ജി-588 : 'പാവങ്ങളുടെ ബ്ലാക്ക്‌ബെറി'

Posted on: 21 Mar 2010


-പി.എസ്. രാകേഷ്‌




മൊബൈല്‍ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ഓരോ ദിവസവും കൂടുതല്‍ സവിശേഷതകളുള്ള മോഡലുകളിറക്കി അവര്‍ ബഹുരാഷ്ട്രകമ്പനികള്‍ക്ക് വന്‍വെല്ലുവിളി സൃഷ്ടിക്കുന്നു. സൗകര്യങ്ങള്‍ കൂടുന്നതനുസരിച്ച് വില കൂടുന്നില്ലെന്നതാണ് ഇന്ത്യന്‍ മൊബൈല്‍ഫോണുകളുടെ സവിശേഷത.

ഇപ്പോഴിതാ വിപണിയില്‍ നവാഗതരായ ബ്രൈറ്റ് ടെലികോമിന്റെ ഊഴമാണ്. 'ജിഫോണ്‍' എന്ന പേരില്‍ മൊബൈല്‍ഹാന്‍ഡ്‌സെറ്റുകളിറക്കുന്ന കമ്പനി ആദ്യത്തെ ഡ്യുവല്‍മോഡ് മോഡല്‍ അവതരിപ്പിച്ചുകഴിഞ്ഞൂ. ജി-588 എന്നാണിതിന്റെ പേര്. രണ്ടു ജി.എസ്.എം. സിമ്മുകള്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം ഫോണുകള്‍ പുതുമയല്ലാതായി മാറിയ വേളയിലാണ് ഡ്യുവല്‍ മോഡ് ഫോണുമായി ബ്രൈറ്റിന്റെ രംഗപ്രവേശം.

ജി.എസ്.എം. സിമ്മും സി.ഡി.എം.എ. സിമ്മും ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും എന്നതാണ് ഡ്യുവല്‍ മോഡ് ഫോണുകളുടെ സൗകര്യം. നിലവിലുള്ള ഡ്യുവല്‍ സിം ഫോണുകളില്‍ ഇതു നടക്കില്ല. ബി.എസ്.എന്‍.എല്‍. സിമ്മും റിലയന്‍സിന്റെ സി.ജി.എം.എ. കണക്ഷനും ഇനി ഒറ്റ ഫോണില്‍ തന്നെ ഉപയോഗിക്കാമെന്നര്‍ത്ഥം.

തുടക്കം മുതലേ സി.ഡി.എം.എ. കണക്ഷനുകളുപയോഗിക്കുന്നവര്‍ക്ക് ഇതുവരെ ഡ്യുവല്‍ സിം ഫോണുകളുടെ നേട്ടം അനുഭവിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ബ്രൈറ്റ്‌ഫോണിന്റെ ജി-588 അത്തരക്കാര്‍ക്ക് നേട്ടമാകും.

ഡ്യൂവല്‍ മോഡ് സിം ഉപയോഗിക്കാനാകും എന്നതുമാത്രമല്ല ജി-588-ന്റെ പെരുമ. കാണാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു 'ബ്ലാക്ക്‌ബെറി' ലുക്കാണ് കക്ഷിക്ക്. 'പാവങ്ങളുടെ ബ്ലാക്ക്‌ബെറി' എന്നു വിളിച്ചാലും തെറ്റില്ലെന്നര്‍ഥം. ബ്ലാക്ക്‌ബെറിക്കു സമാനമായ ക്യുവെര്‍ട്ടി കീബോര്‍ഡും സ്‌റ്റൈലിഷ് ഫീച്ചേഴ്‌സും ജി-588 നു സ്വന്തം. 2.2 ഇഞ്ച് ക്യു.വി.ജി.എ. ഡിസ്‌പ്ലേ, 1.3 മെഗാപിക്‌സല്‍ കാമറ, എട്ട് ജി.ബി. വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറി, ബ്ലൂടൂത്ത്, ജി.പഇ.ആര്‍.എസ്, എം.പി. 4 പ്ലെയര്‍... ഏതു പുതിയ മൊബൈല്‍ മോഡലിനോടും കിടപിടിക്കാനുള്ള മരുന്ന് ജി-588 ലുണ്ട്.

മൊബൈലിലൂടെ സൗഹൃദക്കൂട്ടായ്മാസൈറ്റുകളില്‍ പ്രവേശിക്കുകയെന്നതാണല്ലോ ഏറ്റവും പുതിയ ട്രെന്‍ഡ്. അതു മനസിലാക്കി അതിനുള്ള സൗകര്യങ്ങളും ജി-588ല്‍ ഒരുക്കിയിട്ടുണ്ട്. നിംബസ് മെസേജിങ് സര്‍വീസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതിനാല്‍ എം.എസ്.എന്‍., യാഹൂ മെസഞ്ചര്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവയിലെല്ലാം ഫോണിലൂടെ എത്താനാകും.

അടിമുടി ഇന്ത്യക്കാരനായതിനാലാകും രാജ്യത്തെ പ്രധാന ഉത്സവങ്ങളും സാംസ്‌കാരിക പരിപാടികളെക്കുറിച്ചുമെല്ലാം ഓര്‍മപ്പെടുത്തുന്ന ഫെസ്റ്റിവല്‍ കലണ്ടറും ജി-588 ലുണ്ട്. അതിനൊപ്പം ഹിന്ദി ഭാഷയിലെ മെനു, ഇ-ബുക്ക് റീഡര്‍, കറന്‍സി കണ്‍വര്‍ട്ടര്‍ തുടങ്ങിയ സൗകര്യങ്ങളും ഫോണ്‍ ഉറപ്പുതരുന്നു. 240 മിനുട്ട് തുടര്‍ച്ചയായ സംസാരസമയവും 240 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്.

മുകളില്‍ പറഞ്ഞ എല്ലാറ്റിനെയും കടത്തിവെട്ടുന്ന ഒരു സവിശേഷത ജി-588 നുണ്ടെങ്കില്‍ അത് വിലയാണ്. 4,799 രൂപയാണ് എല്ലാ നികുതികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോണിന്റെ വില. ഈ വിലയ്‌ക്കൊരു ഡ്യുവല്‍ മോഡ് ഫോണ്‍ ലഭിക്കുകയെന്നത് തീര്‍ച്ചയായും ഉപഭോക്താക്കള്‍ക്ക് നേട്ടമാകും. അതുകൊണ്ടുതന്നെ 'പാവങ്ങളുടെ ബ്ലാക്ക്‌ബെറി' എന്ന ചെല്ലപ്പേര് ജി-588 നു ശരിക്കുമിണങ്ങും



TAGS:
g-fone  |  g-588  |  dual sim phones  |  bright telecom 


Stories in this Section