ആക്രമണത്തിനെതിരെ ഫെയ്‌സ്ബുക്ക് ; അശ്ലീലചിത്രങ്ങള്‍ നീക്കി

Posted on: 16 Nov 2011


-സ്വന്തം ലേഖകന്‍




ഒരു വന്‍ സ്പാം ആക്രമണത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീലചിത്രങ്ങളും അക്രമദൃശ്യങ്ങളും നീക്കംചെയ്തതായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫെയ്‌സ്ബുക്ക് അറിയിച്ചു. ബ്രൗസര്‍ പഴുതാണ് ഇത്തരമൊരു ആക്രമണത്തിന് ഇടയാക്കിയതെന്നും, ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തിപ്പെടുത്തുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 800 മില്യണ്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ ഇത്തരം ദൃശ്യങ്ങള്‍ക്കെതിരെ പരാതിയുന്നയിച്ചിരുന്നു. ആരാണ് സ്പാം (പാഴ്‌സന്ദേശം) ആക്രമണത്തിന് പിന്നിലെന്ന് ഫെയ്‌സ്ബുക്കിന് അറിയാമെന്നും, അവര്‍ക്കതിരെ നിയമനടപടിക്ക് കമ്പനി ആലോചിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബ്രൗസറിലെ 'സെല്‍ഫ്-എക്‌സ്.എസ്.എസ്. പഴുത്' (self-XSS vulnerability) മുതലാക്കിയാണ് ആക്രമണം നടന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. അതിന്റെ ഫലമായി അശ്ലീല-അക്രമദൃശ്യങ്ങളുടെ പ്രളയമാണ് സൈറ്റിലുണ്ടായത്.

പോസ്റ്റുചെയ്യപ്പെട്ട ദൃശ്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നീക്കംചെയ്യാന്‍ എന്‍ജിനിയര്‍മാര്‍ക്ക് കഴിഞ്ഞതായി ഫെയ്‌സ്ബുക്ക് വക്താവ് ഫ്രെഡറിക് വോലെന്‍സ് അറിയിച്ചു. അതേസമയം, ഒറ്റ യൂസര്‍ അക്കൗണ്ടും ഈ ആക്രമണത്തില്‍ ഭേദിക്കപ്പെട്ടിട്ടില്ല.

ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ യൂസര്‍മാര്‍ ചില മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. നമുക്ക് അറിയാത്ത ഏതെങ്കിലും കോഡ് കോപ്പി ചെയ്ത് ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ ഒരിക്കലും പേസ്റ്റ് ചെയ്യരുത് എന്നതാണ് ഏറ്റവും പ്രധാനം.

ബ്രൗസറുകളുടെ പുതിയ വേര്‍ഷനുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. സംശയകരമായ സംഗതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ലിങ്ക് ഉപയോഗിച്ച് ഫെയ്‌സ്ബുക്കിനെ അറിയിക്കുകയും ചെയ്യണം.

ബ്രൗസറിലെ തകരാര്‍ മുതലെടുത്താണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്, അല്ലാതെ ഫെയ്‌സ്ബുക്ക് സൈറ്റിലെ എന്തെങ്കിലും പ്രശ്‌നം മൂലമല്ല. അതിനാല്‍, ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാന്‍ ഫെയ്‌സ്ബുക്കിന് പരിമിതികളുണ്ടെന്ന് സുരക്ഷാവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബ്രൗസറിലെ പിഴവുകള്‍ മുതലാക്കിയുള്ള ഇത്തരം ആക്രമണങ്ങള്‍ ഫെയ്‌സ്ബുക്കിന് മാത്രമല്ല, മറ്റ് സൈറ്റുകള്‍ക്കെതിരെയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഓണ്‍ലൈന്‍ സുരക്ഷാസ്ഥാപനമായ സോഫോസിലെ സീനിയര്‍ സുരക്ഷാ ഉപദേഷ്ടാവ് ചെസ്റ്റര്‍ വിസ്‌നീവിസ്‌കി കമ്പനിയുടെ ബ്ലോഗില്‍ മുന്നറിയിപ്പ് നല്‍കി.
TAGS:


Stories in this Section