ചതിക്കുഴികള്‍ ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക്-'വെബ്‌സെന്‍സ്' പങ്കാളിത്തം

Posted on: 03 Oct 2011


-സ്വന്തംലേഖകന്‍




ദുഷ്ടപ്രോഗ്രാമുകള്‍ ഒളിപ്പിച്ചുവെച്ച് ചതിക്കുഴികള്‍ ഒരുക്കുന്ന സൈറ്റുകള്‍ ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത്തരം സൈറ്റുകളുടെ യുആര്‍എല്‍ സ്പാമുകള്‍ ഒഴിക്കാന്‍ സുരക്ഷാസ്ഥാപനമായ വെബ്‌സെന്‍സിന്റെ പങ്കാളിത്തമാണ് ഫെയ്‌സ്ബുക്ക് തേടിയിരിക്കുന്നത്.

ശല്യസന്ദേശങ്ങളായ സ്പാമുകള്‍ ഒഴിവാക്കാനും സൈറ്റിന്റെ സുരക്ഷ ശക്തമാക്കാനും ഫെയ്‌സ്ബുക്ക് കാലോചിതമായ പല പരിഷ്‌ക്കാരങ്ങളും ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും, സ്പാം സൃഷ്ടാക്കള്‍ ഫെയ്‌സ്ബുക്കില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തുന്നത്.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യപ്പെടുന്ന യുആര്‍എല്ലുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍ വൈറസുകളോ ദുഷ്ടപ്രോഗ്രാമുകളോ ഉള്ള സൈറ്റിലേക്ക് ഉപയോക്താക്കള്‍ എത്തുകയാണ് ചെയ്യുന്നത്. പുറത്തുള്ള സൈറ്റുകള്‍ ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ളതല്ല.


അടുത്തയാഴ്ച മുതല്‍ ഇത്തരം ബാഹ്യസൈറ്റുകളുടെ വിലാസം, ഒരു 'യുആര്‍എല്‍ റീഡയറക്ടറി'ലൂടെ കടന്നുപോകും. ലിങ്ക് കുഴപ്പമുള്ളതാണോ എന്ന് പരിശോധിക്കാനും, അതെയെങ്കില്‍ തടയാനും ഇത് സഹായിക്കും.

ഫെയ്‌സ്ബുക്കില്‍ നിലവില്‍ 75 കോടി അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കെണിയില്‍ പെടാനുള്ള സാധ്യതയുണ്ട്. അടുത്തയിടെയാണ് ഫെയ്‌സ്ബുക്കില്‍ ടീഷര്‍ട്ടിന്റെ പേരില്‍ സ്പാം തട്ടിപ്പ് അരങ്ങേറിയത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി കമ്പനി കൈക്കൊള്ളുന്നത്.




TAGS:


Stories in this Section