ലോകമലയാളിയുടെ വിഷുക്കണി ഇത്തവണ ഫെയ്‌സ്ബുക്കിലായിരുന്നു; പിന്നെ ഗൂഗിള്‍ പ്ലസിലും. ഐശ്വര്യത്തിന്റെ ദിനമായാണ് മലയാളി വിഷുവിനെ കാണുന്നത്; ഒരുവര്‍ഷം മുഴുവന്‍ നീളുന്ന സൗഭാഗ്യങ്ങളുടെ തുടക്കം. ആ സങ്കല്‍പ്പം വലിയൊരു സൈബര്‍തിരമാലയായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ആഞ്ഞടിച്ചു.
പതിനായിരക്കണക്കിന് മലയാളികള്‍ അംഗങ്ങളായുള്ള ഫെയ്‌സ്ബുക്കിലാണ് രണ്ടുദിവസമായി വിഷു ആശംസകളും വിഷുക്കണി ദൃശ്യങ്ങളും കൂടുതല്‍ നിറഞ്ഞത്. കൊന്നപ്പൂവിന്റെ സ്വര്‍ണവര്‍ണം സോഷ്യല്‍നെറ്റ്‌വര്‍ക്കുകളെ താത്ക്കാലികമായെങ്കിലും ശോഭയണിയിച്ചു.
വിഷുദിനാശംസകളുടെ അകമ്പടിയോടെയുള്ള വ്യത്യസ്ത ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതില്‍ കൂടുതലും. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഓട്ടുരുളിയില്‍ കണിക്കൊന്നയും കണിവെള്ളരിയും സ്വര്‍ണം പഴവര്‍ഗങ്ങള്‍ ഫലവര്‍ഗങ്ങള്‍ എന്നിവയൊരുക്കി സമീപത്ത് നിലവിളക്ക് കൊളുത്തി കണിയൊരുക്കിയതിന്റെ വ്യത്യസ്ത ദൃശ്യങ്ങള്‍.

ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകളില്‍ ഏറെയും ഫോട്ടോഷോപ്പില്‍ വെച്ച് പരിഷ്‌ക്കരിച്ച ചിത്രങ്ങളും ആശംസകളുമാണെങ്കിലും, പ്രകൃതിദൃശ്യങ്ങളും കുറവായിരുന്നില്ല. അതില്‍ ഒന്നാംസ്ഥാനം കൊന്നപ്പൂവിനും ചക്കയ്ക്കും ആയിരുന്നുവെന്ന് പറയാം. മയില്‍പ്പീലിയുടെ മനോഹരദൃശ്യത്തിനൊപ്പം ആശംസനേര്‍ന്നവരുമുണ്ട്. കണികാണുന്നതിന്റെയും, പടക്കംപൊട്ടിക്കുന്നതിന്റെയുമൊക്കെ തത്സമയദൃശ്യങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മൊബൈല്‍ ക്യാമറകളിലെടുത്തത് ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകളായി തുടരെ പ്രത്യക്ഷപ്പെട്ടു. പായസം തയ്യാറാക്കിയതിന്റെ കൊതിപ്പിക്കുന്ന ചിത്രങ്ങളാണ് മറ്റു ചിലര്‍ ഫെയ്‌സ്ബുക്കിലിട്ട് കൈയടി നേടിയത്.
പതിവ് ആശംസകള്‍ക്ക് പകരം വിഷുദിനത്തില്‍ പറ്റിയ ചില അക്കിടികള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ വിഷുസാന്നിധ്യമുണ്ടാക്കിയവരും കുറവല്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത അനുഭവം ചുവടെ -
'അയലത്തെ കുട്ടിയുടെ മനസമ്മതമാണ് ഇന്ന്. വിഷുവായിട്ട് നല്ലൊരു നസ്രാണി സദ്യ കഴിക്കാമല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷേ, ഭാര്യ ഒരു ചതി ചെയ്തുകളഞ്ഞു. വിഷുവായതുകൊണ്ട് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നില്‍ക്കില്ലെന്നു വധുവിന്റെ അമ്മ ലില്ലിച്ചേച്ചിയോടു പറഞ്ഞു. ''അതിനെന്താ വിഷുവായിട്ടും വന്നല്ലോ സന്തോഷം'' എന്നു ചേച്ചി. എല്ലാവരും ചിരിച്ചു. ഞാന്‍ മാത്രം ഉള്ളുകൊണ്ടു കരഞ്ഞു. കഷ്ടം.. ഇന്ന് ഏതവനെയാണോ കണി കണ്ടത്? ഫലം തെറ്റേണ്ടെന്നു കരുതി കണ്ണാടിയില്‍ പോലും നോക്കിയില്ലായിരുന്നു.... എന്നിട്ടും അണ്‍ഹാപ്പി വിഷു'.
വിഷുവിന്റെ തലേന്ന് കേരളത്തിലെ ബിവറേജ് ഷോപ്പുകള്‍ക്ക് മുന്നില്‍ ആളുകളുടെ വലിയ ക്യൂ പ്രത്യക്ഷപ്പെട്ട കാര്യം ഇന്നത്തെ പത്രങ്ങളിലുണ്ടായിരുന്നു. അതിന്റെ ചില പ്രതിഫലനങ്ങള്‍ ഫെയ്‌സ്ബുക്കിലുമുണ്ട്. മദ്യക്കുപ്പികള്‍ വട്ടത്തില്‍വെച്ച് കണിയൊരുക്കാന്‍ ചിലര്‍ തയ്യാറായിരിക്കുന്നു. അതിനിടെ, വിഷുക്കണിയുമായി ബന്ധപ്പെടുത്തി ചില രസികന്‍ കാര്‍ട്ടൂണുകളും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ കാര്യത്തില്‍ ഒരുവര്‍ഷം മുമ്പുവരെ ഓര്‍ക്കുട്ട് ആയിരുന്നു മലയാളികളുടെ ഇഷ്ടതാവളം. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഫെയ്‌സ്ബുക്കില്‍ മലയാളികളുടെ സാന്നിധ്യം കാര്യമായി വര്‍ധിച്ചു. അതുകൊണ്ടുതന്നെ ഫെയ്‌സ്ബുക്കിലെ ആദ്യ വിഷുക്കണിയായിരുന്നു ഇത്തവണത്തേതെന്ന് പറയാം.