ഫെയ്‌സ്ബുക്കിന്റെ പേരില്‍ അഭ്യൂഹം; 'തെറ്റെ'ന്ന് സൈറ്റ്

Posted on: 25 Sep 2012




ഫെയ്ബുക്കിന്റെ പേരില്‍ എന്തുമാകാം എന്നതാണ് ഇപ്പോഴത്തെ സ്ഥതി. ഒരു പതിനാറുകാരി തന്റെ സ്വാകാര്യ പിറന്നാള്‍ പാര്‍ട്ടിക്കുള്ള ഫെയ്‌സ്ബുക്ക് ക്ഷണത്തില്‍ 'സ്വകാര്യ'മെന്ന് രേഖപ്പെടുത്താന്‍ മറന്നതിന്റെ പേരില്‍, ഡച്ച് പട്ടണമായ ഹാരെനില്‍ ആയിരങ്ങള്‍ തടിച്ചുകൂടി അഴിഞ്ഞാടിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.

ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ അയയ്ക്കുന്ന സ്വകാര്യസന്ദേശങ്ങള്‍, പബ്ലിക് ടൈംലൈനില്‍ പ്രത്യക്ഷപ്പെടുമെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തുന്നു. അഭ്യൂഹം തെറ്റാണെന്നും അങ്ങനെയൊരു ഭയം വേണ്ടെന്നും വിശദീകരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിന് തന്നെ ഒടുവില്‍ രംഗത്തെത്തേണ്ടി വന്നിരിക്കുകയാണ്.

2007-2009 കാലഘട്ടത്തിലയച്ച സ്വകാര്യസന്ദേശങ്ങള്‍ പൊടുന്നനെ പബ്ലിക്ക് ടൈംലൈനില്‍ പ്രത്യക്ഷപ്പട്ടതായി ചില യൂസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആ വാര്‍ത്ത കാട്ടുതീ പോലെ പടരുകയായിരുന്നു. ഇങ്ങനെ പറഞ്ഞ യൂസര്‍മാരില്‍ മിക്കവരും ഫ്രാന്‍സില്‍ നിന്നുള്ളവരാണ്.

യഥാര്‍ഥത്തില്‍ സന്ദേശങ്ങളെന്ന് യൂസര്‍മാര്‍ തെറ്റിദ്ധരിച്ചത് പഴയ വാള്‍ പോസ്റ്റുകളാണെന്നും, അത് യൂസറുടെ പ്രൊഫൈല്‍ പേജുകളില്‍ എപ്പോഴും ദൃശ്യമാണെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. അല്ലാതെയുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കമ്പനി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഫെയ്‌സ്ബുക്ക്. 95 കോടിയിലേറെയാണ് അതിലെ അംഗസംഖ്യ. അത്തരമൊരു സൈറ്റില്‍ യൂസര്‍മാരുടെ സ്വകാര്യത തകര്‍ക്കുന്ന സംഗതിയുണ്ടെന്ന് വാര്‍ത്ത വന്നാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും.

'സ്വകാര്യതയ്ക്ക് മേല്‍ ഒരു കടന്നുകയറ്റവും സംഭവിച്ചിട്ടില്ലെന്നതില്‍ ഫെയ്‌സ്ബുക്കിന് തൃപ്തിയുണ്ട് - കമ്പനി അറിയിക്കുന്നു. സന്ദേശങ്ങളും ടൈംലൈന്‍ അപ്‌ഡേറ്റുകളും രണ്ടാണ്, രണ്ടുതരം ഡേറ്റയാണ്. അവ രണ്ടും കലരാന്‍ ഒരു സാധ്യതയുമില്ലെന്ന് ചില ഫെയ്‌സ്ബുക്ക് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

2011 ല്‍ ഇതിന് സമാനമായ അഭ്യൂഹം പടര്‍ന്നിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം അത് ശരിയല്ലെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഫെയ്‌സ്ബുക്ക് ഉറവിടങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബി.ബി.സി.പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

'തീര്‍ച്ചയായും സ്വകാര്യസന്ദേശങ്ങളാണ് എന്റെ ഫെയ്‌സ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ട ചിലത്! 2006 മുതല്‍ 2012 വരെയുള്ളവ അതിലുണ്ട്'-ഫാഷന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ 'വാട്ട് ഐ വോര്‍ ടുഡേ' (wiwt.com)യുടെ ഉടമയായ പോപ്പി ഡിന്‍സീ എഴുതി. തനിക്കത് നൂറു ശതമാനം ഉറപ്പാണെന്നും അവര്‍ പറയുന്നു.

അതിനിടെ, അമേരിക്കയില്‍ വലിയ സ്വാധീനമുള്ള സാമ്പത്തിക പ്രസിദ്ധീകരണമായ 'ബാരണ്‍സ്' (Barron's) ഫെയ്‌സ്ബുക്ക് ഓഹരികളുടെ മൂല്യത്തെക്കുറിച്ച് നടത്തിയ വിലയിരുത്തല്‍ കമ്പനിക്ക് തിരിച്ചടിയായി.

ഫെയ്‌സ്ബുക്ക് ഓഹരികള്‍ക്ക് ഫ്ലോട്ടേഷന്‍ നിരക്കായി നിശ്ചയിച്ചിരുന്നത് 38 ഡോളര്‍ മൂല്യമാണ്. അതിനു മാത്രമൊന്നും ഫെയ്‌സ്ബുക്ക് വരില്ലെന്നും, ഓഹരിയൊന്നിന് 15 ഡോളര്‍ മൂല്യമേ കണക്കാക്കാന്‍ കഴിയൂ എന്നുമായിരുന്നു ബാരണ്‍സിന്റെ വിലയിരുത്തല്‍. അതെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഓഹരിമൂല്യം 9.1 ശതമാനം ഇടിഞ്ഞ് 20.79 ഡോളറായി.
TAGS:
facebook  |  social network  |  social media  |  rumour  |  private message 


Stories in this Section