
ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ക്ക് 27 മില്യണ്‍ 'പാഴ്‌സന്ദേശങ്ങള്‍' അയച്ച കുറ്റം ആരോപിക്കപ്പെട്ട അമേരിക്കക്കാരന്‍ കീഴടങ്ങി. കാലിഫോര്‍ണിയയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അധികൃതര്‍ക്ക് മുന്നിലാണ് 'പാഴ്‌മെയില്‍ രാജാവ്' (സ്പാം കിങ്) എന്നറിയപ്പെടുന്ന സാന്‍ഫോര്‍ഡ് വാലസ് കീഴടങ്ങിയത്.
ഇന്റര്‍നെറ്റിലൂടെ പാഴ്‌മെയിലയച്ച് പ്രശ്‌നമുണ്ടാക്കുന്നതില്‍ മുന്‍കാല ചരിത്രമുള്ള വാലസ്, ഫെയ്‌സ്ബുക്കിലെ സ്പാം ഫില്‍ട്ടറുകളെ കബളിക്കാന്‍ കഴിയുന്ന പ്രോഗ്രാം തയ്യാറാക്കിയെന്നാണ് ആരോപണം. മാത്രമല്ല, ഫെയ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്നും ആരോപണമുണ്ട്.
ആരോപണങ്ങള്‍ വാലസ് നിഷേധിക്കുന്നുണ്ടെങ്കിലും, പത്തുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അയാളുടെ മേല്‍ ആരോപിച്ചിരിക്കുന്നതെന്ന് ബി.ബി.സി.റിപ്പോര്‍ട്ടു ചെയ്തു. ഒരു ലക്ഷം ഡോളറിന്റെ (45 ലക്ഷം രൂപ) യുടെ ജാമ്യത്തില്‍ അയാളെ ജാമ്യത്തില്‍ വിട്ടു.
സുഹൃത്തുക്കളുടേത് എന്ന മാതിരി ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ വാളില്‍ സന്ദേശങ്ങള്‍ പോസ്റ്റു ചെയ്യാന്‍ വാലസിന്റെ പ്രോഗ്രാം സഹായിക്കും. ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതാകും സന്ദേശം.
ആ കുടുക്കില്‍ വീണ് വെബ്‌സൈറ്റ് സന്ദര്‍സിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ അവിടെ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് വാലസിന്റെ പ്രോഗ്രാം ചെയ്തിരുന്നത്. മാത്രമല്ല, അതുമായി ബന്ധപ്പെട്ട മറ്റൊരു സൈറ്റിലേക്ക് അവിടെ നിന്ന് യൂസര്‍മാരെ വഴിതിരിച്ചു വിടുകയും ചെയ്യുന്നു. അതുവഴി വാലസ് നല്ല വരുമാനമുണ്ടാക്കിയിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.
മാത്രമല്ല, ഫെയ്‌സ്ബുക്ക് യൂസറുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് ഉപയോഗിച്ച് അവരുടെ വാളുകളിലും പാഴ്‌സന്ദേശങ്ങള്‍ പോസ്റ്റു ചെയ്യാന്‍ വാലസിന്റെ പ്രോഗ്രാമിന് സാധിക്കും.
2008 നവംബര്‍ മുതല്‍ 2009 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏതാണ്ട് അഞ്ചുലക്ഷം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെ ഇത്തരത്തില്‍ കബളിപ്പിക്കാനും, അതുവഴി 27 മില്യണ്‍ പാഴ്‌സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും വാലസിന് കഴിഞ്ഞതായി ബി.ബി.സി.റിപ്പോര്‍ട്ടു ചെയ്തു.
2009 ലാണ് വാലസിനെതിരെ ഫെയ്‌സ്ബുക്ക് കേസ് ഫയല്‍ചെയ്തത്. ഫെയ്‌സ്ബുക്കിന്റെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കരുതെന്ന് ഒരു ഫെഡറല്‍ ജഡ്ജി വാലസിന് ഉത്തരവ് കൊടുക്കുകയും ചെയ്തു. എന്നാല്‍, ഈ ഉത്തരവ് വാലസ് പല തവണ ലംഘിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.
2008 ല്‍ മൈസ്‌പേസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അംഗങ്ങള്‍ക്ക് പാഴ്‌സന്ദേശങ്ങള്‍ അയച്ചതിന്റെ പേരിലുള്ള സിവില്‍ കേസും വാലസിന് എതിരായി വന്നിരുന്നു.