കടലാസിനെയും ടച്ച്‌സ്‌ക്രീനാക്കാന്‍ ഫ്യുജിറ്റ്‌സ്യൂവിന്റെ സങ്കേതം
Posted on: 16 Apr 2013
-സ്വന്തം ലേഖകന്‍
ടച്ച്‌സ്‌ക്രീനുകളുടെ കാലമാണിത്. സ്മാര്‍ട്ട്‌ഫോണില്‍ ടച്ച്‌സ്‌ക്രീന്‍, ടാബ്‌ലറ്റില്‍ ടച്ച്‌സ്‌ക്രീന്‍, വിന്‍ഡോസ് എട്ടിന്റെ വരവോടെ ലാപ്‌ടോപ്പുകളും ടച്ച്‌സ്‌ക്രീനാകുന്നു. ശരി, സാധാരണ കടലാസിനെയും ടച്ച്‌സ്‌ക്രീന്‍ ആക്കുന്നതിനെപ്പറ്റി എന്തുതോന്നുന്നു!
ഇക്കാര്യം കേള്‍ക്കുമ്പള്‍ അസാധ്യം എന്ന് വിധിയെഴുതാന്‍ വരട്ടെ. ഫ്യുജിറ്റ്‌സ്യൂ ( Fujitsu ) രൂപപ്പെടുത്തിയ സങ്കേതത്തിന്റെ സഹായത്തോടെ, ഏത് പ്രതലത്തെയും - ഒരു കഷണം കടലാസിനെപ്പോലും - ടച്ച്‌സ്‌ക്രീനാക്കി പരിവര്‍ത്തനം ചെയ്യാനാകുമെന്ന്, 'ഡിഗ്ഇന്‍ഫോ' ( DigInfo ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ വിരല്‍ എവിടെ തൊടുന്നു എന്ന കാര്യം മനസിലാക്കിയാണ് ഫ്യുജിറ്റ്‌സ്യൂവിന്റെ സങ്കേതം പ്രവര്‍ത്തിക്കുന്നത്. 'ഏതെങ്കിലും തരത്തില്‍ പ്രത്യേകമായുള്ള ഹാര്‍ഡ്‌വേറിന്റെ ആവശ്യം ഈ സംവിധാനത്തിനില്ല'- ഫ്യുജിറ്റ്‌സ്യൂവിന്റെ മീഡിയ സര്‍വീസ് സിസ്റ്റം ലാബിലെ ഗവേഷകനായ തായ്ച്ചി മുരേസ് പറയുന്നു.
ഒരു സാധാരണ വെബ്ബ്ക്യാം, ഒരു പ്രൊജക്ടര്‍ - തീര്‍ന്നു. അതേ വേണ്ടൂ ഈ സങ്കേതം പ്രവര്‍ത്തിക്കാന്‍. ദൃശ്യവിശകലന സങ്കേതമാണ് ഇതിനെ മികവുറ്റതാക്കുന്നത് - മുരേസ് അറിയിച്ചു.
പുതിയ സങ്കേതത്തിന്റെ സഹായത്തോടെ ഒരു കടലാസിലുള്ള ഡേറ്റ എങ്ങനെ പലവിധ സംഗതികള്‍ക്ക് ഉപയോഗിക്കാമെന്ന്, റിപ്പോര്‍ട്ടിനൊപ്പമുള്ള വീഡിയോ കാട്ടിത്തരുന്നു (താഴെയുള്ള വീഡിയോ കാണുക). കൈവിരലുകള്‍ കൊണ്ട് പേപ്പറില്‍ സ്പര്‍ശിച്ച്, ചിത്രം കോപ്പി ചെയ്യാനും, ടെക്സ്റ്റ് പകര്‍ത്താനും, അവ മെമ്മറിയില്‍ സൂക്ഷിക്കാനുമൊക്കെ സാധിക്കുന്നു.
നിരന്ന പ്രതലത്തില്‍ മാത്രമല്ല, വളവോ വക്രതയോ ഉള്ള പ്രതലങ്ങളിലും ഈ സങ്കേതം പ്രവര്‍ത്തിക്കും. ഒരു പുസ്തകം തുറന്ന് അതിലെ ഡേറ്റ അനായാസം ഉപയോഗിക്കാം.
ഇപ്പോള്‍ ഇതൊരു 'ഡൊമന്‍ട്രേഷന്‍ തല'ത്തില്‍ മാത്രമാണുള്ളത്. 2014 ആകുമ്പോഴേക്കും ഇതിനെ ശരിക്കും വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാനാണ് ഗവേഷകരുടെ ഉദ്ദേശം.
നമുക്ക് ചുറ്റുമുള്ള ലോകത്തെ സമ്പര്‍ക്കമുഖമായി മാറ്റാന്‍ സഹായിക്കുന്ന ഒരു വിദ്യ 'സിക്ത് സെന്‍സ്' ( Sixthsense ) എന്ന പേരില്‍, അമേരിക്കയില്‍ എം.ഐ.ടി.യിലെ ഇന്ത്യക്കാരനായ വിദ്യാര്‍ഥി പ്രണവ് മിസ്ട്രി മുമ്പ് വികസിപ്പിച്ചിരുന്നു. 'സിക്ത് സെന്‍സി'നെ അനുസ്മരിപ്പിക്കുന്ന സങ്കേതമാണ് ഫ്യുജിറ്റിയൂ രൂപപ്പെടുത്തിയിരിക്കുന്നത്.