പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ യാഹൂ നല്‍കിയ കേസിന്, അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഫെയ്‌സ്ബുക്കിന്റെ നീക്കം. തങ്ങളുടെ പത്ത് പേറ്റന്റുകളില്‍ യാഹൂ കൈയേറ്റം നടത്തിയെന്നാരോപിച്ച് ഫെയ്‌സ്ബുക്ക് കോടതിയെ സമീപിച്ചു.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലാണ് യാഹൂവിനെതിരെയുള്ള ഹര്‍ജി ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ചത്. മൊബൈല്‍ സങ്കേതങ്ങളുടെ പേരില്‍ വിവിധ കമ്പനികള്‍ തമ്മില്‍ പേറ്റന്റ് ആരോപണങ്ങള്‍ പൊടിപാറുന്നുണ്ടെങ്കിലും, സോഷ്യന്‍ മീഡിയരംഗത്തെ കമ്പനികള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു നിയമപോരാട്ടം.
തങ്ങളുടെ ദൗര്‍ബല്യം മറയ്ക്കാനുള്ള വിഫലശ്രമമല്ലാതെ മറ്റൊന്നുമല്ല ഫെയ്‌സ്ബുക്കിന്റെ കേസെന്ന് യാഹൂ വക്താവ് എറിക് ബെര്‍മാന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്കിനെതിരെ മാര്‍ച്ച് രണ്ടാംവാരത്തിലാണ്
യാഹൂ കേസ് ഫയല്‍ ചെയ്തത്. വെബ്ബിലെ പരസ്യസങ്കേതങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ 10 പേറ്റന്റുകള്‍ ഫെസ്ബുക്ക് ലംഘിച്ചുവെന്നാണ് യാഹൂ ആരോപിച്ചത്.
'ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിങി' (IPO)ന്റെ നിര്‍ണായക വേളയിലാണ് ഫെയ്‌സ്ബുക്കിനെതിരെ പേറ്റന്റ് കേസ് വന്നതെന്ന കാര്യം ശ്രദ്ധേയമാണ്. യാഹൂവിന്റെ കേസ് വന്നതിന് ശേഷം ഇന്റര്‍നാഷണല്‍
ബിസിനസ് മെഷീന്‍സിന്റെ (IBM) 750 പേറ്റന്റുകള്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുകയുണ്ടായി.
ഫെയ്‌സ്ബുക്ക് അവകാശവാദം ഉന്നയിച്ചിരിക്കുന്ന 10 പേറ്റന്റുകളില്‍ അഞ്ചെണ്ണം യാഹൂവിന്റെ ഓണ്‍ലൈന്‍ പരസ്യ ബിസിനസുമായി ബന്ധപ്പെട്ടതാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 2011 ലെ വരുമാനത്തില്‍ 80 ശതമാനവും യാഹൂ നേടിയത് ഇതില്‍ നിന്നാണ്.
യാഹൂവിന്റെ ഫോട്ടോഷെയറിങ് സര്‍വീസായ
'ഫ്ലാക്കറി' (Flickr) ന്റെ പ്രവര്‍ത്തനത്തിലും തങ്ങളുടെ ചില പേറ്റന്റുകളുടെ ലംഘനമുള്ളതായി ഫെയ്‌സ്ബുക്ക് ആരോപിക്കുന്നു. ഫ്ലാക്കറില്‍ യൂസര്‍മാരെ പരസ്പരം കണക്ടുചെയ്യുന്ന സങ്കേതവും ഇതിന്റെ പരിധിയില്‍ വരുമെന്ന് ഫെയ്‌സ്ബുക്ക് ആരോപിക്കുന്നു.