
മുംബൈ: പുതിയതായി റിലീസ് ചെയ്യുന്ന ഹിന്ദി സിനിമയുടെ വ്യാജ വീഡിയോകള്‍ ഇറങ്ങുന്നതും നെറ്റിലൂടെ പ്രചരിക്കുന്നതും തടയാന്‍ ഇന്ത്യയില്‍ സര്‍വ ഫയല്‍ ഷെയറിങ്ങ് സൈറ്റുകളും ബ്ലോക്ക് ചെയ്യുന്നു. ഒരു കോടതി ഉത്തരവും ടെലിക്കോം വകുപ്പിന്റെ നിര്‍ദേശവുമാണ് സമസ്ത ഇന്റര്‍നെറ്റ് സേവനദാതാക്കളേയും ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന്
ചില വെബ്‌സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.
റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സിന്റെ സിങ്കം എന്ന ചലച്ചിത്രത്തിന് വേണ്ടി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച 'ജോണ്‍ ഡോ' ഉത്തരവാണ് (നിയമലംഘനം ആരാണ് നടത്തുകയെന്നറിയാത്തതിനാല്‍ പേര് എന്തുവേണമെങ്കിലും വെക്കാം എന്ന അര്‍ത്ഥം വരുന്ന നിയമപ്രയോഗമാണ് ജോണ്‍ ഡോ.) പ്രശ്‌നങ്ങളുടെ മൂലകാരണം. വെള്ളിയാഴ്ച റിലീസ് ചെയ്ത സിങ്കത്തിന്റെ പ്രദര്‍ശനമാരംഭിക്കുന്നതിനും രണ്ട് ദിവസം മുമ്പെയാണ് റിലയന്‍സ് ഈ വിധി നേടിയത്്.
ഫയല്‍ ഷെയറിങ്ങ് വഴിയാണ് കുറ്റം നടക്കാനിടയുള്ളത് എന്നതിനാലാണ് സകല ഫയല്‍ ഷെയറിങ് സൈറ്റുകളെയും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സിങ്കത്തിന്റെ പൈറേറ്റഡ് ദൃശ്യങ്ങള്‍ തങ്ങളുടെ നെറ്റ്-വര്‍ക്കിലൂടെ വിതരണം ചെയ്യപ്പെടുന്നില്ലെന്ന്്് ഉറപ്പുവരുത്തണമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെടുള്ള അവകാശം മാത്രമേ കോടതി സത്യത്തില്‍ ബിഗ് പിക്‌ചേഴ്‌സിന് നല്‍കുന്നുള്ളു. പക്ഷേ, നെറ്റ്്‌വര്‍ക്കിലെ ഓരോ സൈറ്റും സൂക്ഷ്മപരിശോധന ചെയ്യുന്നതിലും ഭേദം സാധ്യതയുള്ളവരെ ഒന്നടങ്കം ബ്ലോക്ക് ചെയ്യലാണെന്ന് സേവനദാതാക്കള്‍ നിശ്ചയിക്കുകയാണ് ചെയ്തത്.
ഇതിന്റെ ഫലമായി നിയമാനുസൃതമായ ഇലക്ട്രോണിക്ക് ഫയലുകള്‍ മാത്രം നെറ്റിലൂടെ വിതരണം ചെയ്യുന്നതും ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഉള്ളതുമായ എത്രയോ സൈറ്റുകള്‍ക്ക് സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതായി. മീഡിയഫയര്‍.കോം, മെഗാഅപ്-ലോഡ്.കോം, റാപിഡ്‌ഷെയര്‍, സെന്‍ഡ്‌സ്‌പേസ്, മെഗാവീഡിയോ, വീഡിയോബിബി, തുടങ്ങിയ ജനപ്രിയ സൈറ്റുകളൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്ക് അപ്രാപ്യമായിരിക്കുകയാണ്.
ചില സൈറ്റുകള്‍ ചില സേവനദാതാക്കളുടെ കണക്ഷനില്‍ വ്യാഴാഴ്ച വരെ ലഭ്യമായിരുന്നു. എം.ടി.എന്‍.എല്‍, വോഡഫോണ്‍, എയര്‍ടെല്‍ ഭാര്‍തി, ഐഡിയ എന്നിങ്ങനെ പരന്നുകിടക്കുന്ന സേവനദാതാക്കളില്‍ പലരും ചില സൈറ്റുകളെങ്കിലും ബ്ലോക്ക് ചെയ്യാതെ വെച്ചിട്ടുണ്ടെങ്കില്‍ അതവരുടെ അജ്ഞത മൂലമാണോ എന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലായിട്ടില്ല.