസിപ്പിച്ച ഉപകരണത്തിന്റെ പേര് 'ജോര്‍ജി'(Georgie) എന്നാണ്.
ശബ്ദസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീനുള്ള ജോര്‍ജി ഫോണില്‍, കാഴ്ച്ചയില്ലാത്തവര്‍ക്ക് അനുഗ്രഹമാകുന്ന ഒട്ടേറെ ആപ്ലിക്കേഷനുകള്‍ (apps) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസ് പിടിക്കാനും ടെക്സ്റ്റ് വായിക്കാനും തങ്ങളിപ്പോഴെവിടെയാണെന്ന് മനസിലാക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആപ്‌സ്.
അന്ധദമ്പതിമാരായ വില്‍സണ്‍-ഹിന്‍ഡ്‌സ് (72), മാര്‍ഗരറ്റ് (62) എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍. കേംബ്രിഡ്ജ്‌ഷൈറില്‍ പീറ്റര്‍ബറോയിലെ വിരമിച്ച അധ്യാപകരായ ഈ ദമ്പതിമാര്‍, ഒരു പതിറ്റാണ്ടിലേറെയായി അന്ധരെ സഹായിക്കാനുള്ള സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് മുഴുകിയിരിക്കുന്നത്.
ഈ ദമ്പതിമാര്‍ രൂപംനല്‍കിയ
'സ്‌ക്രീന്‍ റീഡര്‍' (Screenreader) എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജോര്‍ജി എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ സ്യൂട്ട് വികസിപ്പിച്ചത്. മാര്‍ഗരറ്റിന്റെ ആദ്യ വഴികാട്ടിനായയുടെ പേരാണ് 'ജോര്‍ജി'.
അന്ധര്‍ക്ക് വേണ്ടി കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍ പാക്കേജ് നിര്‍മിച്ച അനുഭവം 'സ്‌ക്രീന്‍ റീഡറി'നുണ്ട്.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായാണ് ജോര്‍ജി പ്രവര്‍ത്തിക്കുന്നത്. ജോര്‍ജി ലോഡ് ചെയ്തിട്ടുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ വേണമെങ്കില്‍ സ്വന്തമാക്കാം. അതല്ലെങ്കില്‍ നിലവില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യാം.
|
|
മാര്‍ഗരറ്റ് ജോര്‍ജി ഫോണുമായി |
'എന്റെ ആദ്യ ടെക്‌സ്റ്റ് മെസേജ് ഈവര്‍ഷമാദ്യം അയയ്ക്കാന്‍ എനിക്ക് ജോര്‍ജിയാണ് തുണയായത്', വില്‍സണ്‍-ഹിന്‍ഡ്‌സ് പറയുന്നു. കാഴ്ച്ച തീരെയില്ലാത്തവര്‍ക്കും കാഴ്ച്ച തീരെ മോശമായവര്‍ക്കും ലഭിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്ന യഥാര്‍ഥ ഡിജിറ്റല്‍ അനുഭവമാണ് ജോര്‍ജി നല്‍കുന്നത്-അദ്ദേഹം അറിയിച്ചു.
കൂടുതല്‍ ആത്മവിശ്വാസത്തോടെ യഥാര്‍ഥലോകത്ത് സഞ്ചരിക്കാനും സ്വാതന്ത്ര്യം നേടാനും അന്ധരായ ആളുകളെ ഈ സങ്കേതം സഹായിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ശബ്ദസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീനിന്റെ സഹായത്തോടെ ജോര്‍ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നമ്പറുകള്‍ ഡയല്‍ ചെയ്യാനും, ശബ്ദനിര്‍ദേശം വഴി ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കാനും കഴിയും.
ഓഡിയോ ബുക്കുകളും, ശബ്ദിക്കുന്ന ന്യൂസ്‌പേപ്പറുകളുമൊക്കെ ജോര്‍ജിയില്‍ ലഭ്യമാണ്. അതിലുള്ള ശബ്ദസഹായി (വോയിസ് അസിസ്റ്റന്റ്) ഏതാണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും. ക്യാമറ അസിസ്റ്റന്റ്, ചിത്രങ്ങള്‍ക്ക് ഓഡിയോ ടാഗിങ് നടത്താനുള്ള സംവിധാനം, ഓഡിയോ ബ്ലോഗിങ് സങ്കേതം, സംസാരിക്കുക വഴി ട്വീറ്റ് ചെയ്യാനുള്ള അവസരം ഇതൊക്കെയുള്ളതാണ് ജോര്‍ജി.
'സൈറ്റ് ആന്‍ഡ് സൗണ്ട് ടെക്‌നോളജി' എന്ന കമ്പനിയാണ് ജോര്‍ജി ഫോണുകള്‍ വിപണിയിലെത്തിച്ചത്. 299 പൗണ്ട് (25000 ലേറെ രൂപ) ആണ് വില. നിലവിലുള്ള ആന്‍ഡ്രോയിഡ് ഫോണുകളില്‍ ജോര്‍ജി ആപ്‌സ് 'ഗൂഗിള്‍ പ്ലേ'യില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 24.99 പൗണ്ട് (2100 രൂപ) മുതല്‍ 149 പൗണ്ട് (12500 രൂപയിലേറെ) വരെ വിലയുള്ള ആപ് പാക്കേജുകള്‍ ലഭ്യമാണ്.