-കെ.കെ. ശ്രീരാജ്
ആഘോഷം പൂര്‍ത്തിയാകണമെങ്കില്‍ ഫെയ്‌സ്ബുക്കില്‍ക്കൂടി കയറണം. പൂരത്തെക്കുറിച്ച് തട്ടക ജനത ഗൗരവമായി ആലോചിച്ചു തുടങ്ങും മുമ്പുതന്നെ ഫെയ്‌സ്ബുക്കില്‍ പൂരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളെത്തി. പൂരത്തിനു വരുന്നുണ്ടോ എന്ന അന്വേഷണങ്ങളായിരുന്നു ഏറെയും.
പൂരം അടുത്തതോടെ ഫെയ്‌സ്ബുക്ക് വിശേഷങ്ങളുടെയും മുഖം മാറി. പുതിയവിശേഷങ്ങളും പഴമയുടെ ചരിത്രവഴികളും എല്ലാം ഇത്തരം പേജുകളില്‍ നിറയുന്നു. ചിത്രങ്ങള്‍ക്കുതന്നെയാണ് ഇവിടെ പ്രാധാന്യം. പഴയ പൂരങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ധാരാളം കാണാം. പൂരത്തിന്റെ തുടക്കം തൊട്ട് അവസാനം വരെ എല്ലാം ഇവിടെയുണ്ട്.
ഗോപുരങ്ങളുടെ വര്‍ണ്ണപ്രഭ, എഴുന്നള്ളിപ്പുകളുടെ സ്വര്‍ണ്ണസൗന്ദര്യം എല്ലാം വിരല്‍ത്തുമ്പില്‍ ആവാഹിച്ച് വരാന്‍ പോകുന്ന പൂരത്തിനു മനസ്സൊരുക്കം നടത്തുന്നു ഇവര്‍. പഴയ വര്‍ണ്ണച്ചിത്രങ്ങള്‍ക്കുപുറമെ പൂരം ആരാധകരെ ആകര്‍ഷിക്കാനുള്ള പല വിദ്യകളും ഫെയ്‌സ്ബുക്കില്‍ സുലഭം. തെക്കെനടയുടെ ആളൊഴിഞ്ഞചിത്രവും കുടമാറ്റം നടക്കുന്ന സമയത്തെ വര്‍ണ്ണപ്പൊലിമയുടെ ചിത്രവും ചേര്‍ത്തുകൊടുത്തിരിക്കുന്നു ചിലര്‍. ഇതുകാണുന്നവര്‍ക്കാര്‍ക്കും പൂരത്തിനു പോകാതിരിക്കാനാവില്ല.
ആനപ്രേമികളും ഫെയ്‌സ്ബുക്കില്‍ പൂരം ചര്‍ച്ചകളുമായി സജീവമായുണ്ട്. ഏതൊക്കെ ആനകള്‍ വരും. ഏതൊക്കെ വരില്ല, ഇഷ്ടതാരങ്ങള്‍ പങ്കെടുക്കുമോ തുടങ്ങിയ ചര്‍ച്ചകളാണ്ഇവിടെ നടക്കുന്നത്. ആനകളുടെ ചിത്ര സഹിതമുള്ള പോസ്റ്റുകളാണ് വരുന്നത് എന്നത് ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.
പഴയ ചിത്രങ്ങളും പൂരവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും ഇവിടെയുണ്ട്. ഇതില്‍ 1929, 1938 വര്‍ഷങ്ങളില്‍ പൂരത്തിന് എത്തണമെന്നാവശ്യപ്പെട്ടു നല്‍കിയ പത്രപ്പരസ്യം ഇതില്‍ ഒന്നുമാത്രം. ഇന്ത്യന്‍ റെയില്‍വെയാണ് അന്നു പത്രപ്പരസ്യം നല്‍കിയത്. അതികേമമായ പൂരാഘോഷം തൃശ്ശിവപേരൂരില്‍ എന്നു തുടങ്ങുന്ന പരസ്യത്തിന് തീര്‍ത്ഥയാത്ര വഴി എന്നാണ് തലക്കെട്ടുനല്‍കിയിരിക്കുന്നത്. വെടിക്കെട്ട്, അനവധി ആനകള്‍തുടങ്ങിയവയെല്ലാം പരസ്യത്തില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.
പൂരത്തിനായി ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട് ഫെയ്‌സ്ബുക്കില്‍. ആരൊക്കെ വരും ആരൊക്കെ വരില്ല എന്ന കണക്കെടുപ്പ് ഇവര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ആരംഭിച്ചു.
'ഗെടിയെ ഇമ്മടെപൂരാ ഏപ്രില്‍ ഇരോത്തോന്നാന്തി' എന്നായിരുന്നു ക്ഷണവാചകം. പൂരത്തിന്റെ ചരിത്രവും പ്രാധാന്യവും പറയാന്‍ശ്രമിക്കുന്നുമുണ്ട് ഇതില്‍. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നതെന്ന വിവരം ഇത്തരം പോസ്റ്റുകളില്‍ നിന്നും നമുക്കു ലഭിക്കും. പൂരത്തിന്റെ വര്‍ണ്ണങ്ങളെയെല്ലാം ഓര്‍മ്മപ്പെടുത്തുന്നുമുണ്ട് ഇത്. വെടിക്കെട്ട്, കുടമാറ്റം, വാദ്യങ്ങള്‍, ആനകള്‍തുടങ്ങിയവയെല്ലാം ഓര്‍മ്മിപ്പിച്ച് പൂരത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ ഇവര്‍ക്കും ഒരു പങ്കുണ്ട്എന്നതില്‍ തര്‍ക്കമില്ല.
പൂരം തീംസോങ്ങും ഫെയ്‌സ്ബുക്കില്‍ സുലഭമാണ്. മുകേഷ് ലാല്‍ രചിച്ച പൂരംവരവായി...എന്നു തുടങ്ങുന്ന പാട്ട് ഏറെ ഹിറ്റായിക്കഴിഞ്ഞു. ഇത്തരം കാര്യങ്ങളുടെ പരസ്യങ്ങളും ധാരാളം കാണാം. തൃശ്ശൂര്‍ ഭാഷയുടെ താളസൗന്ദര്യം പൂരപ്രണയത്തോടെ ഫേയ്‌സ്ബുക്കില്‍ പ്രബലമാകുന്നതിനും കാരണമായി.
കഴിഞ്ഞ കാലങ്ങളില്‍ ഒന്നുമില്ലാത്ത രീതിയിലുള്ള പ്രചാരണമാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. പന്തല്‍ നിര്‍മ്മാണത്തിന്റെ ഓരോഘട്ടവും ഫെയ്‌സ്ബുക്കില്‍ നോക്കിയാല്‍ മനസ്സിലാക്കാം. എല്ലാം പൂരത്തിന് ഏവരെയും ക്ഷണിക്കുന്ന പോലെയാണ് ചേര്‍ത്തിട്ടുള്ളത്. ഇത്തരത്തില്‍ പൂരത്തിന്റെ പൊന്‍പുസ്തകമാകുകയാണ് ഫെയ്‌സ് ബുക്ക്.