ഫയര്‍ഫോക്‌സ് 4: ആദ്യദിനം 55 ലക്ഷം ഡൗണ്‍ലോഡുകള്‍

Posted on: 23 Mar 2011


-സ്വന്തം ലേഖകന്‍




പുറത്തിറക്കി 24 മണിക്കൂറിനകം ഫയര്‍ഫോക്‌സ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 55 ലക്ഷം തവണ. എത്രപേര്‍, എവിടെ നിന്നൊക്കെ ഫയര്‍ഫോക്‌സ് 4 ഡൗണ്‍ലോഡ് ചെയ്യുന്നു എന്നറിയാന്‍ ഒരു തത്സമയ മാപ്പ് ബ്രൗസറിന്റെ നിര്‍മാതാക്കളായ മോസില്ല ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് പ്രകാരം ബുധനാഴ്ച വൈകുന്നേരമായപ്പോഴേക്കും ഡൗണ്‍ലോഡുകളുടെ എണ്ണം 65 ലക്ഷത്തിന് മുകളിലായി.



ഫയര്‍ഫോക്‌സ് 4 ന്റെ റിലീസിങ്ങിന് മുമ്പുള്ള വകഭേദം ഒരുമാസമായി നെറ്റില്‍ ലഭ്യമായിരുന്നു. അതിനാലാണെന്ന് കരുതുന്നു, റിലീസ് ചെയ്ത് 24 മണിക്കൂറിനകം ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫയര്‍ഫോക്‌സ് 3 നെ അപേക്ഷിച്ച് കുറവാണ്. 2008 ല്‍ ഫയര്‍ഫോക്‌സ് 3 റിലീസ് ചെയ്തപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ 80 ലക്ഷം തവണ ഡൗണ്‍ലോഡ് നടന്നിരുന്നു.

മൈക്രോസോഫ്ടിന്റെ വെബ്ബ്ബ്രൗസറിന്റെ പുതിയ പതിപ്പായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 (IE9) ഔദ്യോഗികമായി പുറത്തിറങ്ങിയത് മാര്‍ച്ച് 14 നാണ്. അതിന് തൊട്ടുപിന്നാലെയാണ് മോസില്ലയും പുതിയ ബ്രൗസര്‍ പതിപ്പ് രംഗത്തെത്തിച്ചിരിക്കുന്നത്. കൂടുതല്‍ വേഗം, മുന്തിയ സുരക്ഷ, മികച്ച ബ്രൗസിങ് അനുഭവം -ഇതാണ് രണ്ട് ബ്രൗസറും മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനം.

രണ്ട് പ്രതിയോഗികളും എച്ച്ടിഎംഎല്‍ 5 (HTML 5) ന്റെ സാധ്യതകള്‍ കൂടുതല്‍ ചൂഷണം ചെയ്യത്തക്ക വിധമാണ് ബ്രൗസറുകളുടെ പുതിയ പതിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇരു ബ്രൗസറുകള്‍ക്കും എച്ച്ടിഎംഎല്‍ 5 പേജുകള്‍ കാണിക്കുമ്പോള്‍ ഹാര്‍ഡ്‌വേര്‍ ആക്‌സിലറേഷന്‍ സാധ്യമാക്കുന്ന ഫീച്ചറുണ്ട്. സങ്കീര്‍ണദൃശ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കാണിക്കാന്‍ സഹായിക്കുന്ന തരത്തില്‍ കമ്പ്യൂട്ടറിന്റെ ഗ്രാഫിക്‌സ് പ്രൊസസറിന്റെ പ്രകടനം മെച്ചമാക്കാന്‍ ഇത് സഹായിക്കും.

2011 ഫിബ്രവരിയിലെ കണക്ക് പ്രകാരം ആഗോള ബ്രൗസര്‍ വിപണിയില്‍ 21 ശതമാനമാണ് ഫയര്‍ഫോക്‌സിന്റെ വിഹിതമെന്ന് 'നെറ്റ്മാര്‍ക്കറ്റ്‌ഷെയര്‍' പറയുന്നു. 2009 ല്‍ ഇത് 24 ശതമാനമായിരുന്നു. അതേസമയം, ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ വിഹിതം ഈ കാലയളവില്‍ ഒരു ശതമാനം വര്‍ധിച്ച് പത്ത് ശതമാനമായി. ആപ്പിളിന്റെ സഫാരി ബ്രൗസറിന്റെ വിഹിതം ആറു ശതമാനമാണ്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് തന്നെയാണ് ഇപ്പോഴും ബ്രൗസര്‍ വിപണിയില്‍ മേധാവിത്വം. 2011 ഫിബ്രവരിയില്‍ ഇതിന്റെ വിഹിതം 56 ശതമാനമാണ്. പക്ഷേ, വിപണിയില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ വിഹിതം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2009 ല്‍ 68 ശതമാനമായിരുന്നതാണ് ഇപ്പോള്‍ 56 ശതമാനമായിരിക്കുന്നത്.

മാത്രമല്ല, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഏറെപ്പേര്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് എക്‌സ്പിയില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പുതിയ പതിപ്പ് പ്രവര്‍ത്തിക്കില്ല. വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 എന്നിവ മാത്രമേ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 നെ പിന്തുണയ്ക്കുന്നുള്ളു. ഇതും പുതിയ ബ്രൗസറിന്റെ പ്രചാരത്തിന് പ്രതിബന്ധമാകുമെന്ന് കരുതുന്നവരുണ്ട്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് മാത്രമല്ല, വെബ്ബ് ബ്രൗസറുകള്‍ക്കെല്ലാം മുന്നറിയിപ്പാകുന്ന ഒരു റിപ്പോര്‍ട്ട് അടുത്തയിടെ വെബ്ബ് സുരക്ഷാകമ്പനിയായ 'ഇസഡ്‌സ്‌കെയ്‌ലര്‍' (ZScaler) പുറത്തു വിടുകയുണ്ടായി. ഇപ്പോള്‍ 20 ശതമാനത്തോളം വെബ്ബ് ട്രാഫിക് നടക്കുന്നത് സ്മാര്‍ട്‌ഫോണുകള്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയിലെ ആപ്ലിക്കേഷനുകള്‍ വഴിയാണ് -റിപ്പോര്‍ട്ട് പറയുന്നു.

എന്നുവെച്ചാല്‍, ഇത്രയും വെബ്ബ് ട്രാഫികിന് ഒരു ബ്രൗസറിന്റെയും ആവശ്യം വരുന്നില്ല. അടുത്ത ബ്രൗസര്‍ യുദ്ധം ഡെസ്‌ക്ടോപ്പുകളിലോ ലാപ്‌ടോപ്പുകളിലോ ആകില്ല, സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ആയിരിക്കും നടക്കുകയെന്ന് ഇത് വ്യക്തമാക്കുന്നു.

TAGS:
firefox 4  |  mozilla  |  html 5  |  internet explorer 9  |  ie9  |  chrome  |  safari  |  browser 


Stories in this Section