ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ 'വകവരുത്താനുള്ള' സോഷ്യല്‍ ആപ് ഒഴിവാക്കി

Posted on: 15 May 2013




ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാന്‍ ആറ് എളുപ്പമാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷന്‍ (ആപ്), സൈറ്റില്‍നിന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ ഒഴിവാക്കി.

റഷ്യന്‍ റൗലറ്റിനെ അനുകരിച്ച് 'സോഷ്യല്‍ റൗലറ്റ്' ( Social Roulette ) എന്ന് പേര് നല്‍കിയ ആപ്, സൈറ്റിന്റെ 'പ്ലാറ്റ്‌ഫോം നയങ്ങള്‍' ലംഘിക്കുന്നതായി ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു.

റിവോള്‍വറിന്റെ സിലണ്ടറില്‍ ഒരു വെടിയുണ്ട ലോഡ് ചെയ്ത ശേഷം, ലോഡ് ചെയ്ത ചേംബര്‍ ഒഴിവാക്കാന്‍ സിലിണ്ടര്‍ കറക്കുന്നതുപോലെയുള്ള ഒരു ഗെയിമാണ് 'സോഷ്യല്‍ റൗലറ്റ്'.

ഫെയ്‌സ്ബുക്കില്‍ ഒരു പുതിയ തുടക്കം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആപ് പ്രയോജനപ്പെട്ടേക്കാമെന്ന്, സോഷ്യല്‍ റൗലറ്റിന്റെ വെബ്ബ്‌സൈറ്റില്‍ പറയുന്നു. അതല്ലെങ്കില്‍, തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ചെലവില്‍ ത്രില്ലടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ മതിപ്പ് തോന്നിയേക്കാമെന്നാണ് കമ്പനിയുടെ വാദം.

മാത്രമല്ല, ഏതെങ്കിലും സമയത്ത് തങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാന്‍ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ലെന്നും സോഷ്യല്‍ റൗലറ്റ് സൈറ്റ് വാദിക്കുന്നു.

നെഗറ്റീവ് പ്രതികരണത്തിന്റെ പേരിലാണ് സോഷ്യല്‍ റൗലറ്റ് സൈറ്റ് ഒഴിവാക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.

നെഗറ്റീവ് പ്രതികരണത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് തടയുന്ന ആദ്യ ആപ് ആല്ല സോഷ്യല്‍ റൗലറ്റ്.

ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയ ഇന്‍സ്റ്റഗ്രാം ( Instagram ) എന്ന ഫോട്ടോഷെയറിങ് സര്‍വീസിന്റെ അതേ സ്വഭാവമുള്ള 'വിന്റേജ് ക്യാമറ' ( Vintage Camera ) ആപ്, 'യൂസര്‍മാരില്‍ നിന്നുള്ള നെഗറ്റീവ് പ്രതികരണത്തി'ന്റെ പേര് പറഞ്ഞ് കഴിഞ്ഞ ഫിബ്രവരിയില്‍ ഫെയ്‌സ്ബുക്ക് തടയുകയുണ്ടായി.


Stories in this Section