കളി മാത്രമല്ല, ഫെയ്‌സ്ബുക്കില്‍ ഇനി പണംവെച്ചുള്ള ചൂതാട്ടവും

Posted on: 07 Aug 2012


-സ്വന്തം ലേഖകന്‍




ഫെയ്‌സ്ബുക്കില്‍ ഇത്രകാലവും വെറും കളിയായിരുന്നു. ഇനി അതല്ല, കാര്യങ്ങള്‍ മാറുകയാണ്. യഥാര്‍ഥ പണമുപയോഗിച്ച് കളിക്കാവുന്ന ഫെയ്‌സ്ബുക്കിലെ ആദ്യ ആപ്ലിക്കേഷന്‍ എത്തി-'ബിന്‍ഗോ ഫ്രന്‍ഡ്‌സി' (Bingo Friendzy).

ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ വിശാലലോകത്തേക്ക് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്രവേശിക്കുന്നു എന്നാണിതിനര്‍ഥം. ഇതുവരെ 'ഫാം വില്ലെ' (FarmVille) പോലെയുള്ള, യഥാര്‍ഥ പണത്തിന്റെ ഏര്‍പ്പാടില്ലാത്ത ഗെയിമുകള്‍ മാത്രമാണ് ഫെയ്‌സ്ബുക്കിലുണ്ടായിരുന്നത്.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ട നടത്തിപ്പുകരായ 'ഗെയിംസിസ്' (Gamesys) ആണ് ബിന്‍ഗോ ഫ്രന്‍ഡ്‌സി ആപ് വികസിപ്പിച്ചത്. ബ്രിട്ടനില്‍ പതിനെട്ടിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അതുപയോഗിച്ച് ഗെയിമുകള്‍ കളിക്കാനും ക്യാഷ് പ്രൈസുകള്‍ നേടാനുമാകും.

'ദി നെക്സ്റ്റ് വെബ്ബ്' (TheNextWeb) റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരമാണെങ്കില്‍, ബിന്‍ഗോ ഫ്രന്‍ഡ്‌സി ഒരു തുടക്കം മാത്രമാണ്. യഥാര്‍ഥ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് കൂടുതല്‍ കൂട്ടാളികളെ ഫെയ്‌സ്ബുക്ക് തേടുകയാണ്.

അതിന്റെ ഭാഗമായി 'ഫാം വില്ലെ'യുടെ സൃഷ്ടാക്കളായ 'സിന്‍ഗ' (Zynga), പണമുപയോഗിച്ച് കളിക്കാവുന്ന ഗെയിമുകള്‍ അടുത്ത വര്‍ഷത്തോടെ ഫെയ്‌സ്ബുക്കില്‍ അവതരിപ്പിക്കും. ഈ വഴിക്ക് പണമുണ്ടാക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.

ബിന്‍ഗോ ഫ്രന്‍ഡ്‌സി യഥാര്‍ഥത്തില്‍ ഒരു കൂട്ടായ പദ്ധതിയല്ലെന്നും, ആ ഗെയിം പൂര്‍ണമായും വികസിപ്പിച്ചത് ഗെയിംസിസ് ആണെന്നും ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് വഴിയുള്ള ക്രയവിക്രയങ്ങള്‍ക്ക് കമ്പനി ഈടാക്കുന്ന കമ്മീഷന്‍ 30 ശതമാനമാണ്. ബിന്‍ഗോ ഫ്രന്‍ഡ്‌സി ആപിന്റെ കാര്യത്തിലും അതുതന്നെയാകുമോ കമ്മീഷനെന്ന് വ്യക്തമല്ല.
TAGS:


Stories in this Section