ആകാശത്തിന്റെ അതിരിലെത്തി ഓസ്ട്രിയന്‍ സാഹസികന്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ നടത്തിയ ചാട്ടം, ആകാശറിക്കോര്‍ഡ് മാത്രമല്ല യുട്യൂബിലെ ലൈവ് സ്ട്രീമിങ് റിക്കോര്‍ഡും തകര്‍ത്തു. ഫെലിക്‌സിന്റെ പ്രകടനത്തിന്റെ 80 ലക്ഷം ലൈവ് സ്ട്രീമിങാണ് യുട്യൂബ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ ഒരു സംഭവം ലൈവായി യുട്യൂബില്‍ കാണുന്നത്.
ഇന്ത്യന്‍സമയം ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഈ 43-കാരന്റെ പ്രകടനം. അമേരിക്കയിലെ ന്യൂമെക്‌സിക്കോ മരുഭൂമിയില്‍നിന്ന് കൂറ്റന്‍ ഹീലിയം ബലൂണില്‍ 39 കിലോമീറ്റര്‍ (1,28,000 അടി) ഉയരത്തിലെത്തിയ ശേഷം ഫെലിക്‌സ് ചാടുകയായിരുന്നു.
31.33 കിലോമീറ്റര്‍ (1,02,800 അടി) ഉയരെനിന്ന് ചാടി യു.എസ്. വ്യോമസേനയിലെ കേണല്‍ ജോ കിറ്റിഞ്ജര്‍ 1960 ല്‍ സ്ഥാപിച്ച റെക്കോഡാണ് ഫെലിക്‌സ് തകര്‍ത്തത്.
മാത്രമല്ല, ശബ്ദത്തെക്കാള്‍ കൂടിയ വേഗമാര്‍ജിച്ച ആദ്യ ചാട്ടക്കാരനും ഫെലിക്‌സ് ആയി. മണിക്കൂറില്‍ 1342 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഫെലിക്‌സിന്റെ ഭൂമിയിലേക്കുള്ള വരവ്. ഏതാണ്ട് പത്തുമിറ്റിറ്റുകൊണ്ട് അദ്ദേഹം മെക്‌സിക്കോ മരുഭൂമിയില്‍ സുരക്ഷിതമായിറങ്ങി.
'ലോകം മുഴുവനും കാണുന്നു എന്നാണെനിക്ക് തോന്നിയത്' - ചാട്ടത്തിന് ശേഷം ഫെലിക്‌സ് പറഞ്ഞു. സംഭവം ശരിയാണ്. ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്വാസമടക്കിപ്പിടിച്ച് കാണുകയായിരുന്നു.
ബലൂണില്‍ ഫെലിക്‌സ് ആകാശത്തിന്റെ അതിരിലേക്ക് ഉയരുന്നതും, ഏറ്റവും ഉയരത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചാട്ടവും വിവിധ ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തി ലോകമെങ്ങും ലൈവായി കാട്ടുകയായിരുന്നു.
'റെഡ് ബുള്‍ സ്ട്രാറ്റോസ് മിഷന്‍' (Red Bull Stratos Mission) എന്ന് പേരിട്ട ഫെലിക്‌സിന്റെ ദൗത്യം അഞ്ചു വര്‍ഷത്തെ തയ്യാറെടുപ്പുകളുടെ ഫലമായിരുന്നു. യുട്യൂബില്‍ രണ്ടു മണിക്കൂര്‍ നേരം അത് ലൈവായി കാട്ടി.
വെറുമൊരു സാഹസിക പ്രകടനം മാത്രമായിരുന്നില്ല ഫെലിക്‌സിന്റേത്. അത്യുന്നതങ്ങളില്‍ നിന്നുള്ള ആ ചാട്ടത്തിന്റെ വേളയില്‍ ഫെലിക്‌സിന്റെ ശരീരം, ബ്രിട്ടീഷ് കമ്പനിയായ 'ഇക്വിവൈറ്റല്‍' (Equivital) രൂപപ്പെടുത്തിയ ഉപകരണം ഉപയോഗിച്ച് നിരീക്ഷിച്ചു.
ഫെലിക്‌സിന്റെ നെഞ്ചില്‍ പിടിപ്പിച്ച ആ ഉപകരണം, ചാട്ടത്തിന്റെ വേളയിലെ ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസ നിരക്ക്, ശരീരപ്രതലത്തിലെ ഊഷ്മാവ്, മറ്റ് ശാരീരിക മാറ്റങ്ങള്‍ ഒക്കെ രേഖപ്പെടുത്തുകയും, വയര്‍ലെസ്സ് ആയി വിവരങ്ങള്‍ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു.
ഉയര്‍ന്ന വിതാനങ്ങളില്‍നിന്ന് ചാടുന്നവര്‍ക്കുള്ള പുതിയയിനം പാരച്ച്യൂട്ടുകള്‍ നിര്‍മിക്കാനും, സ്ട്രാറ്റോസ്ഫിയറിലൂടെ കടന്നുപോകുന്ന വിമാനങ്ങളില്‍നിന്ന് അടിയന്തരഘട്ടങ്ങളില്‍ ആളെ ഒഴിപ്പിക്കേണ്ടി വരുമ്പോള്‍ അതിനാവശ്യമായ രക്ഷാവാഹനങ്ങള്‍ നിര്‍മിക്കാനുമൊക്കെ ഫെലിക്‌സിന്റെ ചാട്ടം നല്‍കിയ വിവരങ്ങള്‍ സഹായക്കുമെന്ന് പ്രതീക്ഷിക്കുന്നു.