2003 ല്‍ ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനിയാണ് ഫ്ലൈ. ഇംഗഌഷുകാര്‍ക്കിടയില്‍ വലിയ പ്രചാരമൊന്നും ലഭിച്ചില്ലെങ്കിലും റഷ്യയിലും യുക്രൈനിലുമൊക്കെ പശ്ചിമ യൂറോപ്പിലുമൊക്കെ ഫ്ലൈ പെട്ടെന്ന് ജനപ്രീതി നേടി. കുറഞ്ഞ വിലയും മനോഹരമായ ഡിസൈനുമായിരുന്നു ഫ്ലൈ ഹാന്‍ഡ്‌സെറ്റുകളുടെ ആകര്‍ഷണം. സംഗതി ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത് റീബ്രാന്‍ഡ് ചെയ്യുന്നതാണെങ്കിലും കെട്ടിലും മട്ടിലുമൊക്കെ ഒരു യൂറോപ്യന്‍ സ്പര്‍ശം കൊണ്ടുവരാന്‍ കമ്പനിക്കായി. റഷ്യന്‍ വിപണിയില്‍ ഏറ്റവും വില്പനയുള്ള അഞ്ച് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികളിലൊന്ന് ഫ്ലൈയാണ്. കഴിഞ്ഞവര്‍ഷം സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്കും ഫ്ലൈ കടന്നു.
2005 ലാണ് ഫ്ലൈ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇന്നിപ്പോള്‍ 15,000 റീട്ടെയില്‍ വ്യാപാരികളും 415 സര്‍വീസ് സെന്ററുകളുമൊക്കെയായി കമ്പനി ഇന്ത്യന്‍വിപണിയില്‍ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു. 2000-3000 രൂപ റേഞ്ചില്‍ വരുന്ന ബേസിക് ഫോണുകളുടെ വിപണനത്തിലായിരുന്നു ഇന്ത്യയില്‍ കമ്പനി കാര്യമായി ശ്രദ്ധിച്ചിരുന്നത്. സ്മാര്‍ട്‌ഫോണ്‍ രംഗത്തും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഫ്ലൈ ഇപ്പോള്‍ . അതിന്റെ ഭാഗമായി പുതിയൊരു ആന്‍ഡ്രോയ്ഡ് മോഡല്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു - 'ഫ്ലൈ എഫ് 351' ( Fly F351 ) എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 4,599 രൂപയാണ് വില.
ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എഫ് 351 ല്‍ 320 X 480 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ 3.5 ഇഞ്ച് എച്ച്.വി.ജി.എ.ഡിസ്‌പ്ലേയാണുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എം.ബി. റാം, 512 എം.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. ഇന്റേണല്‍ മെമ്മറി കുറവാണെന്ന തോന്നലുള്ളവര്‍ക്ക് 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെയുപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാവുന്ന സൗകര്യവും ഇതിലുണ്ട്.
ഫ്ലാഷോടുകൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമറ, വി.ജി.എ.ഫ്രണ്ട് ക്യാമറ എന്നിവയുളള ഫ്ലൈ എഫ് 351 ല്‍ 1200 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 10 മണിക്കൂര്‍ സംസാരസമയവും 260 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും കമ്പനി ഈ ഫോണിന് അവകാശപ്പെടുന്നു.
ത്രീജി കണക്ടിവിറ്റിയില്ല എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. കണക്ടവിറ്റിക്കായി എഡ്ജ്, ബ്ലൂടൂത്ത് 3.0, വൈഫൈ എന്നീ സങ്കേതങ്ങളാണ് ഇതിലുള്ളത്. ഡ്യുവല്‍ സിം മോഡലാണിത്.
''ഇന്ത്യന്‍ മൊബൈല്‍ വിപണി സ്മാര്‍ട്‌ഫോണ്‍ യുഗത്തിലേക്ക് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വില കൂടിയ സ്മാര്‍ട്‌ഫോണുകള്‍ ധാരാളമിറങ്ങുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അതൊന്നും സ്വന്തമാക്കാന്‍ സാധിക്കുന്നില്ല. ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാവുന്ന വിലയ്്ക്ക് ഒരു സ്മാര്‍ട്‌ഫോണ്‍ എന്ന ലക്ഷ്യത്തോടെയാണ് എഫ് 351 അവതരിപ്പിക്കുന്നത്''- ഫ്ലൈ ഇന്ത്യ പ്രസിഡന്റ് രാഹുല്‍ ഗോയല്‍ പറയുന്നു.
എഫ് സീരിസില്‍ ഫ്ലൈ ഇറക്കുന്ന നാലാമത് സ്മാര്‍ട്‌ഫോണ്‍ ആണ് എഫ് 351. നേരത്തെ എഫ്51, എഫ്45എസ്, എഫ്40 എന്നീ മോഡലുകള്‍ കമ്പനി വിപണിയിലെത്തിച്ചിരുന്നു. 4,500 രൂപ മുതല്‍ 12,500 രൂപ വെരയായിരുന്നു ഈ ഫോണുകളുെട വില.