
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കില്‍ 8.7 ശതമാനം വ്യാജഅംഗങ്ങളാണെന്ന് വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക്ക് തന്നെയാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്കില്‍ നിലവില്‍ 95.5 കോടി അംഗങ്ങളുണ്ട്. അതിന്റെ 8.7 ശതമാനം എന്നു പറഞ്ഞാല്‍ ഏതാണ്ട് 833 ലക്ഷം വരും. യു.എസ്.സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍
ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച ഫയലിങിലാണ് ഇക്കാര്യമുള്ളത്.
'വ്യാജന്‍മാരെ' ഫെയ്‌സ്ബുക്ക് മൂന്നു വിഭാഗങ്ങളിലായാണ് പെടുത്തുന്നത്. ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈലുള്ളവരാണ് അതില്‍ പ്രധാന വിഭാഗം. 'മുഖ്യഅക്കൗണ്ട് കൂടാതെ ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈല്‍ കൂടി സൃഷ്ടിച്ചിട്ടുള്ളവരാ'ണ് ഈ വിഭാഗത്തില്‍ പെടുന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ഈ വിഭാഗം 4.8 ശതമാനം വരും.
വ്യാജന്‍മാരില്‍ രണ്ടാംവിഭാഗമായി ഫെയ്‌സ്ബുക്ക് വിവരിക്കുന്നത്, 'ബിസിനസിനും സംഘടനയ്ക്കും ഓമനമൃഗങ്ങള്‍ക്കും വേണ്ടി അക്കൗണ്ട് സൃഷ്ടിച്ചിട്ടുള്ളവരെ'യാണ്. ഈ വിഭാഗം വ്യാജന്‍മാര്‍ 2.4 ശതമാനം വരും.
ഫെയ്‌സ്ബുക്കിന്റെ നിയമാവലിക്ക് വിരുദ്ധമായി, പാഴ്‌സന്ദേശങ്ങള്‍ (സ്പാം) അയയ്ക്കുക പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപംനല്‍കിയിട്ടുള്ള, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് മൂന്നാമത്തെ വിഭാഗം. ഇതില്‍ പെടുന്ന അക്കൗണ്ടുകള്‍ 1.5 ശതമാനം വരുമെന്ന് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തുന്നു.
ടാര്‍ജറ്റഡ് അഡ്വര്‍ടൈസിങ് മാതൃക പിന്തുടരുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോം ആണ് ഫെയ്‌സ്ബുക്ക്. അത്തരം പരസ്യബിസിനസ് കൂടുതലായി നിരീക്ഷിക്കപ്പെടുന്ന വേളയിലാണ്, ഫെയ്‌സ്ബുക്കില്‍ ലക്ഷക്കണക്കിന് വ്യാജന്‍മാരുണ്ടെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
ഫെയ്‌സ്ബുക്കില്‍ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് വ്യാജപ്രൊഫൈലുകള്‍ പ്രധാന തലവേദനയാണെന്ന്, കഴിഞ്ഞ മാസം
ബി.ബി.സി.നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഫെയ്‌സ്ബുക്കിലെ 'ലൈക്ക്' (Like) ബട്ടണില്‍ വീഴുന്ന ക്ലിക്കുകള്‍, 'യഥാര്‍ഥ ക്ലിക്കുകള്‍' തന്നെയെന്ന് തെളിയിക്കാന്‍ വെല്ലുവിളി ഉയരുന്ന സമയത്താണ്, ഫെയ്‌സ്ബുക്കില്‍ 833 ലക്ഷം വ്യാജന്‍മാരുണ്ടെന്ന വിവരം കമ്പനി തന്നെ പുറത്തുവിട്ടിരിക്കുന്നത്.
സ്വാഭാവികമായും ഫെയ്‌സ്ബുക്കിന്റെ ബിസിനസ് മാതൃകയെ വെല്ലുവിളിക്കുന്നവര്‍ക്ക് പുതിയ ആയുധമാകും ഈ വെളിപ്പെടുത്തലെന്ന് ബി.ബി.സി.പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.