ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ മുന്നില്‍ കണ്ട് ഫെയ്‌സ്ബുക്കിന്റെ ഫീച്ചര്‍ ഫോണ്‍ ആപ്ലിക്കേഷന്‍
ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളിലെ ഫീച്ചര്‍ ഫോണുകളെ ലക്ഷ്യമിട്ട് തങ്ങള്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ സൂപ്പര്‍ഹിറ്റെന്ന് ഫെയ്‌സ്ബുക്ക്. 'ഫെയ്‌സ്ബുക്ക് ഫോര്‍ എവരി ഫോണ്‍ ' എന്ന അപ് മാസംതോറും പത്തുകോടിയിലേറെപ്പേര്‍ ഉപയോഗിക്കുന്നതായി കമ്പനി വെളിപ്പെടുത്തി.
രണ്ടുവര്‍ഷമായി ഫെയ്‌സ്ബുക്കിന്റെ ആവനാഴിയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന പദ്ധതിയാണിത്. 110 കോടി അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിന് കൂടുതല്‍ വളരാനുള്ള മാര്‍ഗമാണ് ഇതുവഴി തുറന്നു കിട്ടുന്നതെന്ന് 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ റിപ്പോര്‍ട്ട് പറയുന്നു.
മറ്റ് പല ഇന്റര്‍നെറ്റ് സര്‍വീസുകളെയും പോലെ, മൊബൈലിന്റേതായിരിക്കും ഭാവിയെന്ന് തിരിച്ചറിഞ്ഞ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഫെയ്‌സ്ബുക്കും. മൊബൈലുകള്‍ വഴി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ സംഖ്യ ദിനംപ്രതി വര്‍ധിക്കുന്നു.
എന്നാല്‍ ഇതിലൊരു പ്രശ്‌നമുണ്ട്. സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ, ഫെയ്‌സ്ബുക്കിന്റെ ഉപയോഗം ശരിയായി സാധ്യമാകൂ എന്നതാണത്. അതേസമയം, ഇന്ത്യയും ബ്രസീലും പോലെ ലോകത്തെ മിക്ക ദരിദ്രരാജ്യങ്ങളിലും കൂടുതല്‍ പ്രചാരത്തിലുള്ളത് സ്മാര്‍ട്ട്‌ഫോണുകളല്ല, വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകളാണ്. ഫീച്ചര്‍ ഫോണുകളില്‍ക്കൂടി ശരിയായി എത്തിക്കാനായാലേ ഇനി ഫെയ്‌സ്ബുക്കിന് വളരാനാകൂ.
ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഫെയ്‌സ്ബുക്ക് പുതിയ ആപ്ലിക്കേഷന് രൂപംനല്‍കിയത്. ലോകത്താകമാനം മൂവായിരത്തോളം വ്യത്യസ്തയിനം ഫീച്ചര്‍ഫോണുകളില്‍ 'ഫെയ്‌സ്ബുക്ക് ഫോര്‍ എവരി ഫോണ്‍ ' ആപ് പ്രവര്‍ത്തിക്കുന്നുവെന്നാണ്
ഫെയ്‌സ്ബുക്കിന്റെ പ്രസ്താവന പറയുന്നത്.
ന്യൂസ് ഫീഡ്, മെസഞ്ചര്‍, ഫോട്ടോകള്‍ മുതലായ ഫെയ്‌സ്ബുക്ക് ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. മാത്രമല്ല, ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ഡേറ്റാ ചാര്‍ജില്‍ ഇളവ് നല്‍കാനായി ആഗോളതലത്തില്‍ മൊബൈല്‍ കമ്പനികളുണായി ഫെയ്‌സ്ബുക്ക് ധാരണയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ, ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, ബ്രസീല്‍, വിയറ്റ്‌നാം തുടങ്ങി ഫീച്ചര്‍ ഫോണുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രാജ്യങ്ങളിലാണ് ഈ ആപിന് പ്രചാരം കൂടുതലുണ്ടാവുകയെന്ന് ഫെയ്‌സ്ബുക്ക് വിലയിരുത്തുന്നു.
2007 ല്‍ സ്ഥാപിതമായ 'സ്‌നാപ്ട്യൂ' ( Snaptu ) എന്ന ഇസ്രായേലി കമ്പനിയെ 2011 ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരുന്നു. 'ഫെയ്‌സ്ബുക്ക് ഫോര്‍ എവരി ഫോണ്‍ ' ആപ്ലിക്കേഷന്‍ വികസിപ്പിച്ചത് സ്‌നാപ്ട്യൂ ആണ്.