സ്മാര്‍ട്ട് ഫോണുകളുടെ പിന്നാലെയാണ് ഇന്ത്യന്‍ ഉപഭോക്താക്കളെന്ന് മൊബൈല്‍ വിപണിയിലെ ഏറ്റവും പുതിയ അവതാരങ്ങള്‍ വിളംബരം ചെയ്യുന്നു. നോക്കിയ എന്‍-സീരീസ്, സാംസങ് കോര്‍ബി തുടങ്ങിയ ഫോണുകള്‍ക്കായിരുന്നു ആറു മാസം മുമ്പ് വരെ പ്രിയമെങ്കില്‍ ഇപ്പോള്‍ സംഗതികളാകെ മാറി. ഗൂഗിളിന്റെ ആന്‍്രേഡായിഡ് പോലുള്ള പ്രത്യേക പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഫോണുകള്‍ സ്വന്തമാക്കാനാണ് ഹൈ-എന്‍ഡ് ഉപഭോക്താക്കള്‍ പരക്കം പായുന്നത്. മോട്ടറോള മൈല്‍സ്‌റ്റോണ്‍, എല്‍.ജി. ജി. ഡബ്ല്യൂ. 620, എച്ച്.ടി.സി. സ്മാര്‍ട്ട്.. രണ്ടാഴ്ചക്കുളളില്‍ ഇന്ത്യയില്‍ അവതരിക്കപ്പെട്ട ഫോണുകളാണിവ. ഒരു നോട്ട്ബുക്ക് കമ്പ്യൂട്ടറിലെ എല്ലാ ഓഫീസ് പ്രവൃത്തികളും നടത്താവുന്ന കിടിലന്‍ മോഡലുകളാണിവയെല്ലാം.
ഈ ശ്രേണിയിലേക്കുള്ള പുതിയ കടന്നുവരവാണ് ഗാര്‍മിന്‍-അസ്യുസിന്റെ എം 10 (Garmin-Asus M10). വിന്‍ഡോസ് മൊബൈലിന്റെ ഏറ്റവും പുതിയ വകഭേദവുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയും എം.10 നുണ്ട്. ഗാര്‍മിന്‍-അസ്യൂസ് എന്ന പേര് നമ്മുടെ നാട്ടുകാര്‍ക്ക് അത്ര സുപരിചിതമല്ല. ഗാര്‍മിന്‍ എന്ന ലോകപ്രശസ്ത ജി.പി.എസ്. ഉപകരണനിര്‍മാതാക്കളുടെയും തയ്‌വാനിലെ അസ്യൂസ് കമ്പ്യൂട്ടര്‍ കമ്പനിയുടെയും സംയുക്തസംരഭമാണിത്.
കരയിലും കടലിലും ആകാശത്തിലും ദിശയറിയാന്‍ സഹായിക്കുന്ന നാവിഗേഷന്‍ സോഫ്റ്റ്‌വേറുകളുടെയും ഉപകരണങ്ങളുടെയും നിര്‍മാണത്തിലെ ഉസ്താദുമാരാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മിന്‍. വഴികാട്ടി സൗകര്യങ്ങള്‍ നൂറുശതമാനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു ജി.പി.എസ്. ഫോണ്‍ വിപണിയിലിറക്കണമെന്ന് കമ്പനി ഏറെക്കാലമായി ആഗ്രഹിക്കുന്നു. ഒറ്റയ്ക്ക് ഈ സംരംഭം പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്‍വില കാരണം ഗാര്‍മിന്‍ ഫോണുകള്‍ സ്വന്തമാക്കാന്‍ ആരും താത്പര്യം കാട്ടിയില്ല. അങ്ങനെയാണ് അസ്യൂസുമായി കൂട്ടുകച്ചവടം നടത്താന്‍ തീരുമാനിച്ചത്. വില കുറച്ചുകൊണ്ടൊരു മോഡലിറക്കി ലോകവിപണി കീഴടക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എം10 ന്റെ പിറവി. ആദ്യമായി ഇന്ത്യന്‍ വിപണിയിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.
