അമേരിക്കയില്‍ ഗാലക്‌സി നെക്‌സസിന്റെ വിലക്ക് നീക്കി

Posted on: 08 Jul 2012




അമേരിക്കയില്‍ ആപ്പിളുമായുള്ള പേറ്റന്റ് പ്രശ്‌നത്തില്‍ സാംസങിന് ഭാഗിക വിജയം. സാംസങിന്റെ ഗാലക്‌സി നെക്‌സസ് സ്മാര്‍ട്ട്‌ഫോണിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ വില്‍പ്പന നിരോധം, ഒരു യു.എസ്.അപ്പീല്‍ കോടതി നീക്കി. എന്നാല്‍, കമ്പനിയുടെ ഗാലക്‌സി 10.1 ടാബ്‌ലറ്റിന് കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

ഐഫോണിന്റെയും ഐപാഡിന്റെയും ആശയങ്ങള്‍ കവര്‍ന്നാണ് സാംസങ് അതിന്റെ സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും നിര്‍മിക്കുന്നതെന്ന് ആപ്പിള്‍ ആരോപിക്കുന്നു. ഇരുകമ്പനികളും തമ്മില്‍ ഒട്ടേറെ രാജ്യങ്ങളില്‍ സമാനമായ പേറ്റന്റ് കേസുകള്‍ നടക്കുന്നുണ്ട്.

സാംസങിനെതിരെ ആപ്പിള്‍ നല്‍കിയ പേറ്റന്റ് കേസിന്റെ വിചാരണ ജൂലായ് 30 നാണ് തുടങ്ങുക. അതുവരെ ഗാലക്‌സി നെക്‌സസിന്റെ വില്‍പ്പന വിലക്കണമെന്ന ആപ്പിളിന്റെ ആവശ്യം സാന്‍ ജോസിലെ കോടതി ഒരാഴ്ച മുമ്പ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍, സാംസങിന്റെ വാദംകേട്ട യു.എസ്.അപ്പീല്‍ കോടതി, ഗാലക്‌സി നെക്‌സസിന് കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്ക് നീക്കുകയായിരുന്നു.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരെ 2010 മുതലാണ് ആപ്പിള്‍ നിയമയുദ്ധം ആരംഭിച്ചത്. ആന്‍ഡ്രോയിഡിനെ എന്തുവിലകൊടുത്തും തകര്‍ക്കുമെന്ന്, മുന്‍ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍, പത്തു രാജ്യങ്ങളില്‍ ആപ്പിളും മറ്റു കമ്പനികളും തമ്മില്‍ പേറ്റന്റ് കേസുകള്‍ നിലവിലുണ്ട്.
TAGS:
galaxy nexus  |  samsung  |  galaxy 10.1  |  apple  |  patent issue  |  smartphone 


Stories in this Section