ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ബസ്, മൈസ്‌പേസ്...സോഷ്യല്‍ മീഡിയ യുഗത്തിലാണ് ലോകം. നവമാധ്യമങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ പരസ്പരവിശ്വാസമോ, സമൂഹിക പിന്തുണയോ ഇല്ലാതെ ഒറ്റപ്പെട്ട തുരുത്തുകളായി ഓരോരുത്തരും കഴിയുകയാണ് എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. കുറഞ്ഞപക്ഷം ഫെയ്‌സ്ബുക്കിന്റെ കാര്യമെങ്കിലും വ്യത്യാസമാണെന്ന് പുതിയൊരു സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്കിടയില്‍ പരസ്പരവിശ്വാസവും പിന്തുണയും കൂടുതലാണത്രേ!
പ്യൂ റിസര്‍ച്ച് സെന്ററിന് കീഴിലുള്ള
'ഇന്റര്‍നെറ്റ് ആന്‍ഡ് അമേരിക്കന്‍ ലൈഫ് പ്രോജക്ട്' നടത്തിയ സര്‍വെയിലാണ്, ഏറെ ഗുണഫലങ്ങളുണ്ടാക്കുന്ന സൗഹൃദക്കൂട്ടായ്മയാണ് ഫെയ്‌സ്ബുക്കെന്ന് കണ്ടത്. 60 കോടിയിലേറെ അംഗസംഖ്യയുള്ള ഫെയ്‌സ്ബുക്കിലെ കൂട്ടായ്മകൊണ്ട് ഇത്തരം ഫലങ്ങളുണ്ടാകുന്നു എന്നത് തീര്‍ച്ചയായും ശുഭവാര്‍ത്തയാണ്.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ മറ്റുള്ളവരെ കൂടുതല്‍ വിശ്വസിക്കുന്ന സ്വഭാവക്കാരാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, മറ്റുള്ളവരെ അപേക്ഷിച്ച് ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി കൂടുതലായി നിലകൊള്ളുന്നവരാണെന്നും സര്‍വ്വെയില്‍ കണ്ടു. കൂടുതല്‍ അടുത്ത സുഹൃത്തുക്കളുള്ളതും, മറ്റ് സോഷ്യല്‍മീഡിയ ഉപഭോക്താക്കളെ അപേക്ഷിച്ച് ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ക്കാണ്.
അമേരിക്കയിലെ 2255 മുതിര്‍ന്നവര്‍ക്കിടയിലാണ് സോഷ്യല്‍ മീഡിയ സംബന്ധിച്ച സര്‍വ്വെ നടന്നത്. ദിവസവും ഒന്നിലേറെ തവണ ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവര്‍, ഇതര ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ അപേക്ഷിച്ച്, മറ്റുള്ളവരെ വിശ്വസിക്കാം എന്ന് കരുതാനുള്ള സാധ്യത 43 ശതമാനം കൂടുതലാണത്രേ. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഈ വിശ്വാസം മൂന്നുമടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാഷ്ട്രീയമായി കൂടുതല്‍ കര്‍മനിരതരാകുന്നതും ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തന്നെയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മകള്‍ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍)
യുവാക്കളെ 'രാഷ്ട്രീയവത്ക്കരിക്കുന്നതി'ല്‍ വലിയ പങ്കു വഹിക്കുന്നതായുള്ള ഒരു പഠനം അടുത്തയിടെയാണ് പുറത്തുവന്നത്. അതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ് പ്യൂ സെന്ററിന്റെ സര്‍വ്വെ റിപ്പോര്‍ട്ട്.