ഇസ്രായേലി കമ്പനിയായ
ഫെയ്‌സ് ഡോട്ട് കോമിനെ (face.com) ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു. ഫോട്ടോകളിലെ മുഖങ്ങള്‍ തിരിച്ചറിയാനുള്ള സങ്കേതം വികസിപ്പിക്കുന്ന കമ്പനിയാണ് ടെല്‍ അവീവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് ഡോട്ട് കോം.
ലോകത്തെ ഏറ്റവും വലിയ ഫോട്ടോഷെയറിങ് കമ്പനികൂടിയായ ഫെയ്‌സ്ബുക്കിന്, ഫോട്ടോ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്ന ഒന്നായി പുതിയ നീക്കം വിലയിരുത്തപ്പെടുന്നു.
ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ കമ്പനിയായ ഇന്‍സ്റ്റഗ്രാമിനെ നൂറുകോടി ഡോളര്‍ നല്‍കി ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്ന കാര്യം പുറത്തുവന്നത് കഴിഞ്ഞ ഏപ്രിലിലാണ്. അതിന് പിന്നാലെയാണ് ഫോട്ടോഷെയറിങ് സങ്കേതവുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയെക്കൂടി ഫെയ്‌സ്ബുക്ക് അതിന്റെ ചിറകിന്‍ കീഴിലേക്ക് എത്തിക്കുന്നത്.
ഫെയ്‌സ് ഡോട്ട് കോമിനെ സ്വന്തമാക്കാന്‍ ഫെയ്‌സ്ബുക്ക് ഇപ്പോഴാണ് ശ്രമിക്കുന്നതെങ്കിലും, ആ കമ്പനി വികസിപ്പിച്ച സങ്കേതം ഇതിനകം ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഫോട്ടോകള്‍ തിരിച്ചറിയാനും ടാഗ് ചെയ്യാനും ഫെയ്‌സ്ബുക്ക് അംഗങ്ങളെ സഹായിക്കുന്നത് ഫെയ്‌സ് ഡോട്ട് കോം വികസിപ്പിച്ച സങ്കേതമാണ്.
55-60 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ഇസ്രായേലി കമ്പനിയെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നതെന്ന്, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് പറയുന്നു. ഇരുകമ്പനികളും തുകയെപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 11 ജീവനക്കാരാണ് ഫെയ്‌സ് ഡോട്ട് കോമിലുള്ളത്.
സ്വകാര്യതയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, ടാഗിങ് എന്നത് ഫെയ്‌സ്ബുക്കില്‍ ഏറെ ജനപ്രീതി നേടിയ ഒരു സങ്കേതമാണ്. നിലവില്‍ 25 കോടി ഫോട്ടോകളാണ് ദിവസവും ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.