കരയിലും കടലിലും ആകാശത്തും ദിശയറിയാന്‍ സഹായിക്കുന്ന നാവിഗേഷന്‍ സോഫ്റ്റ്‌വേറുകളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മിന്‍. കായികതാരങ്ങള്‍ക്ക് ഏറെ സഹായകരമാകുന്ന മൂന്ന് ജി.പി.എസ്. ഗാഡ്ജറ്റുകള്‍ ഗാര്‍മിന്‍ ഈയിടെ ഇന്ത്യയില്‍ എത്തിച്ചു. ഫെനിക്‌സ്, എഡ്ജ് 810, ഫോര്‍റണ്ണര്‍ 910 എക്‌സ്.ടി. എന്നിവയാണിവ. വ്യത്യസ്തമായ ഉപയോഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഗാഡ്ജറ്റുകള്‍. ഇവരോന്നിന്റെയും സവിശേഷതകള്‍ പരിചയപ്പെടാം-

ലോകത്തെ ആദ്യ ജി.പി.എസ്. വാച്ചാണ് ഫെനിക്‌സെന്ന് ഗാര്‍മിന്‍ അവകാശപ്പെടുന്നു. കാടും മലകളും കയറാന്‍ ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരികള്‍ക്കും കായിക താരങ്ങള്‍ക്കുമാണ് ഈ ഗാഡ്ജറ്റ് ഏറെ പ്രയോജനപ്പെടുക. വാച്ചിനുള്ളിലെ സെന്‍സറുകള്‍ സമുദ്രനിരപ്പില്‍ നിന്ന് എത്രയടി ഉയരത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്നും ഉടന്‍ സംഭവിക്കാനിടയുള്ള കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കും. ഓള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍, കോംപസ്, ബ്ലൂടൂത്ത് എന്നിവയും വാച്ചിലുണ്ട്.
ഓട്ടത്തിന്റെ വേഗവും ചെലവഴിക്കപ്പെട്ട കലോറികളും കണക്കാക്കാന്‍ കഴിയുമെന്നതാണ് കായികതാരങ്ങള്‍ക്ക് ഈ വാച്ച് കൊണ്ടുള്ള പ്രയോജനം. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ ഉള്ളതിനാല്‍ ഓട്ടത്തിനിടെ ഹൃദയമിടിപ്പ് അപായകരമായി ഉയരുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കാം.
ജി.പി.എസ്. മോഡില്‍ തുടര്‍ച്ചയായ 50 മണിക്കൂറും വാച്ച് മോഡില്‍ തുടര്‍ച്ചയായ ആറാഴ്ചകളുമാണ് ഫെനിക്‌സിന്റെ ബാറ്ററി ആയുസ്സ്. 26,500 രൂപയാണ് ഫെനിക്‌സിന്റെ വില.

സൈക്ലിങ് താരങ്ങളെ പ്രത്യേകം മനസില്‍ കണ്ടു നിര്‍മിച്ച ടച്ച്‌സ്‌ക്രീന്‍ ഉപകരണമാണ് എഡ്ജ് 810. നാവിഗേഷനും പരിശീലനത്തിനുള്ള സൗകര്യങ്ങളും ഒറ്റ ഗാഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ജി.പി.എസുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ലോകത്തെവിടെയും ദിശ മനസിലാക്കി നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇതിനു സാധിക്കും.
സ്മാര്‍ട്‌ഫോണുമായി പെയര്‍ ചെയ്താല്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്നുള്ള അറിയിപ്പുകളും എഡ്ജിന്റെ സ്‌ക്രീനില്‍ തെളിയും. ഗാര്‍മിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ എഡ്ജ് ഗാഡ്ജറ്റ് ഉപയോഗിക്കുന്നയാള്‍ ഏതുവഴിയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്ന ലൈവ് ട്രാക്കിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2.6 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയുള്ള എഡ്ജിന് 17 മണിക്കൂറാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. വില, 37,500 രൂപ.
പേരു സൂചിപ്പിക്കുന്നതുപോലെ ഓട്ടക്കാര്‍ക്കുള്ള ജി.പി.എസ്. സ്‌പോര്‍ട്‌സ് വാച്ചാണ് ഫോര്‍റണ്ണര്‍ 110. മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ലോകപ്രശസ്ത കായികതാരങ്ങളില്‍ പലരും ഇതേ മോഡല്‍ കൈത്തണ്ടയിലണിയുന്നുണ്ടെന്ന് ഗാര്‍മിന്‍ അവകാശപ്പെടുന്നു. ഓട്ടത്തിന്റെ വേഗവും ദിശയും ലക്ഷ്യസ്ഥാനത്തേക്ക് ബാക്കിയുളള ദുരവുമെല്ലാം വാച്ചിന്റെ സ്‌ക്രീനില്‍ തെളിയും. ഓട്ടത്തിനായി ചെലവഴിക്കപ്പെടുന്ന കലോറിയുടെ കണക്കും ഹൃദയമിടിപ്പ് നിരക്കും ഇതിനൊപ്പം സ്‌ക്രീനില്‍ കാണാം.
ഓരോ തവണ ഓടുമ്പോഴുണ്ടാവുന്ന കണക്കുകള്‍ ഫോണില്‍ സൂക്ഷിച്ചുവെക്കാന്‍ കഴിയും. അടുത്ത തവണ ഓടുമ്പോള്‍ മുമ്പത്തെ പ്രകടനവുമായി താരതമ്യം ചെയ്യാന്‍ ഇതു സഹായകരമാകും. 50 മീറ്റര്‍ വരെ വെള്ളത്തിനടിയില്‍ മുക്കിയിട്ടാലും ഒരു തുള്ളിവെള്ളം പോലും കയറാത്ത വാച്ചാണിത്. അതുകൊണ്ടുതന്നെ നീന്തല്‍താരങ്ങള്‍ക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാം. തുടര്‍ച്ചയായ 20 മണിക്കൂര്‍ ബാറ്ററി ആയുസ്സുള്ള ഈ ഉപകരണത്തിന് 31,999 രൂപയാണ് വില.