തങ്ങളുടെ ശക്തിമേഖലയായ ജി.പി.എസ്. സംവിധാനം തന്നെയാണ് ഗാര്‍മിന്‍ എം.10 ലും കാര്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 62 നഗരങ്ങളിലെ വിശദമായ ഭൂപടങ്ങള്‍ ഫോണിലുണ്ട്. ഓരോ തെരുവും ഓരോ ജങ്ഷനും അടയാളപ്പെടുത്തിയിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് മികച്ച വഴികാട്ടിയാകാന്‍ ഫോണിനാകും. അറിയാത്ത ഒരു നഗരത്തിനുള്ളില്‍ നിങ്ങള്‍ കാറുമായി പെട്ടുപോയെന്നു കരുതുക. പുറത്തു കടക്കാനുള്ള വഴി ഫോണ്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. അതിനായി ഹൈവേ മോഡ് എന്നൊരു പ്രത്യേക ഓപ്ഷന്‍ തന്നെ ഫോണിലുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ കണ്ണാടിക്കു മേല്‍ ഫോണ്‍ സ്ഥാപിക്കാനുള്ള സ്റ്റാന്‍ഡും ഇതിനൊപ്പം ലഭ്യമാണ്. മുന്നില്‍ തൂക്കിയിട്ട ഫോണിലെ വഴിയടയാളം നോക്കി ഡ്രൈവര്‍ക്ക് സുഖമായി കാറോടിച്ചു പോകാമെന്നര്‍ഥം.
3.5 ഇഞ്ച് (480 X 800) ടച്ച്‌സ്‌ക്രീനും 512 എം.ബി. റാമും റോമുമായാണ് എം.10 ന്റെ വരവ്. ക്വാല്‍കോം 7227 600 മെഗാഹെര്‍ട്‌സ് പ്രൊസസറുള്ളതിനാല്‍ വേഗത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട. വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോം ആയതിനാല്‍ വേഡ് ഫയലുകളും എക്‌സല്‍ ഫയലുകള്‍ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും എളുപ്പമുണ്ട്. ടൈപ്പിങ് സുഗമമാക്കാന്‍ ക്യുവെര്‍ട്ടി കീേബാര്‍ഡുണ്ട്..
ഹൈ-സ്പീഡ് ഇന്‍ര്‍നെറ്റ്, സൗഹൃദക്കൂട്ടായ്മ സൈറ്റുകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം, മള്‍ട്ടിമീഡിയ പ്ലെയര്‍, അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറ, ആക്‌സലറോമീറ്റര്‍, നാല് ജി.ബി. കാര്‍ഡ്, വൈ-ഫൈ, ബ്ലുടുത്ത് കണക്ടിവിറ്റി എന്നിവയെല്ലാം എം-10 വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ലഷ് ഇല്ലാത്തതിനാല്‍ പടമെടുപ്പില്‍ കാര്യത്തില്‍ പ്രതീക്ഷ വേണ്ടെന്ന് അസൂയാലുക്കള്‍ പറഞ്ഞുനടന്നേക്കാം. പക്ഷേ 19,990 രൂപയ്ക്ക് ഫുള്‍ ഓപ്ഷന്‍ ജി.പി.എസ്. സൗകര്യമുള്ള വിന്‍ഡോസ് മൊബൈല്‍ ഫോണ്‍ കിട്ടുകയെന്നത് ചില്ലറ കാര്യമല്ല. നിലവില്‍ മുംബൈയടക്കമുള്ള മഹാനഗരങ്ങളില്‍ മാത്രമേ എം.10 ഫോണ്‍ ലഭ്യമായിട്ടുള്ളൂ. വരും ആഴ്ചകളില്‍ കേരളത്തിലും ഗാര്‍മിന്‍-അസ്യൂസിന്റെ ഈ പുതിയ ഫോണ്‍ എത്തിത്തുടങ്ങും.