അമേരിക്കന്‍ വിപണിയില്‍ സാംസങിന്റെ ഗാലക്‌സി നെക്‌സസ് ഫോണിന്റെ വില്‍പ്പനയ്ക്കും കോടതി വിലക്കേര്‍പ്പെടുത്തി. പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ആപ്പിള്‍ നല്‍കിയ പരാതി പരിഗണിച്ചുകൊണ്ട് ഒരാഴ്ച്ചയ്ക്കിടെ അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തുന്ന രണ്ടാമത്തെ സാംസങ് ഉപകരണമാണ് ഗാലക്‌സി നെക്‌സസ്. ഗാലക്‌സി ടാബ് 10.1 ന്റെ വില്‍പ്പന ഏതാനും ദിവസം മുമ്പാണ് കോടതി വിലക്കിയത്.
സാംസങിനെതിരെ ഒരാഴ്ച്ചയ്ക്കിടെ ആപ്പിള്‍ നേടുന്ന രണ്ടാമത്തെ നിയമ വിജയമാണിത്. ഗാലക്‌സി നെക്‌സസും ഗാലക്‌സി ടാബ് 10.1 ഉം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. മാത്രമല്ല, ഗാലക്‌സി നെക്‌സസ് എന്നത് ഗൂഗിളിന്റെ നേരിട്ടുള്ള പങ്കാളിത്തത്തോടെ സാംസങ് ഇറക്കിയിട്ടുള്ള സ്മാര്‍ട്ട്‌ഫോണും ആണ്.
ഗാലക്‌സി ടാബ് 10.1 ന് വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയ കാലിഫോര്‍ണിയയിലെ യു.എസ്. ജില്ലാ ജഡ്ജി ലൂസി കോഹ് തന്നെയാണ് പുതിയ ഉത്തരവും പുറപ്പെടുവിച്ചത്. കേസുകളുടെ വിചാരണയ്ക്ക് മുമ്പ് വില്‍പ്പന വിലക്ക് ഏര്‍പ്പെടുത്തുകയെന്ന അപൂര്‍വ നടപടിയാണ് ഇരുകേസുകളിലും കോടതി സ്വീകരിച്ചത്.
ഗാലക്‌സി നെക്‌സസിന്റെ വിലക്ക് നിലവില്‍ വരാന്‍ ഏതാണ്ട് 100 ദശലക്ഷം ഡോളര്‍ ബോണ്ടായി ആപ്പിള്‍ കെട്ടിവെയ്ക്കണം. കേസിന്റെ വിചാരണയില്‍ സാംസങ് വിജയിച്ചാല്‍, അവര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് ഈ തുക ഉപയോഗിക്കുക.
കോടതിയുടെ തീരുമാനം 'നിരാശാജനക'മെന്ന് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് പ്രതികരിച്ചു. 'ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി നെക്‌സസ് ലഭിക്കുന്ന കാര്യം ഉറപ്പാക്കാന്‍, എല്ലാ നടപടിയും കൈക്കൊള്ളും'-കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ഒട്ടേറെ കേസുകള്‍ ആഗോളതലത്തില്‍ ആപ്പിളും സാംസങും തമ്മില്‍ നടത്തുന്നുണ്ട്. തങ്ങളുടെ ഐഫോണിന്റെയും ഐപാഡിന്റെയും രൂപഘടന ഉള്‍പ്പടെയുള്ള സംഗതികള്‍ സാംസങ് അതിന്റെ സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും കോപ്പിയടിക്കുന്നുവെന്നാണ് ആപ്പിളിന്റെ ആരോപണം.
അതേസമയം, സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സങ്കേതം തങ്ങള്‍ വികസിപ്പിച്ചത് ആപ്പിള്‍ കൈയേറുന്നതായി സാംസങും ആരോപിക്കുന്നു. ഇതിന്റെ പേരില്‍ സാംസങിന് നഷ്ടപരിഹാരം നല്‍കാന്‍ ഒരു
ഡച്ച് കോടതി അടുത്തയിടെ ആപ്പിളിനോട് ആവശ്യപ്പെടുകയുണ്ടായി.
സാംസങുമായി മാത്രമല്ല, എച്ച്ടിസി തുടങ്ങി ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഫോണുകളും ടാബ്‌ലറ്റുകളും നിര്‍മിക്കുന്ന പല കമ്പനികളുമായും 2010 മുതല്‍ ആപ്പിള്‍ കേസ് നടത്തുകയാണ്. ആന്‍ഡ്രോയിഡ് സംവിധാനത്തിന്റെ വളര്‍ച്ചയ്ക്ക് തടയിടുകയാണ് ആപ്പിളിന്റെ ലക്ഷ്യം.